2016 മാർച്ച് 26, ശനിയാഴ്‌ച

ഉപ്പയെക്കുറിച്ച് ഒരു കത്ത്


എടോ സുഹൃത്തേ,
    കുറേ നാളായി നിൻറ്റെ കത്തോ കുറിപ്പോ കണ്ടിട്ട്. മടി കൊണ്ടാവും എഴുതാത്തത് അല്ലേ?.... അതോ കത്തെഴുതി നീയും അതിനു മറുപടിയെഴുതി ഞാനും സമയം കളയണ്ടാ എന്ന് കരുതിയാണോ? കൂട്ടുകാരന് ബുദ്ധിമുട്ടും ശല്യവുമാവണ്ട എന്ന് കരുതി "മാറി" നിൽക്കുന്നതും നല്ലത് തന്നെ. ആർക്കു മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും.

എൻറ്റെ ഉപ്പയെക്കുറിച്ച് എഴുതാം എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ. ഇപ്പോഴാണ് സമയം ഒത്തു വന്നത്. നിൻറ്റെ ജേഷ്ഠൻറ്റേതുമായി ചില സമാനതകൾ ഉപ്പാടെ ജീവിതത്തിനുണ്ട് എന്നും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ? രണ്ടും രണ്ട് തലമുറയാണ്. എന്നാലും ചില സാമ്യങ്ങൾ ഉള്ളത് രസകരം തന്നെ.

മുഹമ്മദ്‌ എന്നാണ് എൻറ്റെ ഉപ്പാടെ പേര്. കോടനാട് എന്ന സ്ഥലത്താണ് ഉപ്പ ജനിച്ചതും വളർന്നതും. പാലക്കാട് ജില്ലയിലെ കൂറ്റനാടിനും തൃത്താലക്കും ഇടക്കുള്ള സ്ഥലമാണ് കോടനാട്. സൂര്യൻ ഉദിക്കാത്ത നാട് എന്ന് വേണമെങ്കിൽ ഇന്നും വിളിക്കാവുന്ന ഒരു തനി നാട്ടിൻപുറം. ഉപ്പാടെ ഉപ്പ, അതായത് എൻറ്റെ വെല്ലിപ്പ, നാട്ടിലെ ഒരു ചെറുകിട മരക്കച്ചവടക്കാരനായിരുന്നു. വീട്ടിൽ വെല്ലിമ്മയുണ്ട്, പിന്നെ നാല് ആൺമക്കളും മൂന്നു പെൺമക്കളും. ജേഷ്ഠന്മാർ ആരും അധികനാൾ സ്കൂളിൽ പഠിച്ചിട്ടില്ല. സ്കൂളിൽ പോയിട്ട് തന്നെ ഉണ്ടോ സംശയം. പക്ഷേ, ഉപ്പ എങ്ങനെയോ സ്കൂളിൽ ചേർന്ന് പഠിച്ചു. തൃത്താല എന്ന സ്ഥലത്ത് ഭാരതപ്പുഴയുടെ തീരത്താണ് സ്കൂൾ. കോടനാട് നിന്ന് അഞ്ചു കിലോമീറ്റർ നടക്കണം. ഒരു പഴയ സൈക്കിൾ ടയർ എടുത്തു ഉരുട്ടി നടന്നാൽ ദൂരം ഒന്നും പ്രശ്നമായിരുന്നില്ല എന്ന് ഉപ്പ പറയും. 

സ്കൂളിൽ പോകുന്നുണ്ടോ എന്നൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. നാലാം ക്ലാസ്സിൽ വച്ച് ഉപ്പ സ്കൂളിൽ പോക്ക് നിർത്തി. പ്രത്യേകിച്ച് കാരണമൊന്നുമില്ല. അക്കാലത്തെ കൂട്ടുകാരൊന്നും സ്കൂളിൽ പോകുന്നവരായിരുന്നില്ല; ഒരു പക്ഷേ അതാവാം കാരണം. ഉപ്പാടെ വീടിനടുത്താണ് പുല്ലാനിക്കാവ് അമ്പലം. അമ്പലത്തിലെ പൂരത്തിന് ഉപ്പയും കൂട്ടുകാരനും കൂടി കടലക്കച്ചവടം ചെയ്തു. പൂരപ്പറമ്പിൽ കടല വിറ്റു നടന്നിരുന്ന ഉപ്പയെ ഇക്കാക (മൂത്ത ജേഷ്ഠൻ ചേക്കുട്ടി) കയ്യോടെ പിടിക്കുകയും സ്കൂളിൽ കൊണ്ടാക്കുകയും ചെയ്തു. അങ്ങനെയാണ് ഉപ്പ പഠിത്തം തുടർന്നത്.

പൊതുവേ നന്നായി പഠിക്കുമായിരുന്നു ഉപ്പ. പിന്നെ നാടകം പ്രസംഗം കയ്യെഴുത്ത് മാസിക എൻ സി സി പ്രവർത്തനം തുടങ്ങിയ പരിപാടികളും. കൂട്ടുകാർക്കും കുറവുണ്ടായിരുന്നില്ല. ഒറ്റത്തവണ പരിചയപ്പെട്ടാൽ മതി അവരുടെ സമ്മതമൊന്നും കൂടാതെ തന്നെ ഉപ്പാടെ കൂട്ടുകാരനായിട്ടുണ്ടാവും. അന്നത്തെ മാഷുമാരായി നല്ല ബന്ധം ഉണ്ടായിരുന്നു. ആ ബന്ധങ്ങൾ പിന്നീടും സൂക്ഷിച്ചിരുന്നു. ഇന്നും സൂക്ഷിക്കുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ് തൃശ്ശൂർ കേരളവർമ്മയിൽ പ്രീഡിഗ്രി പഠനം.

പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം. കൊച്ചിയിൽ വച്ച് നടന്ന ഒരു റിക്രൂട്ട്മെൻറ്റ് ക്യാമ്പിൽ വച്ച് ഉപ്പാക്ക് നേവിയിൽ സെലക്ഷൻ കിട്ടി. നേവിയിൽ ചേരാനുള്ള യാത്രക്കുള്ള പണം കയ്യിൽ ഇല്ലായിരുന്നു.  അന്ന് വെല്ലിപ്പാക്ക് തൃശ്ശൂരും ചാവക്കാടും ഉള്ള രാജാ ടിമ്പേർസുമായി ചില കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു. ത്യശൂരിലെ രാജാ ടിമ്പേർസിലെ സൂപ്പർവൈസർ ആയിരുന്നു അന്തിക്കാട്ടുകാരനായ ആലിക്ക എന്ന  പി പി ആലി. വെല്ലിപ്പ ആലിക്കാട് പണം ചോദിച്ചു. ആലിക്ക പണം കൊടുത്തില്ല എന്ന് മാത്രമല്ല, ഉപ്പയെ ഇനിയും പഠിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആലിക്കാടെ നിർബന്ധത്തിൽ ഉപ്പ പാലക്കാട് എൻ എസ് എസ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിനു ചേർന്നു. മെക്കാനിക്കൽ പഠിച്ചാലായിരുന്നു അന്ന് ജോലി കൂടുതൽ സാധ്യത. അന്ന് ബി എസ് സി എഞ്ചിനീയറിങ്ങ് എന്നാണ് കോഴ്സിൻറ്റെ പേര്. 

പാലക്കാട് കോളേജിനടുത്ത് നിരപ്പലകയിട്ട ഒരു പീടിക മുറിയിലായിരുന്നു ഉപ്പ താമസിച്ചിരുന്നത്. എൻജിനീയറിംഗ് കോളേജിലെ കൂട്ടുകാർ ഉപ്പയെ, ആശാൻ എന്നാണ് വിളിച്ചിരുന്നത്‌. ഒരു നാടകത്തിൽ 'ആശാൻ' എന്ന കഥാപാത്രമായി അഭിനയിച്ചതോടെയാണത്രേ ആ പേര് സ്ഥിരമായത്.

എൻജിനീയറിംഗ് കഴിഞ്ഞപ്പോൾ വിചാരിച്ച പോലെയല്ലായിരുന്നു കാര്യങ്ങൾ. മെക്കാനിക്കൽ പഠിച്ചവർക്ക് ജോലി കിട്ടാൻ വഴിയൊന്നും ഇല്ല. 1967 മറ്റോ ആയിരിക്കണം കൊല്ലം. അങ്ങനെ ഉപ്പ ജോലി അന്വേഷിച്ചു ബോംബെയിലേക്ക് പോയി. പക്ഷേ, ആറു മാസം ബോംബെയിൽ നിന്നിട്ടും ജോലി ഒന്നും കിട്ടിയില്ല. അന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ബോംബെയിൽ നിന്നായിരുന്നു പ്രധാനമായും ആളുകൾ പോയിക്കൊണ്ടിരുന്നത്. ഉപ്പാക്ക്  പാസ്പോർട്ടു പോലും ഇല്ലാത്തത് കൊണ്ട് ആ വഴിക്ക് ശ്രമിച്ചിരുന്നില്ല.

    ജോലി അന്വേഷിച്ചു വന്ന ഒരുപാടാളുകൾ ഉപ്പ താമസിച്ചിരുന്ന ലോഡ്ജിൽ ഉണ്ടായിരുന്നു. അതിൽപെട്ട ഒരു മഹാരാഷ്ട്രക്കാരൻ ഉപ്പയേയും കൂട്ടി ഒരിക്കൽ ഒരു എജൻറ്റിനെ കാണാൻ പോയി. ബോംബെയിലെ അന്നത്തെ ഒരു 'ഗഫൂർക്ക' ആയിരുന്നു ആ എജൻറ്റ്. ഗൾഫിലേക്ക് ആളുകളെ ചരക്കു കപ്പലിൽ 'കയറ്റുമതി'ചെയ്യലാണ് പണി. അഞ്ഞൂറ് രൂപ കൊടുത്താൽ ഗൾഫിലെത്തിക്കാം എന്നയാൾ പറഞ്ഞു. കുറേ ആലോചനകൾക്കും, കുറേ ദിവസങ്ങൾക്കും, പണമുണ്ടാക്കാനുള്ള കുറെയേറെ തത്രപ്പാടുകൾക്കും ശേഷം അവർ അഞ്ഞൂറു രൂപ വീതം 'ഗഫൂർക്ക'യെ ഏൽപ്പിച്ചു. കയറിപ്പോകാൻ പറ്റിയ കപ്പൽ കിട്ടിയാൽ അയാൾ അറിയിക്കും. അത് വരെ കാത്തിരിക്കണം.

കുറച്ചു നാളുകൾ അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം എജൻറ്റിൻറ്റെ അറിയിപ്പ് വന്നു : ഇന്ന് രാത്രി തയാറാവണം. അങ്ങനെ അവർ ലോഡ്ജ് മുറി ഒഴിഞ്ഞ് ബാഗുമെടുത്ത് പോകാൻ റെഡിയായി. അന്ന് രാത്രി ഒരു
ചെറിയ ബോട്ടിൽ പുറം കടലിലുള്ള കപ്പലിൽ അവരെ എജൻറ്റ് എത്തിച്ചു. അവരെപ്പോലെ പത്തു മുപ്പതോളം ആളുകൾ ഉണ്ടായിരുന്നു അന്നത്തെയാ 'ലോഞ്ച് യാത്രക്ക്'.

വിശദമായി എഴുതുന്നില്ല. ആറു ദിവസത്തെ യാത്രക്ക് ശേഷം കപ്പൽ പേർഷ്യൻ ഗൾഫിൽ എത്തി ("ആ കാണുന്നതാണ് ദുബായ് കടപ്പുറം" എന്ന് കപ്പിത്താൻ പറഞ്ഞു കാണുമോ എന്തോ). അന്ന് രാത്രിയായപ്പോൾ, ചെറിയ ബോട്ടുകളിലും വഞ്ചികളിലുമായി ആ മുപ്പത് പേരും കരക്കെത്തി. റാസൽഖൈമയുടെ ഏതോ ഒരു കടൽതീരത്താണ് അവർ ചെന്നിറങ്ങുന്നത്. ഒരു തരി വെളിച്ചം പോലും എങ്ങും ഇല്ല. കനത്ത ഇരുട്ട് മാത്രം.
 
പക്ഷെ, ഇറങ്ങിയ പാടെ എല്ലാവരും കടൽതീരത്ത് പട്രോളിംഗ് നടത്തുന്ന പോലീസിൻറ്റെ കയ്യിൽ ചെന്ന് പെട്ടു. കടൽത്തീരം മുഴുവൻ ഇരുട്ടാണെങ്കിലും, അന്നത്തെ പോലീസിൻറ്റെ കയ്യിൽ ചില ചെപ്പടി വിദ്യകൾ ഉണ്ടായിരുന്നത്രേ. പൂത്തിരി പോലെയുള്ള ഒരു സാധനം ഒരു പ്രത്യേക ഒരു തോക്കിൽ വച്ച് മുകളിലേക്ക് ഒറ്റ വെടിയാണ്. അത് താഴേക്ക് വരുമ്പോൾ ഒരു നിശ്ചിത ഉയരത്തിലെത്തിയാൽ പൊട്ടും. പൂത്തിരി പോലെയോ അല്ലെങ്കിൽ മത്താപ്പൂ പോലേയോ ഉള്ള കത്തൽ. കുറച്ചു നേരത്തേക്ക്കടൽത്തീരം മുഴുവൻ വെളിച്ചത്തിൽ കുളിക്കും. 

രാത്രി കുറേ നേരം പോലീസിന്റെ കസ്റ്റടിയിൽ കഴിഞ്ഞെങ്കിലും, നേരം വെളുക്കന്നതിനു മുൻപ് അധികം പ്രശ്നമുണ്ടാക്കാൻ നിൽക്കാതെ അവർ എല്ലാവരെയും വെറുതേ വിട്ടു. പാസ്പോർട്ടും വിസയും ഇല്ല  എന്നുള്ളതൊന്നും അന്ന് ഒരു പ്രശ്നമായിരുന്നില്ല. വല്ല കൊള്ളക്കാരോ കുഴപ്പക്കാരോ ആണോ എന്നേ അവർക്കറിയേണ്ടതുള്ളു. ജോലി അന്വേഷിച്ചു വന്നവരാണെന്നറിഞ്ഞപ്പോൾ എല്ലാവരേയും വിട്ടയച്ചു.

ചുരുക്കിപ്പറയാം.... അന്നു തന്നെ, മുപ്പതു പേരും അവിടെ നിന്ന് വഴി പിരിഞ്ഞു. ഉപ്പ പലരുടേയും സഹായത്തോടെ ദുബായിയിൽ എത്തി. പല ജോലികളിൽ കയറി. പിന്നീട് അബുദാബിയിൽ തരക്കേടില്ലാത്ത ജോലി കിട്ടി. മെക്കാനിക്കൽ എഞ്ചിനീയറുടെ ജോലി അല്ല. നല്ല ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയർ ജോലി ആയിരുന്നു. അതിൽ തന്നെ തുടരുകയും ചെയ്തു.

അങ്ങനെ കോടനാട് ഗ്രാമത്തിലെ ആദ്യ എൻജിനീയറായ ഉപ്പ, അവിടെ നിന്നുള്ള ആദ്യത്തെ ഗൾഫുകാരനുമായി. പാസ്പോർട്ടും വിസയുമൊക്കെ കുറച്ചു നാളുകൾക്കുള്ളിൽ ശരിയാക്കിയെടുത്തു. അധികം താമസിയാതെ സുന്ദരിയും സുശീലയും ആയ, ബിരിയാണി ഒഴികെയുള്ള വിഭവങ്ങളിൽ നല്ല പാചക നൈപുണ്യമുള്ള, നീന്തൽ തുടങ്ങിയ സുകുമാരകലകൾ അറിയുന്ന, ആയിടക്കു മാത്രം പത്താം ക്ലാസ്സ് തോറ്റ, ഏതാണ്ട് പത്ത് വർഷത്തോളം പ്രായ വ്യത്യാസമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു. രാജാ ടിമ്പേർസിലെ സൂപ്പർവൈസർ അന്തിക്കാട്ടുകാരനായ ആലിക്കാടെ മൂത്ത മകൾ മൈമൂനയായിരുന്നു ആ വധു.

എല്ലാ കാര്യങ്ങളും മാറും, മാറിമറിയും. മാറ്റമില്ലാത്തത് എന്താണുള്ളതീ ലോകത്ത്? ഋതുക്കൾ മാറുന്നത് പോലെ ആളുകളും അവസ്ഥകളും മാറും. ഉദാഹരണത്തിന്, ഈ മാസം ബാംഗ്ലൂരിൽ തണുപ്പുകാലം മാറി കടുത്ത ചൂടുകാലം വന്നു. എല്ലാം പെട്ടെന്നായിരുന്നു. മറ്റു വിശേഷങ്ങൾ പ്രത്യേകിച്ച് ഒന്നും പറയാനില്ല. സമയമൊരുപാടു വൈകി. നിർത്തട്ടെ.

കോളേജിൽ വച്ച് ചെയ്യാൻ പാടില്ലാത്ത 3 കാര്യങ്ങൾ



അനുഭവം ഗുരു എന്നാണല്ലോ! ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ നാലു വർഷം പലതും പഠിപ്പിച്ചു. ആ അനുഭവങ്ങളിൽ നിന്ന് പഠിച്ച മൂന്നു കാര്യങ്ങൾ.


1. സ്ത്രീസ്വാതന്ത്രത്തിൽ കൈകടത്തരുത്

    കോളേജിൽ ഒരു നേച്വർ ക്ളബ് ഉണ്ടായിരുന്നു. ശ്രീധർ സാറായിരുന്നു അത് തുടങ്ങിയതും അത് കൊണ്ടു നടന്നിരുന്നതും. ക്ലബിൻറ്റെ പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു എന്നൊന്നും എനിക്കോർമ്മ കിട്ടുന്നില്ല. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നേച്വർ ക്ളബിൻറ്റെ ഒരു മീറ്റിംഗുണ്ട് എന്ന് ഞാൻ കേട്ടിരുന്നു. എന്താണു സംഭവം എന്നറിയാൻ എപ്പോഴെങ്കിലും അതിൽ ഒന്ന് പങ്കെടുക്കണം എന്ന് മനസ്സിൽ കരുതുകയും ചെയ്തിരുന്നു.

    ഒന്നാമത്തെയോ രണ്ടാമത്തെയോ സെമസ്റ്റർ ആയിരിക്കണം. ഒരു വ്യാഴാഴ്ച ഞാനും മീറ്റിംഗിനു പോയി. AS/400 ലാബിൻറ്റെ ഭാഗത്തുള്ള ഒരു ക്ലാസ്സ് മുറിയിൽ വച്ചാണ് മീറ്റിംഗ് നടക്കുന്നത്. ഞാൻ ചെന്നു കയറുമ്പോൾ അവിടെ ഒരു ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഡിസ്കഷൻ ആണത്രേ. വിഷയം സ്ത്രീസ്വാതന്ത്രം. ആൺകുട്ടികളും പെൺകുട്ടികളുമായി മുറി ഏതാണ്ടു നിറഞ്ഞിരിക്കുന്നു. ശ്രീധർ സാർ തന്നെയാണ് ചർച്ചക്കും നേതൃത്വം. ചിലർ ഇംഗ്ലീഷിൽ പറയുന്നു, ചിലർ മലയാളത്തിലും. ആകെ മൊത്തം രസമുണ്ട്. വെറുതേ കേൾക്കുക മാത്രം എന്ന ഉദ്ദേശ്യത്തിൽ ഞാനും ഇരുന്നു.

    മുറിയിൽ ചർച്ച മുറുകി. വിവാഹവും കുടുംബവുമൊക്കെ സ്ത്രീകളെ വീട്ടിൽ തളച്ചിടുന്നു, അവർക്ക്‌ ഉയരാനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന അർത്ഥത്തിൽ ആരൊക്കെയോ സംസാരിച്ചു. പുരോഗമന ചിന്താഗതി ആണല്ലോ എന്ന് കരുതിയാവാം ആരും എതിർത്തൊന്നും പറയുന്നില്ല. ആ വിഷയത്തിൽ ചിലത് പറയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി. ഒരവസരം കിട്ടിയപ്പോൾ ഞാൻ മൈക്ക് കൈയിലെടുത്തു (സത്യത്തിൽ അവിടെ മൈക്കൊന്നും ഉണ്ടായിരുന്നില്ല. ഞാൻ സംസാരിച്ചു തുടങ്ങി എന്നേ അർത്ഥമുള്ളു).

'ഇണകൾക്ക് വേണ്ടി നിരന്തരം മൽസരിച്ചും ചോരയൊഴുക്കിയും കൊന്നും കഴിഞ്ഞിരുന്ന കാടൻ ജീവിതത്തിൽ നിന്നുള്ള ഒരു മാറ്റമായിട്ടു വേണം വിവാഹത്തേയും കടുംബജീവിതത്തേയും കാണാൻ. പഴയ രീതിയിലേക്കുള്ള തിരിച്ചു പോക്ക് നമുക്ക് വേണോ? പിന്നെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ സൌകര്യത്തിന് വേണ്ടി ആണും പെണ്ണും പങ്കിട്ടെടുക്കുന്നു എന്ന് കരുതിയാൽ പോരേ? സാമ്പത്തികം സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ആണും, വീട് കുട്ടികൾ തുടങ്ങിയ കാര്യങ്ങൾ പെണ്ണും ഏറ്റെടുത്ത് ചെയ്യുന്നു. അത്രയല്ലേ അതിലുളളൂ? എല്ലാം ഒരേ പോലെ പ്രാധാന്യമുള്ള കാര്യങ്ങൾ തന്നെ’,ഇതൊക്കെയാണ് ഞാൻ പറഞ്ഞത്.

ചർച്ച മുന്നോട്ടു പോയി. അടുത്ത അവസരത്തിൽ മൈക്ക് കിട്ടിയപ്പോൾ (അതായത് സംസാരിച്ചു തുടങ്ങിയപ്പോൾ എന്നർത്ഥം; എന്നെക്കൊണ്ട് ഇത് വീണ്ടും വീണ്ടും പറയിപ്പിക്കരുത്), ഞാൻ പറഞ്ഞു 'ഇനി സ്ത്രീയുടെ ഉയർച്ചയുടെ കാര്യം. സ്ത്രീക്ക് അവരുടേതായ മേഖലകളിൽ ഉയരത്തിലെത്താൻ കഴിയും എന്നാണ് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത്. അവർ അതിന് ശ്രമിക്കുകയാണ് വേണ്ടത്, അല്ലാതെ പുരുഷനോട് മത്സരിക്കുകയല്ല. ഗാന്ധിജിയുടെ പ്രവർത്തനങ്ങളോളം തന്നെ പ്രാധാന്യം കൂടെ നിന്നും കുടുംബം നോക്കിയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത്, ഗാന്ധിജിക്ക് എല്ലാ പിന്തുണയും നല്കിയ കസ്തൂർബ ഗാന്ധിക്കും ഉണ്ടല്ലോ!'

ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞാൽ പിന്നെ പൊതുവേ ആരും എതിർക്കാറില്ലല്ലോ! അത് കൊണ്ടാവാം ആരും തിരിച്ചൊന്നും പറഞ്ഞില്ല.

അന്നത്തെ ചർച്ച കഴിഞ്ഞു പുറത്തിറങ്ങി നടക്കുമ്പോൾ എനിക്ക് അഭിമാനം തോന്നി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സഹപാഠികൾ ഡിബേറ്റുകളിൽ പങ്കെടുക്കുന്നത് നോക്കി നിന്ന് കണ്ടിട്ടേയുള്ളൂ. ഇതിപ്പോ ഒരു ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ഇനിയെന്ത് വേണം? അങ്ങനെ സ്വയം സന്തോഷിച്ചാണ് നടപ്പ്. അപ്പോൾ പിറകിൽ നിന്നാരോ വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ ക്ലാസ്സിലെ പരിചയമുള്ള പെൺകുട്ടിയാണ്. മീറ്റിംഗിൽ ഇരിക്കുന്നത് കണ്ടിരുന്നു. ഒപ്പം കൂട്ടുകാരികളും ഉണ്ട്.

"ഭയങ്കര ഡയലോഗായിരുന്നല്ലോ?", ആ കുട്ടിയുടെ ചോദ്യം.

"ഏയ് ... അങ്ങിനെയൊന്നുമില്ല. ഞാൻ എൻറ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം", കുറച്ചു വിനയം കാണിക്കണമല്ലോ.

"ഇയാൾ അവിടെ പറഞ്ഞതൊക്കെ ശരിക്കും ഇയാളുടെ അഭിപ്രായം തന്നെയാണോ?", ചെറിയൊരു അത്ഭുതത്തോടെയാണ് ചോദ്യം.

" അല്ലാതെ പിന്നെ? അതെന്താ അങ്ങനെ ചോദിച്ചത്?" ഞാൻ സംശയം പ്രകടിപ്പിച്ചു.

"ഏയ് ... ഒന്നുല്ല ....വളരെ നല്ല അഭിപ്രായങ്ങൾ..... ഇയാള് വല്ല ജാംബവാൻറ്റെ കാലത്തും ജനിക്കേണ്ടതായിരുന്നു"

ഞാനവളുടെ മുഖത്തേക്കു നോക്കി കുറച്ചു നേരം നിന്നു പോയി. തമാശയായിട്ട് പറയുകയാണോ? അതോ കാര്യമായിട്ടാണോ? ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഈ ജാംബവാൻ എന്ന കക്ഷി ആരാണെന്ന് എനിക്ക് വലിയ പിടിയില്ല. പക്ഷെ ‘ജാംബവാൻറ്റെ കാലത്ത്’ എന്ന് തൃശ്ശൂർക്കാർ പ്രയോഗിക്കുന്നത് എത്രയോ കേട്ടിരിക്കുന്നു. ‘ജാംബവാൻറ്റെ കാലത്തുള്ള വണ്ടി’ എന്ന് പറഞ്ഞാൽ വളരെ പഴയ വണ്ടി എന്നാണർത്ഥം.

അതായത്.... ഞാൻ ഒരു തനി പഴഞ്ചൻ കണ്ട്രി ഫെല്ലോ ആണെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എന്റെ അഭിമാനപൂരിതമാം അന്തരംഗത്തിൽ ഒരു ബക്കറ്റ് തണുത്ത വെള്ളം കോരി ഒഴിച്ച പോലെയുള്ള ഒരു കോരിത്തരിപ്പ്!

എതായാലും, പിന്നെ നേച്വർ ക്ളബിൻറ്റെ പരിസര പ്രദേശങ്ങളിലേക്കൊന്നും ഞാൻ പോയിട്ടില്ല. സ്ത്രീസ്വാതന്ത്രത്തിൽ കൈകടത്തിയിട്ടേയില്ല.

2. കോളേജ് ചെയർമാന് അലാം ക്ലോക്ക് നന്നാക്കാൻ കൊടുക്കരുത് 



കൊടുക്കരുത് ഒരിക്കലും കൊടുക്കരുത്. അല്ലെങ്കിൽ എനിക്ക് പറ്റിയ പോലെ നിങ്ങൾക്കും പറ്റും. അത്രേയുള്ളൂ... സംഭവം പറയാം.......

ഒന്നാം സെമസ്റ്ററിൽ ആണ് ഇത് നടക്കുന്നത്. എന്ന് പറഞ്ഞാൽ ചെങ്ങന്നൂർ കോളേജിൽ വന്നു കയറിയിട്ടേയുള്ളൂ എന്നർത്ഥം. ഞങ്ങൾ അങ്ങാടിക്കൽ അടുത്തുള്ള വയലിനോടു ചേർന്നുള്ള 'ബ്രദേഴ്സി'ൽ സുഖ ജീവിതം നയിച്ചു വരുന്നു. മുൻഭാഗത്ത് കോൺക്രീറ്റും പിന്നിൽ ഓടിൻറ്റെ മേൽക്കൂരയുമുള്ള വീട്. ഞാനും അഭിലാഷും ജിബുസാറും ഒരു മുറിയിലാണ്. വീടിൻറ്റെ പിന്നിലെ ഓടിട്ട ഭാഗത്തെ വലിയ മുറിയിൽ ആണ് ഞങ്ങൾ. മൂന്നു ചുമരിനോടു ചേർന്നും ഓരോ കട്ടിലുകൾ. വാതിലും രണ്ടു ജനാലകളും അടച്ചാൽ പിന്നെ ഉള്ളിൽ കൂരാകൂരിരുട്ടാണ്. അങ്ങനെ രാത്രി കിടന്നുറങ്ങിയാൽ പിന്നെ നേരം വെളുത്താലും അറിയില്ല.

എൻറ്റെ കയ്യിൽ ഒരു അലാം ക്ലോക്ക് ഉണ്ടായിരുന്നു. ചെങ്ങന്നൂർക്ക് വരുമ്പോൾ ഉമ്മ പുതുതായി വാങ്ങിച്ചു തന്നത്. അതിൽ ആറു മണിക്കു അലാം വച്ച് ഞാൻ കിടക്കും. കൃത്യസമയത്ത് ഉണരും. എന്നിട്ട് അലാം ഓഫാക്കി പിന്നെയും ഒരഞ്ചു മിനിറ്റ്കൂടി കിടക്കും. ആ അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും ഒരു ഏഴു മണി ആയിട്ടുണ്ടാവും. അപ്പോഴാണ്‌ ശരിക്കുള്ള എഴുന്നേൽക്കൽ. പിന്നെ കുളിയും തേവാരവും കഴിഞ്ഞു, മനോഹരമായ ബ്രേക്ഫാസ്റ്റ്. ഭക്ഷണം ഉണ്ടാക്കി തരാൻ പാചകക്കാരനുണ്ട്. ഭക്ഷണം കഴിഞ്ഞ്, യൂണിഫോമിട്ട് കുട്ടപ്പൻമാരായി എല്ലാവരും കൂടെ സൈക്കിളിൽ കോളേജിലേക്ക്. അങ്ങനെ കാര്യങ്ങൾ വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുമ്പോൾ . . . . . . . . .

ഒരു അവധി ദിവസം ഞാൻ എവിടെയോ പുറത്തു പോയിരുന്നു. വൈകുന്നേരം തിരിച്ചു വീട്ടിലെത്തി മുറിയിൽ കയറിയപ്പോൾ...... ഒന്ന് ഞെട്ടി. ജിബുസാറിൻറ്റെ കട്ടിലിൽ ഇരുന്നു അഭിലാഷ് എൻറ്റെ അലാം ക്ലോക്കിനെ കീറി മുറിച്ചു കൊണ്ടിരിക്കുന്നു. പണിയായുധങ്ങളായി രണ്ടോ മൂന്നോ സ്ക്രൂ ഡ്രൈവർ കാണുന്നുണ്ട്. ജിബുസാർ ആകാംഷാഭരിതനായ കാഴ്ചക്കാരൻറ്റേയും നിർബന്ധിതനായ സഹായിയുടേയും ഇരട്ട വേഷം തൻമയത്വത്തോടെ ചെയ്തു കൊണ്ടിരിക്കുന്നു.
എന്നെ കണ്ടപ്പോൾ അഭിലാഷ്:
"ഹ ഹ ഹ ഹ... നീ വന്നോ? "

ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല... പിന്നെ ചോദിച്ചു:
"എന്താ നിങ്ങള് ചെയ്യണത്?"

"ഇത് അലാം അടിക്കുന്നില്ലല്ലോ! അത് ശരിയാക്കിത്തരാം" അഭിലാഷിൻറ്റെ മറുപടി.

ശരിയാണ്. കുറച്ചു ദിവസമായി അലാം ക്ലോക്ക് ശരിക്കു പണി ചെയ്യുന്നില്ല. എന്ന് പറഞ്ഞാൽ ക്ലോക്ക് നടക്കുന്നുണ്ട്, സമയം കൃത്യമായി കാണിക്കുന്നുമുണ്ട്, പക്ഷെ അലാം അടിക്കുന്നില്ല എന്ന് മാത്രം. ഒരു തവണ ബാറ്ററി മാറ്റി നോക്കിയിട്ടും അത് ശരിയായിരുന്നില്ല.

"എടാ .. അഭിലാഷേ ... നിനക്ക് അതിനു ഇത് റിപ്പയർ ചെയ്യാൻ അറിയോ?" വീണ്ടും എൻറ്റെ ചോദ്യം.

"ശരിയാക്കി തന്നാ പോരെ? വേണമെങ്കിൽ മതി" കൂസലില്ലാതെ അഭിലാഷിൻറ്റെ മറുപടി. എന്നിട്ട് ക്ലോക്കിൻറ്റെ ഹൃദയമെന്ന് തോന്നിയ ഒരു ഭാഗം പുറത്തെടുത്തു കട്ടിലിൽ വെക്കുകയും ചെയ്തു.

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. മിണ്ടിയിട്ടും വലിയ കാര്യം ഉണ്ട് എന്ന് തോന്നിയില്ല. ക്ലോക്കിൻറ്റെ ചക്രങ്ങളടക്കം പലതും പുറത്തേക്ക് വന്നു കൊണ്ടിരിന്നു. ഞാൻ ഷർട്ടൂരി ചുമരിലെ കൊളുത്തിൽ തൂക്കി. ഒന്നു കുളിക്കണം. പക്ഷേ, ഒരു ലുങ്കിയെടുത്തുടുത്ത് ഞാൻ കട്ടിലിൽ ഒന്നും മിണ്ടാതെ ഇരുന്നു.

എൻറ്റെ ദയനീയ ഭാവം കണ്ടിട്ടായിരിക്കണം, അഭിലാഷ് വീണ്ടും:
"മിറാജേ........നീ ധൈര്യമായിട്ടിരി.....ഞാൻ റേഡിയോ റിപ്പയറിംഗ് പഠിച്ചതാ...."
ഓ....അത് കൊള്ളാം. എനിക്ക് പകുതി സമാധാനമായി. റേഡിയോ റിപ്പയറിംഗൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ പിന്നെയാണോ ചെറിയ ഒരു ക്ലോക്ക്?. ഞാൻ എഴുന്നേറ്റു മുറിക്കു കുറുകെ കെട്ടിയ അയയിൽ നിന്ന് ഒരു തോർത്തെടുത്ത് തോളിലിട്ടു. കട്ടിലിനടിയിൽ നിന്നും ബക്കറ്റും മഗ്ഗും എടുത്തു പുറത്തെ ഞങ്ങളുടെ “ഓപ്പണ്‍ എയർ” കുളിമുറിയിലേക്ക് പോയി.

കുളിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു അഭിമാനമൊക്കെ തോന്നി. കുറച്ചു വിവരമുള്ളവരുടെ കൂടെയാണല്ലോ ഞാൻ താമസിക്കുന്നത്. ഇങ്ങനെ ധൈര്യമായി ക്ലോക്ക് റിപ്പയർ ചെയ്യുന്ന എത്ര പേർ ഉണ്ടാവും കോളേജിൽ?

ഞാൻ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അഭിലാഷ് ഊരിയ ചക്രങ്ങൾ തിരിച്ച് വച്ച് ക്ലോക്ക് അടക്കാനുള്ള ശ്രമത്തിലാണ്. ആ സമയത്ത് ജിയോയും സഹജും കൂടി "എന്താഷ്ടാ കാര്യം?" എന്ന് ചോദിച്ചു കൊണ്ടു വന്നു. കാര്യങ്ങളുടെ ഒരു കിടപ്പുവശം കണ്ടപ്പോൾ ജിയോ ചോദിച്ചു:
"ടാ....ഒക്കെ കഴിഞ്ഞിട്ട് ചക്രൊന്നും ബാക്ക്യാവില്ലല്ലോ?"
"ഏയ്...", അഭിലാഷ്.

ജിയോ കുറച്ചു നേരം അഭിലാഷിൻറ്റെ തത്രപ്പാട് നോക്കി നിന്നു. പിന്നെ "ശരിന്നാ" എന്ന് പറഞ്ഞു കൈലിയും മടക്കിക്കുത്തി അവൻറ്റെ മുറിയിലേക്ക് പോയി. പിന്നാലെ സഹജും.

കുറച്ചു കൂടി കഴിഞ്ഞപ്പോൾ കാര്യങ്ങൾക്ക് ഒരു തീരുമാനമായി. അഭിലാഷിനു കഴിയാവുന്നത് പോലെ എല്ലാം ഫിറ്റ്‌ ചെയ്തു കഴിഞ്ഞിട്ടും ക്ലോക്കിൻറ്റെ രണ്ടു ചക്രങ്ങൾ ബാക്കിയായി. 

ജിബുസാർ സഹായിയുടെ വേഷം മതിയാക്കി കാഴ്ചക്കാരൻറ്റെ വേഷത്തിൽ ശ്രദ്ധ പതിപ്പിച്ചു.

അഭിലാഷ് എന്നിട്ടും തോൽവി സമ്മതിച്ചില്ല. ബാക്കിയായ ചക്രങ്ങൾ ആവശ്യമില്ലാത്തതായിരിക്കും എന്ന് പറഞ്ഞു കുറച്ചു നേരം കൂടി പിടിച്ചു നിന്നു.
ഒരുതരം "ഓപ്പറേഷൻ സക്സസ്ഫുൾ, പേഷ്യൻറ്റ് ഡൈഡ്" ലൈൻ!

പക്ഷെ ക്ലോക്ക് നടക്കുന്നില്ല എന്ന നഗ്നസത്യത്തിനു മുന്നിൽ അവസാനം അഭിലാഷിനു തോൽവി സമ്മതിക്കേണ്ടി വന്നു. ചുരുക്കിപ്പറഞ്ഞാൽ ചക്രങ്ങൾ നഷ്ടപ്പെട്ട് ചക്രശ്വാസം വലിച്ച ആ അലാം ക്ലോക്ക് അന്ന് സന്ധ്യക്ക് ആ മുറിയിൽ വച്ച് അകാല ചരമമടഞ്ഞു.

ഈ ദാരുണ സംഭവം ഇത് വരെ പുറംലോകം അറിഞ്ഞില്ല. ഞങ്ങളാരേയും അറിയിച്ചില്ല.

ഒരു ക്ലോക്ക് പോലും റിപ്പയർ ചെയ്യാനറിയാത്ത ഇലക്ട്രോണിക്സ് എഞ്ചിനീയർ അഭിലാഷ് പിന്നെ കോളേജ് ചെയർമാനായി. ഈ സംഭവങ്ങൾ എങ്ങാനും ഞങ്ങൾ പുറത്തു പറഞ്ഞിരുന്നെങ്കിൽ........എന്താകുമായിരുന്നു കാര്യങ്ങൾ?

അലാം ഇല്ലാത്തതു കൊണ്ട്, പിന്നീടുള്ള നാല് കൊല്ലത്തിൽ ഒരു കാര്യത്തിനു മാത്രം തടസ്സമൊന്നും ഉണ്ടായില്ല. എൻറ്റെ ഉറക്കത്തിന്. അതങ്ങനെ തകൃതിയായിത്തന്നെ നടന്നു. പരീക്ഷയുടെ അന്ന് രാവിലെ പോലും ഞാൻ കിടന്നുറങ്ങുന്നത്, എൻറ്റെ മടിയും ശ്രദ്ധക്കുറവും കാരണമാണെന്ന് മറ്റുള്ളവർ ധരിച്ചു വച്ചു. സത്യം ഞങ്ങൾ കുറച്ചു പേർക്കല്ലേ അറിയാവൂ? ചെയർമാൻറ്റെ അധികാരത്തിലും സ്വാധീനത്തിലും ആ തീരാ നഷ്ടത്തിനു ഒരു പരിഹാരം ഉണ്ടായതുമില്ല.

സംഭവം നടന്നു കഴിഞ്ഞിട്ട് ഇരുപതു വർഷത്തിലേറെ ആയെങ്കിലും, വളരെ ബുദ്ധിപരമായ ചില ചോദ്യങ്ങൾ ഇപ്പോഴും ബാക്കി:
  • ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്കിൻറ്റെ മെക്കാനിക്കൽ ഭാഗം എന്തിനാണ് പ്രതി അഴിച്ചെടുത്തത്‌? അലാം അടിക്കുന്നില്ലെങ്കിൽ അതിൻറ്റെ ഇലക്ട്രോണിക് ഭാഗം അല്ലേ റിപ്പയർ ചെയ്യേണ്ടത്?
  • റേഡിയോ റിപ്പയറിംഗ് പഠിച്ചാൽ ക്ലോക്ക് നന്നാക്കാൻ പറ്റുമോ?
  • പ്രതി ശരിക്കും റേഡിയോ റിപ്പയറിംഗ് പഠിച്ചിട്ടുണ്ടോ?


3. പ്രിൻസിപ്പലിൻറ്റെ മുറിയിൽ പരാതിയുമായി ചെല്ലരുത്‌

കെജിബി എന്ന കെ ജി ബാലകൃഷ്ണൻ ആണ് അന്ന് പ്രിൻസിപ്പൽ. പുഴുവിൻറ്റെ മൃതശരീരമുള്ള, കാൻറ്റീനിലെ വെജിറ്റബിൾ കറിയുടെ പാത്രവുമായിട്ടാണു ഞങ്ങൾ കെജിബിയുടെ മുറിയിൽ കയറുന്നത്. അതായത് വ്യക്തമായ തെളിവുമായി. തൊണ്ടി സഹിതം!

കാൻറ്റീൻ ഭക്ഷണം നിലവാരം പോര എന്ന് കുറെ നാളായി പരാതി ഉള്ളതാണ്. നിലവാരത്തിൻറ്റെ അളവുകോൽ എന്താണെന്ന് ആർക്കും അറിയാത്തത് കൊണ്ടു ഒന്നും ചെയ്യാൻ വയ്യ. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ചക്ക് കറിയിൽ പുഴുവിനെ കിട്ടുന്നത്. അവസരം പാഴാക്കാൻ പറ്റുമോ? തമ്പി, രഘു എന്നിവരാണ് മുന്നിൽ. ശ്രീജയൻ, വിവേക് എന്നിവരും ഉണ്ട് എന്നാണ് ഓർമ. എന്ത് കൊണ്ടാണ് എനിക്ക് ഈ പരാതി പറയാൻ പോക്കിൽ പങ്കെടുത്തവരെ ശരിക്കും ഓർമ്മയില്ലാത്തത് എന്ന് നിങ്ങൾക്കു പിന്നെ മനസ്സിലാവും.

ഇതോടു കൂടി കാൻറ്റീൻ കരാർ റദ്ദാക്കി, കരാറുകാരനെ പുറത്താക്കും എന്ന ഉറച്ച ആത്മവിശ്വാസം എല്ലാവരിലും വഴിഞ്ഞൊഴുകുന്നുണ്ട്. വെളുപ്പിനേ അഞ്ഞൂറാൻറ്റെ വീട്ടിലേക്കു പോകുന്നത് പോലെ ഞാനും കൂട്ടത്തിൽ പോയി എന്നേയുള്ളു. കെജിബിയുടെ മുറിയിൽ കയറുകയും ചെയ്തു. അത്ര തന്നെ. ഒന്നും മിണ്ടിയത്‌ പോലുമില്ല.

മിണ്ടാൻ എവിടെ അവസരം? തമ്പി കാര്യം പറഞ്ഞു. പുഴുവിനെ കാണിച്ചു കൊടുത്തു. കെജിബി കണ്ണട ഊരി മേശപ്പുറത്തു വച്ച് ഒന്ന് ചാരിയിരുന്നു. പിന്നെ അങ്ങോട്ട്‌ ഒരു കലക്കായിരുന്നു. എൻറ്റെ സാറേ... ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റിയില്ല.

സാമ്പാറിൽ എങ്ങനെയാണ് പുഴു ഉണ്ടാവുന്നത്?
അത് ഒഴിവാക്കാൻ എന്ത് കൊണ്ടാണ് പറ്റാത്തത്?
അരിയിൽ എങ്ങനെയാണ് കല്ലുണ്ടാവുന്നത്?
എന്ത് കൊണ്ടാണ് പിന്നീട് ആ കല്ല് വേർതിരിക്കാൻ പറ്റാത്തത്?
കാൻറ്റീൻ നടത്തിപ്പിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾആണുള്ളത്?
കുറഞ്ഞ ചിലവിൽ ഇത് നടത്താൻ ആളെ കിട്ടാത്തത് എന്ത് കൊണ്ട്?
വീണ്ടും കാൻറ്റീൻ ടെണ്ടർ വിളിച്ചാലുള്ള നൂലാമാലകൾ എന്തൊക്കെ?

ഇത്രയും കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു കൊണ്ടൊരു ലക്ചർ!

ചുരുക്കിപ്പറഞ്ഞാൽ, പഠിപ്പും പരീക്ഷയുമായി ബന്ധപ്പെട്ടു പല പ്രശ്നങ്ങളും പരിഹരിക്കാൻ ഉള്ളപ്പോൾ കാൻറ്റീൻ എന്ന് പറഞ്ഞു സമയം കളയാൻ താൽപര്യമില്ല എന്ന് കെജിബി തീർത്തു പറഞ്ഞു.

ഇത്രയൊക്കയേ ഉള്ളു എങ്കിൽ പോട്ടെ എന്ന് വെക്കാമായിരുന്നു. പിന്നെ കെജിബിയുടെ പ്രസംഗം പുഴുവിനെക്കുറിച്ചായിരുന്നു. 

കറിയിൽ പുഴു ഉണ്ടായാൽ തന്നെ എന്താണ് കുഴപ്പം?
സംഗതി വിഷമൊന്നും അല്ലല്ലോ? ആരോഗ്യത്തിനു എന്തെങ്കിലും രീതിയിൽ കുഴപ്പുണ്ടാക്കുന്നതും അല്ല. 
പല രാജ്യങ്ങളിലും പുഴുവിനെ ആളുകൾ തിന്നുകയും ചെയ്യും. ജപ്പാനിൽ പുഴുക്കളെ കുറേ ദിവസം പാലിൽ ഇട്ട്, അതിനെ തടിച്ചു കൊഴുപ്പിച്ചു വലുതാക്കി, പിന്നെ അതിനെ എടുത്തു മുറിച്ചു പൊരിച്ചും കറി വച്ചും തിന്നുമത്രേ. നല്ല പോഷകങ്ങൾ കിട്ടാൻ അത് നല്ലതാണ് എന്ന് അവർക്ക് അറിയാമത്രേ.

ജീവിതത്തിൻറ്റെ വിലപ്പെട്ട അരമണിക്കൂർ അങ്ങനെ പോയിക്കിട്ടി. എന്നിട്ടും ഒന്ന് പുറത്തിറങ്ങാൻ എന്ത് ചെയ്യും എന്ന് ആർക്കും അറിയില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട് ("മുഖത്തായില്ലല്ലോ? ... അല്ലേ?" എന്ന് ചോദിച്ച ജഗദീഷിൻറ്റെ ഭാവം). തമ്പി മാത്രം കെജിബിക്ക് താലപ്പൊലി പിടിച്ച മാതിരി പോഷകസമ്പുഷ്ടമായ (എന്ന് അപ്പോൾ മാത്രം മനസ്സിലാക്കിയ) കറിപാത്രവും പിടിച്ചു മുന്നിൽ നിൽക്കുന്നു.

അവിടെ നിന്ന് എപ്പോഴാ രക്ഷപ്പെട്ടത് എന്ന് ഓർമയില്ല (നടന്നാണോപുറത്തേക്കു വന്നത്? അതോ വല്ലവരും എടുത്തു പൊക്കി പുറത്തേക്കു കൊണ്ടു വരികയായിരുന്നോ?). അന്ന് ആ മുറിയിൽ നിന്ന് നേടിയ വിജ്ഞാന ശകലങ്ങൾ ഞങ്ങൾ ആരുമായും പങ്കു വെച്ചില്ല എന്നതിൽ ഒരു കുറ്റബോധം ഇപ്പോൾ തോന്നുന്നു. മനപ്പൂർവ്വം അല്ല കേട്ടോ. അതൊന്നും പങ്കു വെക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ. അത് കൊണ്ടാണ്. അത് കൊണ്ടു മാത്രമാണ്.

അന്ന് ഒരു കാര്യം തീരുമാനിച്ചു. ഇനി പുഴു എന്നല്ല, കാൻറ്റീനിലെ കറിയിൽ പാമ്പിനെ തന്നെ കിട്ടിയാലും, അത് പറയാൻ പ്രിൻസിപ്പലിൻറ്റെ മുറിയിലേക്ക് പോകില്ല. ചൈനാക്കാർ പാമ്പിനെ തിന്നുന്നില്ലേ?

ഏതായാലും പിന്നെ ഞാനാ വഴി പോയിട്ടില്ല. കാൻറ്റീനിലേക്കല്ല പറഞ്ഞത് കെജിബിയുടെ മുറിയിലേക്ക്!.


2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

അദ്ധ്യാപകർ എന്നോടു ചെയ്തത്

   ഈ ആഴ്ച എന്ത് എഴുതും എന്ന് ആലോചിച്ചു കുഴങ്ങി ഇരിക്കുമ്പോൾ ആണ് അദ്ധ്യാപക ദിനം കടന്നു പോയത്  പത്രത്തിൽ വായിച്ചത്.  ഇത് തന്നെ തക്കം..... ഈ അവസരം മുതലെടുത്ത്‌ അദ്ധ്യാപകരെ കുറിച്ച് ഒരു പോസ്റ്റ്‌ കാച്ചികളയാം എന്ന് വിചാരിക്കുകയാണ്.


   ടീച്ചേഴ്സ് ഡേ, ഫാദേഴ്സ് ഡേ, വാലൻറ്റൈൻസ് ഡേ തുടങ്ങിയ അസംഖ്യം ദിനങ്ങളുടെ ആഘോഷം ഇന്നത്തെ കാലത്ത് ഉണ്ട്. ഇതൊക്കെ ഒരു തരം സാംസ്കാരിക അധിനിവേശം ആണെന്നും, ഈ ആഘോഷങ്ങളൊക്കെ കൊണ്ട് വന്നത് കുത്തക ബ്രാൻഡുകളും സാമ്രാജ്യത്വ ശക്തികളും ആണെന്നൊക്കെ ചിലർ തട്ടി വിടുന്നത് കേട്ടിട്ടുണ്ട്. അതൊന്നുമല്ല കാര്യം, പുതിയ അനുഭവങ്ങളുടെ മെഴുതിരി വെളിച്ചത്തിൽ ഞാൻ പറയാം. ഈ ആഘോഷങ്ങൾ കൊണ്ട് വന്നത് ബ്ലോഗെഴുത്തുകാരും ഫേസ്ബുക്ക് പോസ്റ്റർമാരും കൂടിയ ഒരുപുതിയ ഒരു വർഗ്ഗം ആണ്. അവരാണല്ലോ, ഓരോ ആഴ്ചയിലും എന്തെങ്കിലും ഒരു വിഷയം കിട്ടാൻ വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നത്.


  അദ്ധ്യാപകൻ സ്നേഹത്തിൻറ്റെ അക്ഷയഖനിയാണ്, ജീവിതത്തിൽ  വഴിത്തിരിവുണ്ടാക്കിയ മിശിഹാ ആണ് എന്നൊക്കെയുള്ള ലൈനിൽ ഒന്നും എഴുതാൻ ഉദ്ദേശിക്കുന്നില്ല. പേടിക്കണ്ട. എന്നെ പഠിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ച കുറെ സാറൻമാരിലും ടീച്ചർമാരിലും നിന്നും ചിലരുടെ മാത്രം ചില ഓർമ്മകൾ പങ്കുവെക്കാം. അത്രേയുള്ളൂ.


  ഒന്നാം ക്ലാസ്സിൽ "ഒന്നാനാം കുന്നിന്മേൽ...." പാടി പഠിപ്പിച്ചു തന്ന, മെലിഞ്ഞു ഭംഗിയുള്ള, റോസിലി ടീച്ചറെ ഒറ്റ വരിയിൽ ഓർത്തു കൊണ്ടു തുടങ്ങാം. പിന്നെ സ്വന്തം വീട്ടിലെ തൊഴുത്ത് ഞങ്ങളുടെ നഴ്സറി സ്കൂളിനു വിട്ടു തന്ന ഇബ്രാഹിം കുട്ടി മാഷ്‌, നാലാം ക്ലാസ് വരെ പഠിപ്പിച്ച ബ്ലോസ്സം ടീച്ചർ, ചാന്ദ്നി ടീച്ചർ എന്നിവരെ കൂടി കൂട്ടത്തിൽ ഓർക്കാം. നാലാം ക്ലാസ് വരെ പഠിച്ചത് തൃത്താല എന്ന സ്ഥലത്തുള്ള ടി.ഇ.എം.എസ് എന്ന സ്കൂളിൽ.


 ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച ബെഥനി സ്കൂളിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത്, മലയാളം പഠിപ്പിച്ച ബെന്നി സാറിനെയാണ്. ബെന്നി സാറിൻറ്റെ ക്ലാസ്സിൽ ഇരിക്കാൻ ഞങ്ങൾക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. മലയാളം പഠിക്കാൻ ഉള്ള അമിത താൽപര്യം കൊണ്ടൊന്നും അല്ല. ചെറുപ്പക്കാരനും സുമുഖനും ആയിരുന്ന ബെന്നി സാർ രസകരമായി ക്ലാസ് എടുക്കും. ധാരാളം തമാശ പറയും. പലപ്പോഴും പാഠപുസ്തകത്തിൽ ഇല്ലാത്ത കഥകൾ പറഞ്ഞു തരും.


  പക്ഷെ അത് മാത്രമല്ല കാര്യം, ബെന്നി സാറിന്റെ ക്ലാസ്സെടുക്കലിൽ  അത്യാവശ്യം എരിവും പുളിയും ഉണ്ടാവും. ശകുന്തളയുടെ പാഠം എടുക്കുന്ന സമയത്ത് ശകുന്തളയുടെ അംഗ ലാവണ്യ വർണ്ണനയൊക്കെ ഉണ്ടാവും. ദർഭമുന കാലിൽ കൊണ്ടു എന്ന നാട്യം ഒക്കെ അഭിനയിച്ചു കാണിക്കും. ദുഷ്യന്തൻറ്റെ പ്രേമവും വിരഹവും ഒക്കെ പൊടിപ്പും തൊങ്ങലും വച്ച് വിവരിക്കുമ്പോൾ, കേട്ടിരിക്കുന്ന ഞങ്ങളും ഒരു സ്വപ്നലോകത്ത് എത്തിയിട്ടുണ്ടാകും. ആ പ്രായത്തിൽ ഞങ്ങൾ ആണ്‍കുട്ടികൾക്ക് എന്താണ് ഇത്ര താല്പര്യം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബെന്നി സാറിനെയും സാറിൻറ്റെ ക്ലാസ്സും പെണ്‍കുട്ടികൾക്കും ഇഷ്ടമായിരുന്നിരിക്കണം. സാറിന്റെ കഥകൾ കേട്ട് അവർ കുണു കുണാ എന്ന് ചിരിച്ചു കൊണ്ടിരിക്കുന്നത് മാത്രം ഓർമ്മയുണ്ട്.


  ബെന്നി സാർ ഒരിക്കൽ ക്ലാസ്സിലെ ബ്ലാക്ക് ബോർഡിൽ എഴുതിത്തന്ന, പാഠപുസ്തകത്തിൽ ഇല്ലാത്ത ഒരു നാലു വരി കവിത ഇവിടെ കുറിക്കാം. എല്ലാ വരിയിലും ആദ്യ മൂന്നക്ഷരം ആവർത്തിച്ച്‌ വരുന്നതാണ് അതിന്റെ പ്രത്യേകത.


കുലമാകുലമാക്കുന്ന
പാതകപ്പാതകണ്ടു ഞാൻ
തകരാതകരാഗത്തോടി
ടിവനോടിവനോർവ്വിയിൽ

    പത്താം ക്ലാസ്സിൽ എത്തിയപ്പോൾ കണക്കിനും ഇംഗ്ലിഷിനും ട്യൂഷൻ എടുത്ത മാഷാണ് വാര്യർ മാഷ്. എൻറ്റെ ഉപ്പാടെ ഹൈസ്കൂൾ മാഷായിരുന്നു വാര്യർ മാഷ്. തൃത്താല ഹൈസ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു, ആലൂർ എന്ന തനി നാട്ടിൻപുറത്തെ തറവാട്ടു വീട്ടിൽ, അൽപസ്വൽപ്പം കവിതയെഴുത്തുമായി സ്വസ്ഥമായി കഴിഞ്ഞിരുന്ന മാഷ് ഉപ്പാടെ നിർബന്ധത്തിനു വഴങ്ങിയാണ് എനിക്ക് കണക്കും ഇംഗ്ലീഷും പഠിപ്പിക്കാൻ സമ്മതിച്ചതു. രണ്ടു നിബന്ധനകളോടെ. ഒന്ന്, എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണി മുതൽ പന്ത്രണ്ടു മണി വരെ ക്ലാസ്, അതിനു ഒമ്പതേ കാലിനു കൂറ്റനാട് സെൻറ്ററിൽ നിന്ന് പുറപ്പെടുന്ന പ്രയാഗ ബസ്സിൽ കയറി തന്നെ വരണം. രണ്ടു,  ഇരുനൂറു പേജിൻറ്റെ രണ്ടു നോട്ടുബുക്ക് വാങ്ങണം. ഒന്ന് കണക്കിനും മറ്റൊന്ന് ഇംഗ്ലീഷിനും. ഓരോ ആഴ്ചയും അതിൽ എൻറ്റെ സംശയങ്ങൾ എഴുതി കൊണ്ടു വരണം. ആ സംശയങ്ങൾ തീർത്തു കൊടുക്കൽ മാത്രമായിരിക്കും ട്യൂഷനിൽ നടക്കുന്നത്. എങ്ങനെയുണ്ട് മാഷും മാഷിൻറ്റെ നിബന്ധനകളും?


 നിബന്ധനകളൊക്കെ മാഷിൻറ്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്ന എൻറ്റെ ഉപ്പ അപ്പടി സമ്മതിച്ചു. ആദ്യത്തെ ആഴ്ചകൾ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു. ഞായറാഴ്ച രാവിലത്തെ ദൂരദർശൻ പരിപാടികൾ ഒഴിവാക്കിയാണ് ട്യൂഷന് പോകേണ്ടത്. പിന്നത്തെ പ്രശ്നം, എങ്ങനെ സംശയങ്ങൾ ഉണ്ടാക്കുംഎന്നതാണ്. ഞായറാഴ്ച രാവിലെ പാഠപുസ്തകം തുറന്നു സംശയങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ്. ആ ആഴ്ച സ്കൂളിൽ പഠിപ്പിച്ചത് കാര്യമായി ഒന്നും മനസ്സിലാകാത്ത എനിക്ക് എന്ത് സംശയം? സംശയങ്ങൾ ഉണ്ടാവണമെങ്കിലും കുറച്ചു വിവരം വേണം എന്ന് അപ്പോൾ മനസ്സിലായി. പിന്നെ പിന്നെ കണക്കും ഇംഗ്ലീഷും മാത്രം സ്കൂളിൽ പഠിപ്പിക്കുന്നത് കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങി. എന്ത് പഠിപ്പിച്ചാലും അതിൽ നിന്നൊക്കെ ചോദ്യങ്ങൾ ഉണ്ടാക്കാൻ ഞാൻ പഠിച്ചു. ഉത്തരം പറയാൻ മാഷ്ക്കും താൽപര്യം. അതിനു സിലബസിൽ ഉള്ളതാണോ അല്ലേ എന്നുള്ളതൊന്നും പ്രശ്നമല്ല.


  ഞായറാഴ്ച രാവിലെകളോടുള്ള പേടിയൊക്കെ മാറി. ആലൂർ ബസ്റ്റോപ്പിൽ നിന്നും ചമ്മിണിക്കാവു അമ്പലത്തിൻറ്റെ മുന്നിലൂടെ നടന്നു , അമ്പലപ്പറമ്പ് മുറിച്ചു കടന്ന്, ആളൊഴിഞ്ഞ ഇടവഴിയിലൂടെ ഉള്ള ആ നടപ്പും, അത് കഴിഞ്ഞുള്ള രണ്ടു മണിക്കൂർ ട്യൂഷനും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി.


   സംശയനിവാരണം ഒക്കെ കഴിഞ്ഞാൽ, മാഷ് എഴുതിയ കവിതകൾ ഇടക്ക് എന്നെ കാണിക്കും. സംസ്കൃത വാക്കുകൾ നിറഞ്ഞതാണ്‌ എല്ലാ കവിതകളും. അത് കൊണ്ടു തന്നെ എനിക്കൊന്നും മനസ്സിലായിരുന്നില്ല. അത് ഞാൻ മാഷിനോട് പറയുകയും ചെയ്തു. മാഷ് കുറച്ചൊക്കെ പറഞ്ഞു വിശദീകരിച്ച് മനസ്സിലാക്കിത്തരാൻ നോക്കും. പിന്നെ വലിയ കാര്യമില്ല എന്ന് മനസ്സിലാക്കി വേണ്ടെന്നു വെക്കും.


   എല്ലാം കാര്യങ്ങളും അടുക്കും ചിട്ടയിലും വേണം എന്ന് മാഷ്ക്ക് നിർബന്ധമായിരുന്നു. മേശപ്പുറത്തു പുസ്തകങ്ങൾ ഒരിക്കലും ചിതറിക്കിടക്കാൻ പാടില്ല. എല്ലാം മേൽക്കു മേലെ അടുക്കി വച്ചിരിക്കണം. മാത്രമല്ല, പുസ്തകങ്ങളുടെ അരിക് മേശയുടെ അരികുമായി നോക്കിയാൽ, ചെരിഞ്ഞിരിക്കാൻ പാടില്ല എന്ന് വരെ മാഷ്ക്ക് നിർബന്ധമായിരുന്നു.


   ഞാൻ പ്ലസ്ടുവിനു പഠിച്ചത് പെരുമ്പിലാവ് എന്ന സ്ഥലത്തുള്ള അൻസാർ സ്കൂളിലായിരുന്നു. പെരുമ്പിലാവ് മൂരിച്ചന്ത കഴിഞ്ഞാൽ അന്ന് ഏറ്റവും പ്രസിദ്ധം ഞങ്ങളുടെ സ്കൂൾ തന്നെയായിരുന്നു.


  പ്ലസ്ടു ക്ലാസ് ടീച്ചർ ആയിരുന്ന സയ്യിദ് സർനെ മറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമായിരുന്നു, തമിഴ്നാട്ടുകാരനായിരുന്ന മലയാളം അറിയാത്ത സയ്യിദ് സാറിനെ. വളരെ നന്നായി സർ ഫിസിക്സ്ക്ലാസ്സെടുക്കും. പരീക്ഷക്ക്‌ എങ്ങാനും മാർക്ക്  കുറഞ്ഞാൽ ഞങ്ങളെക്കാൾ വിഷമം സാറിനായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഓർമിക്കാനുള്ളത് അത് മാത്രം അല്ല. സ്കൂളിൽ ആർട്ട്‌സ് സ്പോർട്സ് മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ ഹൗസുകൾ ആക്കി തിരിക്കുന്ന പരിപാടി ഉണ്ടല്ലോ? ഹൌസ് ക്യാപ്റ്റന്മാർ, ഏറ്റവും സീനിയേഴ്സ് എന്ന നിലക്ക് പ്ലസ്ടു ക്ലാസ്സിൽ നിന്നായിരിക്കും. ഏതെങ്കിലും സ്പോർട്സിലോ ഗെയിംസിലോ ഒക്കെ വർഷങ്ങളായി തിളങ്ങി നില്ക്കുന്നവരെയാണു സാധാരണ ക്യാപ്റ്റന്മാരാക്കുന്നതു. അപ്രാവശ്യം സയ്യിദ് സർ ആ പതിവ് തെറ്റിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പിൻനിരക്കാരായ, എന്നാൽ കുറച്ചൊക്കെ കഴിവ് ഉണ്ട് എന്ന് സാറിനു തോന്നിയ നാല് പേരെ സർ ഹൌസ് ക്യാപ്റ്റന്മാരായി നിർദേശിച്ചു. ഒരു കൊല്ലം മുൻപ് മാത്രം ആ സ്കൂളിൽ ചേർന്ന കലാകായികമായി ഒന്നും ചെയ്തിട്ടില്ലാത്ത എനിക്കും ഒരു നറുക്ക് വീണു.  എൻറ്റെ കൂട്ടുകാർ പോലും എന്നോടു പറഞ്ഞു 'ഇത് നിനക്ക് പറ്റുന്ന പണിയല്ല, സാറിനോട് പറഞ്ഞു മാറ്റണം' എന്ന്. പക്ഷെ സയ്യിദ് സർ തീരുമാനിച്ചു കഴിഞ്ഞിരുന്നു. തികച്ചും അവിചാരിതമായി ഞാനങ്ങനെ "ബ്ലൂ" ഹൗസിൻറ്റെ ക്യാപ്റ്റൻ ആയി.


  ജീവിതത്തിൽ അത് വരെ ചെയാത്തത് പലതും ക്യാപ്റ്റൻ പണിയുടെ ഭാഗമായി ഞാൻ ചെയ്തു. അറിയാത്ത പല കാര്യങ്ങളും പഠിച്ചു. ആദ്യം മടിച്ചു നിന്ന കൂട്ടുകാർ പിന്നെ ഒപ്പം നിന്നു. മത്സരങ്ങളിൽ കുട്ടികളെ ചേർക്കാനും ടീമുകളെ ഉണ്ടാക്കാനും ഞാനും കൂട്ടുകാരും അഞ്ചാം ക്ലാസ് മുതലുള്ള എല്ലാ ക്ലാസ്സുകളിലും കയറി ഇറങ്ങി. ഞങ്ങൾ എല്ലാ ഗെയിമുകളുടെയും നിയമങ്ങൾ പഠിച്ചു. കളിക്കിടയിൽ തർക്കങ്ങൾ ഉണ്ടാവുമ്പോൾ അത് ആവശ്യമായിരുന്നു. നാടകത്തിൽ രണ്ടു സീനിൽ അഭിനയിക്കാൻ ആളെ കിട്ടാതായപ്പോൾ, വിറച്ചു കൊണ്ടു സ്റ്റേജിൽ കയറി കാണാപ്പാഠം പഠിച്ച ഡയലോഗ് ഉരുവിട്ടു. ഒത്തു പിടിച്ചാൽ മലയും പോരും എന്നാണല്ലോ! ഞങ്ങൾ ഒത്തു പിടിച്ചപ്പോ ഓവറോൾ ഒന്നാം സ്ഥാനം ബ്ലു ഹൗസിനു പോരുകയും ചെയ്തു. സയ്യിദ് സർ എന്തിനു പിൻ നിരക്കാരെ ക്യപ്റ്റന്മാരാക്കി എന്ന് ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാവും.


    ചെങ്ങന്നൂരിലെ എഞ്ചിനീയറിംഗ്  കാലത്തിൽ ആദ്യം ഓർമ വരുന്നതും, ആകെ എഴുതാൻ തോന്നുന്നതും, ആദ്യ സെമസ്റ്ററിൽ ഇലക്ട്രിക്കൽ തിയറി കുറച്ചു കാലം പഠിപ്പിച്ച നിഷ മിസ്സിനെക്കുറിച്ചാണ്. നിഷ മിസ്സ്‌ പഠിപ്പിച്ചത് പെട്ടെന്ന് മറന്നു പോകില്ല എന്ന് ആ ക്ലാസ്സിൽ ഇരുന്നവർക്കൊക്കെ അറിയാം. ഒരിക്കൽ  സബ്സ്റ്റിട്യൂഷൻ തിയറം എന്ന ഒരു സംഭവം പഠിപ്പിച്ചതിനു ശേഷം മിസ്സ്‌ ഒരു പ്രോബ്ലം ഇട്ടു തന്നു. ആദ്യം ഉത്തരം പറയുന്നവർക്ക് ഒരു സമ്മാനം ഉണ്ട് എന്നും പറഞ്ഞു. എനിക്കാണ് ആദ്യം ഉത്തരം കിട്ടിയത്. പിറ്റേ ദിവസം മിസ്സ്‌ ക്ലാസ്സിൽ വന്നപ്പോൾ ഒരു ഡയറിമിൽക്ക് ചോക്ലേറ്റും കൊണ്ടു വന്നിരുന്നു. അത് കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷം! നിഷ മിസ്സിനെ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്ന കാരണം എന്താണെന്ന് ഇനി പ്രത്യേകം പറയണ്ടല്ലോ!


 ക്ലാസ്സിലെ കുട്ടികളെയെല്ലാം വലിയ കാര്യമായിരുന്നു മിസ്സിന്. ഒരു വിധം എല്ലാവരുടെയും പേരുകൾ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ, മിസ്സിന് അറിയാമായിരുന്നു. ഒന്നാം സെമസ്റ്റർ കഴിയുന്നതിനു മുൻപ് നിഷ മിസ്സ്‌ ജോലി മാറി നമ്മുടെ കോളേജു വിട്ടു പോയി. പിന്നീട് രണ്ടു വർഷത്തിനു നിഷ മിസ്സ്‌ വീണ്ടും കോളേജിൽ വന്നു. വിവാഹത്തിനു ക്ഷണിക്കാൻ. മിസ്സ്‌ എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കല്യാണം വിളിച്ചു. 'എ' ബാച്ചിൽ എത്തിയപ്പോൾ ആരോ ചോദിച്ചു:


"ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടോ?"
"പിന്നെ.. ഓർമയുണ്ട്...."
"ഞങ്ങളുടെ പേരൊക്കെ ഇപ്പോഴും ഓർമയുണ്ടോ?"
"കുറച്ചൊക്കെ...."


"എന്നാൽ എൻറ്റെ പേര് പറയാമോ?" എന്ന് പറഞ്ഞു ആരോ കൈ പൊക്കി. നിഷ മിസ്സ്‌ കൃത്യമായി പേര് പറഞ്ഞു. പിന്നെയും രണ്ടു മൂന്നു പേർ കൈ പൊക്കി. മിസ്സ്‌ അവരുടെ പേരും പറഞ്ഞു. ക്ലാസ് മുഴുവൻ അന്തം വിട്ടിരുന്നു. പിന്നെ അധികം പരീക്ഷിക്കാൻ ആർക്കും തോന്നിയില്ല. ചിരിച്ചു കൊണ്ടു നിഷ മിസ്സ്‌ എല്ലാവരെയും കല്യാണത്തിന് ക്ഷണിച്ചു. നിഷ മിസ്സിന് ക്ലാസിലെ കുട്ടികളെ ശരിക്കും കാര്യമായിരുന്നു എന്ന് ഇപ്പൊ ആലോചിക്കുമ്പോൾ മനസ്സിലാവുന്നു.


വാൽകഷ്ണം
----------------------
റോസിലി ടീച്ചറും, ബെന്നി സാറും, വാര്യർ മാഷും, സയ്യിദ് സറും, നിഷ മിസ്സും എങ്ങനെ എന്നെ സ്വാധീനിച്ചു എന്ന് ഇന്ന് എനിക്ക് മനസ്സിലാവും.  ഇത്രയും  വരെ ക്ഷമയോടെ ഈ കുറിപ്പ്  വായിച്ചെങ്കിൽ നിങ്ങൾക്കും ഒരു ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാവും. അവർ പ്രത്യക്ഷമായും പരോക്ഷമായും പഠിപ്പിച്ച പാഠങ്ങൾ പറ്റാവുന്നിടത്തെല്ലാം ഞാൻ പ്രാവർത്തികമാക്കുന്നു. അവരോടും അവരെപ്പോലെയുള്ള മറ്റു അനേകം അദ്ധ്യാപകരോടും ഉള്ള എൻറ്റെ ഒരു ചെറിയ നന്ദി പ്രകടനമായി ഈ കുറിപ്പിനെ കരുതുക.


വാൽത്തുമ്പ്
-------------------

ഈ കുറിപ്പ്,  നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കുറിച്ച്  ഓർമിക്കാൻ നിങ്ങൾക്കു കാരണമായെങ്കിൽ അത് തന്നെ വലിയ കാര്യം എന്ന് ഞാൻ കരുതുന്നു. അവരെ കുറിച്ച് നാല് വരിയെങ്കിലും കമ്മൻറ്റിൽ  എഴുതി ആ ഓർമ്മ പങ്കിട്ടാൽ ഈ എഴുത്തിൻറ്റെ ഉദേശ്യം സഫലമായി എന്ന് കൂടി കരുതും.

2015 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ജിയോക്കുള്ള കത്ത് - 2


 നീ കത്തെഴുതാം കത്തെഴുതാം എന്ന് പറഞ്ഞിട്ട് എവിടെ? നടക്കുന്ന കാര്യം വല്ലതുമാണോ നീ പറഞ്ഞത്? ഇനിയിപ്പൊ ആ കത്ത് കിട്ടിയിട്ട് ഒരു മറുപടി എഴുതാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ തന്നെ വീണ്ടും എഴുതാൻ തീരുമാനിച്ചു.


ഇവനെന്തിനാ ഇങ്ങനെ കത്തെഴുതുന്നത്‌ തോന്നുന്നുണ്ടാവും. ആ തോന്നൽ അവിടെ നിക്കട്ടെ, ആദ്യം ഇത് പറ....ആർക്കാ കത്ത് വായിക്കാൻ ഇഷ്ടമില്ലാത്തത്? തനിക്കുള്ള ഒരു കത്ത് പോസ്റ്റ്മാൻ കൊണ്ടു വന്നു തരുന്നത് ഒന്ന് ആലോചിച്ച് നോക്ക്. അടുത്ത ബന്ധുവോ സുഹൃത്തോ തനിക്കായി എഴുതിയത്. എന്നിട്ടത് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത്, പിന്നെ ഒന്നു കൂടി  വായിച്ച്. കോടാനുകോടി മനുഷ്യർ ജീവിച്ചു മരിക്കുന്ന ഈ ലോകത്ത് തനിക്ക് മാത്രമായി ഒരു കത്ത്. ഒരിക്കലെങ്കിലും ഒരു കത്ത് കിട്ടാത്തവർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ അവർക്ക് ജീവിതത്തിൽ ചിലത് നഷ്ടമായി എന്ന് തോന്നുന്നു.


ഏതായാലും, അങ്ങനെ ചില കത്തുകൾ കിട്ടാനും വായിക്കാനുമുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴൊന്നുമല്ല കെട്ടോ ..... പണ്ട്. അതിൽ ചില കത്തുകളൊക്കെ ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കത്തെഴുതാനുള്ള എൻറ്റെ മടി കാരണം പലർക്കും മറുപടി അയച്ചില്ല. കൈയക്ഷരം മോശമായിരുന്നതും ഒരു കാരണാമായിരുന്നു എന്ന് പറയാം.


ഇപ്പൊ കത്ത് “എഴുതുക”യല്ലല്ലോ, കീബോർഡിൽ ടൈപ്പ് ചെയ്യുകയല്ലേ!. അപ്പൊ പിന്നെ കൈയക്ഷരത്തിൻറ്റെ പ്രശ്നം വരുന്നില്ല. എന്നാ പിന്നെ കിടക്കട്ടെ കുറച്ചു കത്തുകൾ എൻറ്റെ വക, എന്ന് ഞാനും കരുതി.


പിന്നെ ഉണ്ടാകാവുന്ന ചോദ്യം “ഇവൻ എന്താ എനിക്ക് തന്നെ എഴുതുന്നത്?” എന്നാണ്. തികച്ചും ന്യായമായ ചോദ്യം. അതിനു നല്ലൊരു ഉത്തരം പറയേണ്ട ബാധ്യത എനിക്കുക്കുണ്ടെന്നു തോന്നുന്നു.


ശരി പറയാം....


കുറേ മുൻപ് നടന്ന സംഭവമാണ്. ചെങ്ങന്നൂർ കോളേജിലെത്തി ആദ്യത്തെ കൊല്ലം. സംഭവത്തിലെ പ്രധാന സാക്ഷിയും മുഖ്യ പ്രതിയും ഒരാൾ തന്നെയാണ്. നമ്മുടെ ഒപ്പം താമസിച്ചിരുന്ന അരുണ്‍. മുഴുവൻ പേര് അരുണ്‍ പോത്തൻ ഫിലിപ്പ്. ഇപ്പൊ ആ പഹയനെക്കുറിച്ച് ഒരു വിവരവുമില്ല. ഫേസ്ബുക്കിലും കാണുന്നില്ല. സത്യം പറഞ്ഞാൽ അതിൽ വലിയ അത്ഭുതം തോന്നുന്നുമില്ല. അവൻ പണ്ടേ അങ്ങനെയൊക്കെത്തന്നെ.


പണ്ടത്തെ അവൻറ്റെ കാര്യങ്ങൾ ആലോചിക്കുമ്പോൾ രസമാണ്. അവനൊരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ഓർമ്മയുണ്ടോ അതൊക്കെ? വീട്ടിൽ വലിയ നിയന്ത്രണത്തിലായിരുന്നു എന്ന് തോന്നുന്നു അവനെ വളർത്തിയത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വീട്ടിലേക്ക് ഫോണ്‍ വിളിച്ചില്ലെങ്കിൽ അവൻറ്റെ അച്ഛൻ അന്വേഷിച്ചു വരുമായിരുന്നു.


ആരോടും അത്യാവശ്യത്തിൽ കൂടുതൽ ഒന്നും മിണ്ടില്ല അവൻ. നമ്മുടെ വീട്ടിൽ ഉള്ളവരിൽ ഏറ്റവും പാവത്താൻ അവനായിരുന്നു എന്ന് പറയാം. ബാക്കിയുള്ളവർ വലിയ കുഴപ്പക്കാരൊന്നുമല്ലെങ്കിലും ആരും അത്ര മോശമല്ലായിരുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. നിൻറ്റെ കാര്യം പിന്നെ പറയാതിരിക്കുകയാണ് ഭേദം. നമ്മൾ അരുണിനെ എന്തൊക്കെ പറഞ്ഞു ചൂടാക്കാൻ നോക്കിയിരിക്കുന്നു...അവൻ ദേഷ്യം വന്നാലും കടിച്ചു പിടിച്ച് ക്ഷമിച്ചിരിക്കും.


ആസ്ത്മയുടെ പ്രശ്നമുണ്ടായിരുന്നു അവന്. എന്നാലും അതിൻറ്റെ ബുദ്ധിമുട്ട് ഒരിക്കൽ പോലും അവൻ നമ്മളെ അറിയിച്ചില്ല. നമ്മളെല്ലാവരും കൂടി രാത്രി വൈകി സഹജിൻറ്റെ മുറിയിൽ ഒറ്റക്കട്ടിലിൽ തലങ്ങും വിലങ്ങും കിടന്നു ഗഹനമായ വിഷയങ്ങൾ ചർച്ച ചെയ്ത് സമയം കളയുമ്പോൾ, അവനും ഉണ്ടാവും...ജനാലക്കരികിലെ മേശയും ചാരി.... ചില ദിവസങ്ങളിൽ വലിവ് കൂടുമ്പോൾ, അവൻ കഷ്ടപ്പെട്ട് ശ്വാസം വലിക്കുന്നത് വളരെ ശ്രദ്ധിച്ചാൽ മാത്രം കേൾക്കാം.


വീട്ടിൽ നിന്ന് പുറത്ത് കടന്നപ്പോൾ കിട്ടിയ സ്വാതന്ത്രം അവനും അവൻറ്റേതായ രീതിയിൽ ഉപയോഗപ്പെടുത്തി. നമ്മളായിരിക്കും അവനെ ആദ്യം സിനിമക്കൊക്കെ കൊണ്ടു പോയത്. പക്ഷെ പിന്നീട് ആരും കമ്പനി കൊടുക്കാൻ ഇല്ലെങ്കിലും ഒറ്റക്ക് സിനിമക്ക് പോകാൻ തുടങ്ങി അവൻ. ചിലപ്പോൾ ആഴ്ചയിൽ ഒന്നും രണ്ടും സിനിമ ഒക്കെ കാണും. ഒരു പക്ഷേ ഒന്ന് ഒറ്റക്കിരിക്കാൻ വേണ്ടി ആയിരിക്കും അവനാ സിനിമകൾക്ക്‌ പോയിരുന്നത് എന്ന് തോന്നുന്നു.


ഒരിക്കൽ ഞാൻ അവൻറ്റെ കൂടെ ഒരു ജെറ്റ്ലീ സിനിമക്ക് പോയി. ചിഞ്ചു തിയറ്ററിൻറ്റെ വെട്ടിത്തിളങ്ങുന്ന വെള്ളിത്തിര. ആദ്യമായിട്ടാണ് ഞാൻ ജെറ്റ്ലീയുടെ സിനിമ കാണുന്നത്. ഏതോ ചൈനീസ് പുരാണമാണ് കഥ. എന്ന് പറഞ്ഞാൽ വെറും അടിപിടി മാത്രമൊന്നുമല്ല. ജെറ്റ്ലി പറക്കുകയൊക്കെ ചെയ്യും! അടികൂടുന്നതിനിടയിലുള്ള ചാട്ടമല്ല ഞാൻ പറയുന്നത് കെട്ടോ. ശരിക്കുമുള്ള പറക്കൽ. പറക്കുന്നതിനിടയിൽ പുള്ളിക്കാരൻ താഴെ നിൽക്കുന്നവരോട് സംസാരിക്കുകയും ചെയ്യും. അതൊക്കെ കണ്ട് ഞാൻ സന്തോഷത്താൽ മതിമറന്നു പോയി. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്നായി. ഇൻറ്റർവെൽ ആയപ്പോൾ ഞാൻ അരുണിനോട് 'പോവാം' എന്ന് പറഞ്ഞു. അപ്പൊ അവൻ പറയുകയാണ്‌ 'വേണ്ട...ഇനിയാണ് നല്ല ഫൈറ്റിംഗ്' എന്ന്. 'നിനക്കെങ്ങനെ അറിയാം?' എന്ന് ചോദിച്ചപ്പൊ അവൻറ്റെ മറുപടി 'ഇത് ഞാൻ ഇന്നലെ കണ്ടതാ...' എന്നായിരുന്നു. അതായിരുന്നു അരുണ്‍ പോത്തൻ ഫിലിപ്പ്.


അവൻറ്റെ മറ്റൊരു ഭ്രാന്തായിരുന്നു പുഴയിൽ കുളിക്കാൻ പോകൽ. കോളേജു കഴിഞ്ഞാൽ കമ്പ്യൂട്ടർ ലാബിൽ ഒരു അഞ്ചര മണി വരെ ചെലവഴിക്കും. അത് കഴിഞ്ഞാൽ സൈക്കിളെടുത്ത് ഫുൾ സ്പീഡിൽ വീട്ടിലെത്തും അവൻ. എന്നിട്ട് തോർത്തുമെടുത്തു പുഴയിലേക്ക്. നമ്മളൊക്കെ നേരത്തെ പുഴയിലെത്തി കുളിയും നീന്തലും കഴിഞ്ഞ് തിരിച്ച് കയറാനുള്ള തെയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ടാവും. എന്നാലും അവൻ ഓടി വന്നു തോർത്തുമെടുത്തു പുഴയിൽ ചാടും.  ചിലപ്പോൾ അവൻ എത്തുമ്പോഴേക്കും നമ്മൾ കുളി കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയിട്ടുണ്ടാവും. എന്നാലും അവൻ ഒറ്റക്ക് പുഴയിൽ പോകും. പലപ്പോഴും രാത്രിയാവും മടങ്ങി വരാൻ. ഈ കാര്യങ്ങളൊക്കെ അവൻറ്റെ അച്ഛനും അമ്മയും എങ്ങാനും അറിഞ്ഞിരുന്നെങ്കിൽ അന്നേ അവൻറ്റെ പഠിപ്പും നിർത്തിച്ചു വീട്ടിലേക്കു കൊണ്ടു പോയേനെ.


എന്നെപ്പോലെ അവനും ചെങ്ങന്നൂര് വന്നതിനു ശേഷമാണ് നീന്തൽ പഠിച്ചത്. നിൻറ്റെ തന്നെ പരിശീലനം. പിന്നെ അജയും കുറച്ചൊക്കെ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇനിയാണ് ഞാൻ പറയാൻ വന്ന സംഭവം നടക്കുന്നത്.


സെക്കൻറ്റ് സെമസ്റ്ററിലെ ഏതോ ഒരു യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞ ദിവസം. അന്ന് പുഴയിൽ പോകാൻ നമ്മുടെ കൂടെ  സീനിയേഴ്സ് കുറച്ചു പേരും ഉണ്ടായിരുന്നു. കെ. പി, ഡെന്നി, വിവേക്, വയനു, അങ്ങനെ കുറച്ചു പേർ. പിന്നെ സ്ഥിരാംഗങ്ങൾ ആയ സഹജ്, അഭിലാഷ്, ജിബു സാർ എന്നിവരും. അരുണും ഞാനും നീയും ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. എല്ലാവരും കൂടെ വെള്ളത്തിലിറങ്ങി കുളിയും കളിയും. ബഹളത്തിന് ഒരു കുറവും ഇല്ല.


ആ കടവിൽ, കരയിൽ നിന്ന് കുറച്ച് വിട്ട് വെള്ളത്തിനടിയിൽ ഒരു പാറ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ?. നീ തന്നെയാണു അത് ആദ്യം കണ്ടുപിടിച്ചത്. നമ്മൾ അത് വരെ നീന്തി പാറയിൽ ചവിട്ടി നിൽക്കും. എന്നിട്ട് തിരിച്ചു നീന്തും. പരിചയമുള്ളവർക്ക് മാത്രം കണ്ടുപിടിക്കാൻ പറ്റുന്ന ഒളിഞ്ഞിരിക്കുന്ന പാറ. ആ പാറ വരെയാണ് പരമാവധി നമ്മളൊക്കെ നീന്തുന്നത്. അതിനു ശേഷം പുഴയുടെ കൂടുതൽ ആഴമുള്ള ഭാഗം തുടങ്ങുകയാണ്. നാട്ടുകാരുടെ കണക്കനുസരിച്ചു പുഴയുടെ നടുക്ക് ഒരു പത്താൾക്കുള്ള ആഴമുണ്ട്. എന്തിനാണ് ആളുകൾ പുഴയുടെ ആഴം ആൾക്കണക്കിൽ പറയുന്നത്? അടിക്കണക്കിൽ പറഞ്ഞാൽ പോരെ?


ബാക്കിയെല്ലാവരും ആഴം കുറഞ്ഞ ഭാഗത്ത്‌ വെള്ളത്തിൽ കളിച്ചു തിമിർക്കുന്നു. ഞാനും നീയും അരുണും മാത്രം നീന്തി വന്ന് ആ പാറയിൽ ചവിട്ടി നിൽക്കുകയാണ്. അപ്പോഴാണ്‌ അരുണ്‍ ചോദിച്ചത് 'നമുക്ക് അക്കരെക്ക് നീന്തിയാലോ?' എന്ന്. നീ മുൻപ് തന്നെ ഒന്നോ രണ്ടോ തവണ അക്കരേക്കു നീന്തി തിരിച്ചു വന്നിട്ടുണ്ട്. നീന്തൽ നന്നായി പഠിച്ചു കഴിഞ്ഞാൽ പുഴ നീന്തിക്കടക്കണം എന്ന് ഞാൻ മുൻപേ കരുതിയിട്ടുള്ളതുമാണ്. എന്നാലും അപ്പൊ അവൻ ചോദിച്ചപ്പോൾ വേണ്ട എന്നാണു ആദ്യം തോന്നിയത്.


പക്ഷേ അരുണ്‍ തീരുമാനിച്ച മട്ടാണ്, നിനക്കാണെങ്കിൽ വേണെമെങ്കിൽ ആവാം എന്ന ഭാവം. എന്നാലും ഇങ്ങനെ പെട്ടെന്ന് ഒരു ഒരുക്കവും ഇല്ലാതെ... പിന്നെ ഞാനായിട്ട് വേണ്ട എന്ന് എങ്ങനെ പറയും? നിങ്ങൾ രണ്ടു പേരും ഉണ്ടല്ലോ എന്ന ധൈര്യവും കൂടി ആയപ്പോൾ...... എന്തിനേറെ പറയുന്നു? ഞാനും സമ്മതിച്ചു.  


സത്യം പറയട്ടെ, ഇതിപ്പോ എഴുതുമ്പോൾ തന്നെ എൻറ്റെ നെഞ്ചിടിക്കുകയാണ്. പമ്പാ നദിക്കു അവിടെ നല്ല ആഴം മാത്രമല്ല, നല്ല ഒഴുക്കുമുണ്ട്. ആ ഒഴുക്ക് കൂടി കണക്കിലെടുത്ത് വേണം നീന്താൻ. വലത്ത് നിന്ന് ഇടത്തോട്ടാണ് ഒഴുക്ക്. അക്കരെ ഒരു കുളിക്കടവുണ്ട്, പക്ഷെ നേരെ എതിരെ ആയിട്ടല്ല, കുറച്ചു ഇടതു മാറിയിട്ടാണ് അതുള്ളത്‌. ആ കടവിലേക്ക് നീന്തിയാൽ  തിരിച്ചു വരുമ്പോൾ ഒഴുക്കിനെതിരെ നീന്തേണ്ടി വരും. അത് ബുദ്ധിയല്ല, കാരണം തിരിച്ചു വരുമ്പോൾ ക്ഷീണം കൂടാനേ സാധ്യതയുള്ളൂ.


അങ്ങനെ അക്കരെക്കുള്ള കടവിലേക്ക് നീന്തുന്നതിനു പകരം, നമ്മൾ നിൽക്കുന്നതിൻറ്റെ നേരെ എതിർവശത്തേക്ക് നീന്താൻ തീരുമാനമായി. നമ്മൾ സഹജിനോടോ മറ്റോ വിളിച്ചു കാര്യം പറഞ്ഞു.


ആദ്യം നീ തന്നെ നീന്തി തുടങ്ങി, പിന്നാലെ ഞങ്ങളും. പുഴ നീന്തിക്കടക്കുന്നത് ഒരു അനുഭവം തന്നെയാണന്നേ പറയാനുള്ളൂ. ആദ്യം വിചാരിച്ച അത്ര ഒഴുക്ക് ഇല്ല എന്ന് പിന്നെ തോന്നി. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ടു അക്കരെയെത്തി. നേരത്തെ തീരുമാനിച്ച പോലെ, നേരെ തന്നെയാണു നീന്തിയത്‌. പക്ഷെ അവിടെ എത്തിയപ്പോഴത്തെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. ആ ഭാഗത്ത് പുഴക്കര ആകെ കാടു പിടിച്ചു കിടക്കുകയാണ്. അത് കൊണ്ടു കരക്ക്‌ കയറാൻ ഒരു നിവൃത്തിയുമില്ല. കാലു നിലത്തു കുത്താനും വയ്യ. വെള്ളത്തിനടിയിൽ മുളങ്കുറ്റികൾ അല്ലെങ്കിൽ ചളി. അവസാനം നമുക്ക് കരയിലെ വള്ളികളിൽ പിടിച്ചു തൂങ്ങികിടക്കേണ്ടി വന്നു. നന്നായി കിതക്കുന്നുണ്ട്. ഒന്ന് വിശ്രമിക്കാതെ തിരിച്ചു നീന്താനും പറ്റില്ല. ഞാൻ അരുണിനെ നോക്കി; അവൻ തൂങ്ങിക്കിടന്നു ചിരിക്കുകയാണ്.  ആദ്യമായി പുഴ നീന്തിക്കടന്നതിൻറ്റെ സന്തോഷം അവൻറ്റെ മുഖത്തു കാണാം.


കുറച്ചു നേരം നമ്മൾ അവിടെ തൂങ്ങിക്കിടന്നു. അക്കരെ ബാക്കിയല്ലാവരും വെള്ളത്തിൽ കളിക്കുന്നത് വളരെ ചെറുതായി കാണാം. നമ്മൾ ഇക്കരെക്കു വന്നത് തന്നെ അവർ മറന്നു പോയിട്ടുണ്ടാവും എന്ന് തോന്നി. നീ ഇടക്ക് കാലു കുത്താൻ എവിടെയെങ്കിലും സ്ഥലം കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. അവസാനം ചെളിയിൽ കാലു പുതഞ്ഞപ്പോൾ ആ പണി വേണ്ടെന്നു വച്ചു. പിന്നെ വീണ്ടും തൂങ്ങികിടപ്പായി.


എനിക്കാണെങ്കിൽ ഈ പൊന്തപ്പടർപ്പുകൾക്കിടയിൽ പാമ്പുണ്ടാവുമോ എന്നൊരു ചിന്ത. തൂങ്ങിക്കിടന്ന് കൈയും വേദനിച്ചു തുടങ്ങി. കിതപ്പ് മുഴുവനും മാറിയിട്ടില്ലെങ്കിലും എങ്ങനെയെങ്കിലും അവിടന്നു ഒന്ന് പോയാൽ മതി എന്നായി. അങ്ങനെ ‘തിരിച്ചു പോകാം’ എന്ന് ഞാൻ പറഞ്ഞു.


പതിവ് പോലെ നീ മുന്നിൽ നീന്തി. പിന്നാലെ അരുണ്‍, പിന്നെ ഞാൻ.


ഇങ്ങോട്ട് നീന്തിയ പോലെ അല്ലായിരുന്നു തിരിച്ചുള്ള നീന്തൽ. നേരത്തെയുണ്ടായിരുന്നത്ര ശക്തി ഇപ്പൊ കിട്ടുന്നില്ല. അതോ പുഴയുടെ ഒഴുക്ക് കൂടിയോ? അരുണ്‍ മുന്നിൽ തന്നെയുണ്ട്. ഏതായാലും ഇങ്ങോട്ട് നീന്തിയപ്പോൾ ഉണ്ടായിരുന്ന സ്പീഡ് ഇല്ല എന്ന് ഉറപ്പ്.


അരുണും ഞാനും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. മാത്രമല്ല പതുക്കെ ഞാൻ വലത്തേക്ക് ഒഴുകി നീങ്ങുന്നുമുണ്ട്. അപ്പോഴേക്കും പുഴയുടെ ഒത്തനടുവിൽ എത്തിയിട്ടുണ്ടാവും. കൈകൾക്ക് ഒരു കടച്ചിൽ....വീണ്ടും വേഗത കുറഞ്ഞു.... ശ്വാസം എത്ര കഴിച്ചിട്ടും പോര എന്ന് തോന്നൽ... ഞാൻ നീന്തുന്നുണ്ടെങ്കിലും മുന്നോട്ടു നീങ്ങുന്നില്ല എന്ന് എനിക്ക് മനസ്സിലായി...


ആ നിമിഷം...... കാര്യങ്ങൾ കൈ വിട്ടോ എന്ന് തോന്നിയ ഒരു നിമിഷം.


പെട്ടെന്ന് പുഴയുടെ ആഴം എൻറ്റെ മനസ്സിൽ വന്നു. പത്താൾക്കുള്ള ആഴം എന്ന് കടവിനടുത്ത് താമസിക്കുന്ന ആൾ പറഞ്ഞത് എൻറ്റെ ചെവിയിൽ മുഴങ്ങി......ആ ആഴം എത്രയുണ്ടാവും എന്ന് അറിയാതെ മനസ്സിൽ സങ്കല്പ്പിച്ചു പോയി. നെഞ്ച് പട പടാ എന്ന് ഇടിച്ചു....കൈകാലുകൾ കുഴഞ്ഞു......ശ്വാസമെടുക്കാനുള്ള വെപ്രാളത്തിൽ രണ്ടു തവണ വെള്ളം കുടിച്ചു.... ഒരു തവണ ഒന്ന് മുങ്ങിപ്പൊങ്ങി.


ഉള്ള ശക്തി മുഴുവൻ എടുത്തു ഞാൻ കൈകാൽ അടിച്ചു പൊങ്ങി നിന്നു. തല മാത്രം വെള്ളത്തിന്‌ മുകളിൽ. അങ്ങനെ കുറച്ചു സെക്കൻറ്റുകൾ. ഒരു ബക്കറ്റിലെ വെള്ളത്തിൻറ്റെ മുകളിൽ പെട്ട ഒരു ഉറുമ്പിൻറ്റെ ചിത്രമാണ് മനസ്സിൽ. എത്ര നേരം ഇങ്ങനെ നിൽക്കാൻ കഴിയും? മനസ്സും ശരീരവും വീണ്ടും തളരുന്നു ....


നീയും അരുണും കുറേ മുന്നിലെത്തിയിരിക്കുന്നു......ആ സമയത്ത്, ഞാൻ നിൻറ്റെ പേര് വിളിച്ചോ എന്ന് എനിക്ക് ഓർമയില്ല. അതോ നീ ഇടക്കൊന്നു തിരിഞ്ഞു നോക്കിയതാണോ? ഏതായാലും പിന്നെ ഞാൻ കാണുന്നത് നീ തിരിച്ചു നീന്തുന്നതാണു.


അരുണിനേയും കടന്നു നീ പുഴയുടെ നടുക്ക് തിരിച്ചെത്തി. നീ വന്നപ്പോൾ തന്നെ പകുതി ധൈര്യമായി എന്ന് തോന്നി. പിന്നെ നീ നീന്തി എൻറ്റെ പിറകു വശത്ത് വന്നു. എന്നിട്ട് ഒരു കൈ കൊണ്ട് എന്നെ തള്ളി. എന്നിട്ട് 'നീന്തിക്കോ, ഇനി കുറച്ചേ ഉള്ളു...' എന്ന് പറഞ്ഞു.


ഞാൻ ആ തള്ളലിൽ കുറച്ചു മുന്നോട്ടു നീങ്ങി. പേടി മാറി, പക്ഷെ അപ്പോഴും കിതപ്പ്, കുഴഞ്ഞ കൈകൾ. വീണ്ടും നിൻറ്റെ തള്ളൽ... അങ്ങനെ പതുക്കെ പതുക്കെ മുന്നോട്ട്...


സംഗതി വശപ്പിശകാണെന്നു അപ്പോഴേക്കും കരയിലുള്ളവർക്ക് മനസ്സിലായിരുന്നു. നീന്തി വന്നു രക്ഷപ്പെടുത്താൻ പറ്റിയ ആരും അതിലില്ല. എന്നാലും അവർ പരമാവധി മുന്നോട്ട് വന്നു കാത്തു നിൽക്കുകയാണ് എന്നെ പിടിക്കാൻ. നിൻറ്റെ തള്ളലിൻറ്റെ ഊക്കിൽ പതുക്കെ പതുക്കെ ഞാൻ വെള്ളത്തിനടിയിലെ പാറയുടെ ഭാഗത്ത്‌ എത്തിയപ്പോഴേക്കും അവർ എന്നെ പിടിച്ചു വലിച്ചു. ഇനി ഒരു സെക്കൻറ്റ് കൂടി എനിക്ക് വെള്ളത്തിൽ പൊങ്ങി നിൽക്കാൻ കഴിയില്ലായിരുന്നു എന്ന് എനിക്ക് തോന്നി.


അവർ എന്നെ പൊക്കി ആഴം വളരെ കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടു വന്നു. പിന്നെ ഞാൻ തന്നെ നടന്നു കരക്ക്‌ കയറി. പിന്നെ കരയിലെ പുല്ലിലേക്ക്‌ മലർന്നു വീണു. ക്ഷീണവും ആശ്വാസവും ഒരേ സമയം തോന്നി. എല്ലാ തമാശകളും നിന്ന് പോകുമായിരുന്ന, കളി കാര്യമാകുമായിരുന്ന ഒരു നിമിഷമാണ് കടന്നു പോയത്. പിറ്റേന്നത്തെ പത്രത്തിൽ "എഞ്ചിനീയറിംഗ് വിദ്യാർഥി പുഴയിൽ ....." എന്നിങ്ങനെ തുടങ്ങുന്ന ഒരു ചെറിയ പെട്ടിക്കോളം വാർത്തയാണ് വഴിമാറിപ്പോയത്. ഞാൻ കുറച്ചു നേരം അങ്ങനെ കിടന്നു, നീയും അരുണും പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ വെള്ളത്തിൽ തന്നെയുണ്ട്‌.


കുറച്ചു കഴിഞ്ഞ് ഞാനെഴുന്നേറ്റു  അരുണിനെ വിളിച്ചു. അവൻ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് "എന്ത് പറ്റി? എന്താ ഇറങ്ങാത്തത്?" എന്ന് ചോദിച്ചു.


പിന്നെ ഞാൻ നിന്നെ നോക്കി.. നീ  "രക്ഷപെട്ടു അല്ലേടാ" എന്ന ഭാവത്തിൽ തല കുലുക്കി  ചിരിച്ചു. ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു.


ഇതൊക്കെ നിനക്ക് ഓർമയുണ്ടോ? നിനക്ക് കോളേജിലെ എന്ത് മണ്ണാങ്കട്ടയാണ് പിന്നെ ഓർമ്മ ഉള്ളത്? ഈ സംഭവമാണ് നിന്നെ 'ഹീറോ' ആക്കി ഒരു കഥ എഴുതും അന്ന് ഞാൻ അന്ന് പറഞ്ഞത്. അല്ലാതെ നീ കരുതിയത്‌ പോലെ..........


നീ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, തിരിച്ചു നീന്തിയില്ലായിരുന്നുവെങ്കിൽ, ഇന്നീ കത്ത് ഞാൻ നിനക്ക് എഴുതുമായിരുന്നോ? എൻറ്റെ ജീവൻ രക്ഷിക്കാത്ത നിനക്കെന്തിന് ഞാൻ കത്തെഴുതണം?


വേറെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല. ബാക്കി ഇനിയൊരു എഴുത്തുണ്ടെങ്കിൽ അപ്പോഴാവാം.


ഇപ്പൊ നിർത്തട്ടെ.


മിറാഷ്


വാൽക്കഷ്ണം:
-------------------------

ചിലപ്പോൾ അങ്ങിനെയാണ്, വലിയ മലമറിക്കൽ ഒന്നും വേണ്ടി വരില്ല. തക്കസമയത്ത് പിറകിൽ നിന്നുള്ള ഒരു 'തള്ള്' മാത്രം മതിയാവും  ജീവിതം തന്നെ മാറി മറിയാൻ. അതിനുള്ള മനസ്സുണ്ടാവണം എന്ന് മാത്രം.