2015 മേയ് 29, വെള്ളിയാഴ്‌ച

പൂമ്പാറ്റകൾ

വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ? വാസ്കോ ഡ ഗാമയോ മറ്റോ ആണോ? അങ്ങിനെ തോന്നാൻ കാരണമുണ്ട് . വരുന്ന വഴി എവിടെയും തങ്ങാതെ കപ്പലുമായി നേരെ കോഴിക്കോട് കടപ്പുറത്ത് കാലു കുത്തിയ മനുഷ്യനാണ്. അയാൾ അതല്ല അതിനപ്പുറവും പറയും എന്ന് എനിക്ക് തോന്നി. ഏതായാലും, എൻറ്റെ കാര്യത്തിലും വരാനുള്ളത് എവിടെയും തങ്ങാതെ നേരെയിങ്ങു വന്നു.


കഴിഞ്ഞ മൂന്നാഴ്ചയായി ശനി ഞായർ ദിവസങ്ങളിൽ പോലും ഒരൊഴിവില്ല. "ഫുൾടൈം ബിസി" എന്നൊക്കെ പറയാറില്ലേ? ആ ഒരു അവസ്ഥ! ആഴ്ചയിൽ ആകെ ആ രണ്ടു ദിവസങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഉച്ചയുറക്കം ഇപ്പോൾ സാധിക്കുന്നേയില്ല. എപ്പോഴെങ്കിലുമാണ് ഒരു പുസ്തകമൊക്കെ വായിച്ചിരുന്നത്. ഇപ്പോഴാണെങ്കിൽ അതുമില്ല. പത്ര വായനക്ക് തന്നെ സമയം കിട്ടുന്നില്ല, പിന്നെയാണ് 'പുത്തകം'!


എന്താ കാര്യം എന്നല്ലേ? പറയാം....


പക്ഷെ അതിനു മുൻപ് നിങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. രണ്ടര കൊല്ലമായി എന്റെ മൂന്നാമത്തെ കുട്ടി ജനിച്ചിട്ട്‌. ആണ്‍കുട്ടിയാണ്. ഈ രണ്ടര കൊല്ലത്തിനിടയിൽ അവൻറ്റെ ഒരു ആഗ്രഹങ്ങൾക്കും ഞാൻ എതിരു നിന്നിട്ടില്ല. എന്നു മാത്രമല്ല, അവൻറ്റെ ദൈനംദിന കാര്യങ്ങളിലൊന്നും എന്തെങ്കിലും നിർബന്ധം പിടിക്കുകയോ ഇടപെടുകയോ പോലും ചെയ്തിട്ടില്ല. അവന് ഇഷ്ടമുള്ളപ്പോൾ ഭക്ഷണം കഴിക്കാം,വേണമെങ്കിൽ കുളിക്കാം, തോന്നുമ്പോൾ മൂത്രമൊഴിക്കാം. പുതിയ തലമുറയെ ശരിക്ക് മനസ്സിലാക്കിയ “ഡാഡ്” എന്ന നിലയിൽ വളരെ പുരോഗമനപരമായ നിലപാടാണ് ഞാനെടുത്തിട്ടുള്ളത്. പിന്നെ എൻറ്റെ ഭാര്യ അവൻറ്റെ കാര്യങ്ങളിൽ ഇടപെടുകയോ സഹായിക്കുകയോ ചെയ്യുന്നതിൽ എനിക്ക് എതിർപ്പുമില്ല! അത് അവളുടെ ഇഷ്ടം. അതിലൊക്കെ ഇടപെട്ടു ഒരു മൂരാച്ചി ഭർത്താവ് എന്ന് പേര് സമ്പാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.


കാര്യങ്ങളുടെ ഒരു കിടപ്പുവശം ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണുമല്ലോ? പിന്നെ ഒരു കാര്യം മാത്രമാണ് ഞാൻ നേരിട്ടിടപെട്ടു ചെയ്യുന്നത്. അത് കുട്ടികളെ ഉറക്കുക എന്ന പ്രധാനപ്പെട്ട കാര്യമാണ്. സത്യത്തിൽ ആ പണിയും ഒരു കാലത്ത് ഭാര്യ കയ്യടക്കി വച്ചിരിക്കുകയായിരുന്നു. രാത്രി ബാലരമയും പൂമ്പാറ്റയും നഴ്സറി റൈംസ് പുസ്തകവുമൊക്കെ ആയി ഭാര്യ കുട്ടികളെയും കൂട്ടി കിടക്കും. ഒരു രണ്ടു പേജു കഴിയുമ്പോഴേക്കും ചെറിയ കൂർക്കംവലി കേൾക്കാം. കുട്ടികളുടെ അല്ല കേട്ടോ. ഭാര്യയുടെ കൂർക്കം വലിയാണ്. കുട്ടികൾ കണ്ണും മിഴിച്ചു "ഇനി എന്ത്?" എന്ന അവസ്ഥയിൽ കിടക്കുന്നുണ്ടാവും.


ഞാൻ കിടക്കയുടെ ഒരറ്റത്ത് നിന്ന് "ലൈറ്റ് ഓഫാക്ക്!", "കുട്ടികളെ ഉറക്ക്" എന്നൊക്കെ ആജ്ഞ പുറപ്പെടുവിക്കും. എൻറ്റെ ഭാര്യക്ക് ഒരു സ്വഭാവമുണ്ട്. ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ ഞാൻ പറഞ്ഞതൊന്നും അനുസരിക്കില്ല. പിന്നെ ഞാൻ തന്നെ കുട്ടികളെ ഭീഷണിപ്പെടുത്തി ഉറക്കാൻ ശ്രമിക്കും. എന്തു കാര്യം? അവർ ഉറങ്ങുമ്പോഴേക്കും പിന്നെയും മണിക്കൂർ ഒന്നോ രണ്ടോ കഴിയും.


ചുരുക്കത്തിൽ, കുട്ടികളെ ഉറക്കുക എന്ന പണി "പ്രൊഫഷണൽ" ആയി ചെയ്യേണ്ടതാണെന്നു എനിക്ക് മനസ്സിലായി. അത് കൊണ്ടു അത് ഞാൻ തന്നെ ഏറ്റെടുത്തു, അതിനുള്ള തെയ്യാറെടുപ്പുകൾ ചെയ്തു. ഒന്നാമതായി പാട്ട് പരിശീലിച്ചു തുടങ്ങി. കഴിഞ്ഞ ഒരഞ്ചു വർഷമായി പാട്ട് പരിശീലനം ഉണ്ട്. അഞ്ചു വർഷമായി ഒരേ പാട്ട് തന്നെയാണു പരിശീലിക്കുന്നതു. ഇപ്പൊ വരികളൊക്കെ കാണാതെ പഠിച്ചു. ഇനി പാട്ടിന്റെ രീതി ഒന്ന് ശരിയാക്കണം. പരിശീലനം രാത്രി കിടക്കയിൽ കിടന്നു തന്നെയാണു. “ഓണ്‍ ജോബ്‌ ട്രെയിനിംഗ്” എന്ന് കേട്ടിട്ടില്ലേ?


ഇനി കുട്ടികൾക്ക് പാട്ട് വേണ്ട എന്നാണെങ്കിൽ കഥകൾ പറഞ്ഞു കൊടുക്കും. ആമയും മുയലും കഥയാണ് ഏറ്റവും ഇഷ്ടം. കുട്ടികൾക്കല്ല, എനിക്ക്. ഇത്ര അടിപൊളി "ട്വിസ്റ്റ്‌" ഉള്ള കുട്ടിക്കഥ വേറെയുണ്ടോ? ആ കഥ ഞാനങ്ങനെ നീട്ടി നീട്ടി പറയും. മുയൽ മരത്തണലിൽ കിടന്നുറങ്ങുന്ന ഭാഗം എത്തുമ്പോഴേക്കും ഒരുത്തൻ വെടി തീർന്നിട്ടുണ്ടാവും. ബോറടി കാരണം ആണെന്ന് കുബുദ്ധികൾക്കു തോന്നും. അതൊന്നുമാവില്ല. ഏതായാലും കുട്ടികൾക്ക് ആ കഥയുടെ ക്ലൈമാക്സ് ശരിക്കു പിടി കിട്ടിയിട്ടുണ്ടോ എന്നെനിക്ക് ചെറിയ സംശയം ഉണ്ട്. ഇപ്പൊ പിടിച്ചു നിർത്തി “ആമയാണൊ മുയലാണൊ പന്തയം ജയിച്ചത്‌?” എന്ന് ചോദിച്ചാൽ "ബ്ബ ബ്ബ ബ്ബ" അടിക്കും രണ്ടു പേരും.


ഇങ്ങനെ കാര്യങ്ങൾ തട്ടീം മുട്ടീം പോകുന്ന സമയത്താണു ഞാൻ എൻറ്റെ ഒരു പഴയ സുഹൃത്തുമായി വളരെ അവിചാരിതമായി കണ്ടുമുട്ടിയത്‌. പിന്നീട് ഒരാഴ്ചയോളം സമയം കിട്ടുമ്പോഴൊക്കെ കാണും, സംസാരിക്കും, പഴയ കഥകൾ പറയും. ആ ഒരാഴ്ച ഞാൻ വളരെ സന്തോഷത്തിലായിരുന്നതു കൊണ്ടാവാം ചുറ്റുമുള്ളതെല്ലാം "സൂപ്പർ" എന്ന ഒരു അവസ്ഥ. ആ സമയത്ത്, ചെക്കന്മാർ രണ്ടു പേരും വളരെ സുന്ദരൻമാരും സൽസ്വഭാവികളും ബുദ്ധിമാൻമാരും ആയി കാണപ്പെട്ടു. അവരുടെ വികൃതികൾ ഒക്കെ "കുട്ടികളല്ലേ!" എന്ന് പറഞ്ഞു എഴുതിത്തള്ളി. കൂടുതൽ സമയം കുട്ടികളുമായി ചിലവഴിക്കുകയും കൂടിയായപ്പോൾ പൂർത്തിയായി!


എൻറ്റെ ഈ മാറ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു, രണ്ടര വയസ്സുള്ള ചെറിയ മോൻ ആളാകെ മാറി. അവൻ എപ്പോഴും എന്റ്റെ വാലിൽ തൂങ്ങി നടക്കാൻ തുടങ്ങി. ഞാൻ എങ്ങോട്ട് പോയാലും അവനുമുണ്ടു കൂടെ. കുളിക്കാൻ കേറിയാലും അവനുണ്ട് പിന്നാലെ. ഇത്രേം മാത്രം ആയിരുന്നെങ്കിൽ വലിയ കുഴപ്പമില്ലായിരുന്നു. അവനു പിന്നെ എല്ലാത്തിനും ഞാൻ വേണം എന്നായപ്പൊഴാണു, കളി കാര്യമായതു..
കാര്യം മനസ്സിലാവാൻ ഒരു സംഭവം പറയാം.
എൻറ്റെ ഭാര്യയും മോനും തമ്മിലുള്ള ഒരു കുശല പ്രശ്നം ആണ്:


മുന്നൂ... മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടോ?
ഉം ....
എന്നാ വാ മൂത്രമൊഴിക്കാം .... ഞാൻ കൊണ്ടോവാം ....
ഉപ്പ മതി!
ഉപ്പ തിരക്കിലാണ് .....ഞാൻ മൂത്രമൊഴിപ്പിക്കാം......
ഉപ്പ മതീീീീ ..........(ഉറക്കെ നീട്ടിയുള്ള വിളിയാണ്)


ഭാര്യ എൻറ്റെ മുഖത്ത് നോക്കും. ഞാൻ വേറെ നിവൃത്തിയില്ലാതെ അവനെയും പൊക്കി ബാത്ത്റൂമിലേക്ക്‌.....


അങ്ങനെ അവനെ മൂത്രമൊഴിപ്പിക്കൽ, അപ്പിയിടീക്കാൻ ഇരുത്തൽ, മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങൾക്കു ശേഷം കഴുകി കൊടുക്കൽ, രാവിലെ എഴുന്നേറ്റ ഉടനെ പത്തു പതിനഞ്ചു മിനിറ്റ് എടുത്തു നടക്കൽ, പല്ലു തേപ്പിക്കൽ, കുളിപ്പിക്കൽ, ചോക്ലേറ്റ് - ലോലിപോപ്പ് കവറുകൾ പൊളിച്ചു കൊടുക്കൽ, എവിടെ പുറത്തു പോകുമ്പോഴും കാറിൽ കയറ്റി കൊണ്ടു പോകൽ, വീട്ടിലുള്ളപ്പോൾ ആനയായി പുറത്തു കയറ്റി നടക്കൽ, ഉപ്പുംചാക്ക് ആയി കൊണ്ടു നടക്കൽ.... ഇങ്ങനെ അവൻറ്റെ സകലഗുലാദി ആവശ്യങ്ങളും ഞാൻ തന്നെ ചെയ്യണം എന്നായി. വേറെ ആര് ചെയ്യാനും സമ്മതിക്കില്ല . ഭക്ഷണം കൊടുക്കുക എന്ന അതിലളിതമായ കാര്യം മാത്രമായി ഭാര്യയുടെ ജോലി.


സത്യം പറയാമല്ലോ, അന്നത്തെ എൻറ്റെ അവസ്ഥയിൽ അതിലൊന്നും വലിയ കുഴപ്പം ഉള്ളതായി തോന്നിയില്ല. ഞാനും അത് നന്നായി ആസ്വദിച്ചു ചെയ്തു.


അങ്ങനെയിരിക്കെ, സുഹൃത്ത്, പിന്നെക്കാണാം എന്ന് പറഞ്ഞു പൊടിയും തട്ടി സ്ഥലം വിട്ടു. ഇപ്പൊ പഴയ കഥകളുമില്ല നൊസ്റ്റൾജിയയുമില്ല ഒരു മാങ്ങാത്തൊലിയും ഇല്ല. ഞാൻ പഴയ ഞാൻ തന്നെ ആയി. കാര്യമായ ക്ഷമയൊന്നും ഇപ്പോൾ വരുന്നില്ല. ഇതൊന്നും മോന് ബാധകമല്ലല്ലോ! അവൻ അവൻറ്റെ നിർബന്ധങ്ങൾ പഴയ പോലെ തുടർന്നു പോന്നു, ഇപ്പോഴും തുടരുന്നു. വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടു തൽകാലം ഇങ്ങനെ പോട്ടെ എന്ന് കരുതി ഇരിക്കുകയാണ് ഞാൻ.  


ഇപ്പൊ മനസ്സിലായോ എന്താ ശനി ഞായർ ദിവസങ്ങളിൽ "ബിസി" ബെലെ ബാത്ത് ആയതു എന്ന്? ശനി ഞായർ മാത്രമല്ല, മറ്റു ദിവസങ്ങളിലും രാവിലെയും വൈകീട്ടും ഇതു തന്നെ അവസ്ഥ.


“വരാനുള്ളത് വഴിയിൽ തങ്ങില്ല” എന്നു പറഞ്ഞാൽ പോര. "വരാനുള്ളത് വെളുപ്പിനേ എത്തും" എന്നു പറയാനാണ് തോന്നുന്നത്.


വാൽക്കഷ്ണം:
“ബട്ടർഫ്ലൈ ഇഫക്റ്റ്” എന്ന ഒരു പ്രതിഭാസം ഉണ്ട്. ഒരു തിയറി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. വളരെ ചെറുത്‌ എന്ന് തോന്നുന്ന സംഭവങ്ങൾ, വലിയ ചില മാറ്റങ്ങൾക്കു കാരണമാവും എന്നതാണു അതിൻറ്റെ രത്നചുരുക്കം. ലോകത്തിൻറ്റെ ഒരു കോണിൽ, ഒരു പൂമ്പാറ്റയുടെ ചിറകടി അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ചെറിയ മാറ്റങ്ങൾ, മറ്റൊരു കോണിൽ, ഒരു ചുഴലിക്കാറ്റിൻറ്റെ ഗതി മാറ്റാനോ ആ ചുഴലിക്കാറ്റ് തന്നെ ഇല്ലാതായി പോകാനോ കാരണമായേക്കാം എന്ന ആശയത്തിൽ നിന്നാണു ആ പേര് വന്നത്.


ജീവിതത്തിൽ കഴിഞ്ഞു പോയതെല്ലാം പൂമ്പാറ്റകളുടെ ചിറകടികൾ ആയിട്ടാണ് ഞാൻ കരുതുന്നത്. അതൊക്കെ കാരണം പല കൊടുങ്കാറ്റുകളും പേമാരികളും വഴിമാറിപ്പോകുകയോ ഓർക്കാൻ സുഖമുള്ള നനുത്ത ചാറ്റൽ മഴകളായി രൂപാന്തരപ്പെടുകയോ ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ചിറകടികളോടോ പൂമ്പാറ്റകളോടോ പരിഭവമില്ല.


എന്തായാലും ഒരു ഗുണം ഉണ്ടായി. എന്തു വാശിയായാലും കരച്ചിലായാലും മോനെ ഞാനൊന്ന് എടുത്തു തോളിൽ കിടത്തിയാൽ അതൊക്കെ നിൽക്കും എന്ന ഒരു അവസ്ഥയായി. പലപ്പോഴും ഞാൻ അവനെയാണോ അവൻ എന്നെയാണോ ആശ്വസിപ്പിക്കുന്നത് എന്ന ഒരു സംശയമേ ഉള്ളൂ.


വാലറ്റം:
ഈ അങ്കമൊക്കെ വീട്ടിൽ നടന്നിട്ടും എൻറ്റെ ഭാര്യ, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിലാണ്. ഞാനീ  കഷ്ടപ്പെടുന്നത് ഒന്നും അവൾ കാണുന്നില്ലേ? അതോ ഇതൊന്നും ഒരു വലിയ കഷ്ടപ്പാടല്ല എന്ന നിലപാടാണോ? എനിക്കറിയാം, പുള്ളിക്കാരി ഉള്ളിൽ വളരെ ഹാപ്പി ആയിരിക്കും. എനിക്കിട്ടൊരു പണിയും കിട്ടി, അവളുടെ പണി കുറഞ്ഞും കിട്ടി!


ഇത്രയും പറഞ്ഞപ്പോൾ എനിക്കൊരു സംശയം ... ഇനി ഇത് വല്ല ഗൂഢാലോചനയുടേയും ഭാഗമാണോ? എന്തെങ്കിലും വിദേശ ഇടപെടലുകളോ മറ്റോ ഉണ്ടോ എന്ന് കൂടി സംശയിക്കുന്നതാണു പുതിയ ട്രെൻഡ്.

ഒന്നും ഞാൻ തള്ളിക്കളയുന്നില്ല.

ഐ ഹാവ് മൈ ഓണ്‍ ഡൌട്ട്സ്!!