2015 ജൂൺ 5, വെള്ളിയാഴ്‌ച

ചില്ലി ചിക്കൻ

കഴിഞ്ഞ കോളേജ് ഗെറ്റ്ടുഗതർ ദിവസം. രാവിലത്തെ അലുമ്നി മീറ്റ്‌ കഴിഞ്ഞ്, എല്ലാവരും ഫോട്ടോ എടുക്കൽ തിരക്കിലാണ്. അവസാനം ഗ്രൂപ്പ് ഫോട്ടോ എടുക്കലൊക്കെ കഴിഞ്ഞപ്പോൾ, ഞങ്ങൾ രണ്ടു പേരും മാത്രമായി ഓഫീസിനു മുന്നിലെ പടികളിൽ ഇരുന്നു. പതിനാറു കൊല്ലം മുൻപു, കോളേജിൻറ്റെ അവസാന ദിവസങ്ങളിൽ ഒരു നാൾ,  ഇതേ സ്ഥലത്തു വച്ചു എടുത്ത ഫോട്ടോയുടെ റീമേക്ക്. അൻസാരിയാണ് ഫോട്ടോഗ്രാഫർ. രാവിലെ വന്നതാണെങ്കിലും, അവിടെ അങ്ങനെ ഇരുന്നു ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ആണ്, ഞങ്ങൾക്ക് ഒന്ന് ഒഴിഞ്ഞു സംസാരിക്കാൻ പറ്റിയത്.


അവൻ : എടാ ... നമ്മൾ കോളേജിൽ ഒരിക്കൽ തിരിച്ചു വന്നത് ഓർമ്മയുണ്ടോ?


ഞാൻ : എപ്പോ വന്നത്?


അവൻ : കോളേജു വിട്ടു ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞിട്ട്.... അന്ന് ചിക്കൻ കുടുങ്ങിയത്? ......


ഞാൻ :  പിന്നെ ... അതു മറക്കാൻ പറ്റുമോ?


അവൻ : അന്ന് ഒരു  ഡോക്ടറുടെ വീട്ടിൽ പോയത് ഓർമ്മയുണ്ടോ? രണ്ടു പെണ്‍മക്കളുള്ള ഡോക്ടർ .....


ഞാൻ അവനെ ചോദ്യഭാവത്തിൽ  നോക്കി.


അവൻ : എടാ .... ഞാൻ നിന്നോടു ഒക്കെ പറഞ്ഞിട്ടുണ്ട്. നീ മറന്നു പോയിട്ടുണ്ടാവും.

ഇനി ഫ്ലാഷ്ബാക്ക്.


ഫ്ലാഷ്ബാക്ക് തുടങ്ങുന്നത് കോളേജിൽ നിന്ന് തന്നെ. നമ്മൾ കോളേജ് വിട്ടതിനു ശേഷം ഒരു കൊല്ലം കഴിഞ്ഞിട്ടുണ്ടാവും. ഞങ്ങൾ കുറച്ചു പേർ കോളേജിൽ വച്ച് കാണാം എന്ന് തീരുമാനിക്കുന്നു. ഒരു ചിന്ന ഗെറ്റ്ടുഗതർ എന്ന് വേണമെങ്കിൽ പറയാം. ആരൊക്കെ വന്നു എന്ന് ഇപ്പോൾ കൃത്യമായി ഓർമ വരുന്നില്ല. ഏതായാലും ഞാനും ജിമ്മിയും ഉണ്ട് എന്ന് ഉറപ്പ്. ജോലിയിൽ കയറി അധികമായിട്ടില്ലാത്ത ആ കാലത്ത്, കുറച്ചു പണിപ്പെട്ടു ഒരു ലീവ് ഒക്കെ ഒപ്പിച്ചെടുത്താണ് അന്ന് കോളേജിൽ എത്തുന്നത്.


  അങ്ങനെ കുറെ നേരം കോളേജിൽ എല്ലാവരുമായി ചിലവഴിച്ചു, സമയം പോയതറിഞ്ഞില്ല. ഒരു മൂന്നു മണിയോ മറ്റോ ആയപ്പോൾ ഞാനും ജിമ്മിയും കൂടി പ്രിയ ഹോട്ടലിൽ പോയി ഉച്ചഭക്ഷണം കഴിക്കാം എന്ന് പ്ലാൻ ഇടുന്നു. തെറ്റിദ്ധരിക്കേണ്ട!  പ്രിയ ബാർ അല്ല, പ്രിയ ബാറിൻറ്റെ മുകളിലെ നിലയിലുള്ള ഫാമിലി റസ്റ്റോറൻറ്റ് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.


  അങ്ങനെ ഞങ്ങൾ രണ്ടു പേരും വിശന്നു കരിഞ്ഞ അവസ്ത്ഥയിൽ പ്രിയയിൽ എത്തുന്നു. പൊറോട്ടയും ചില്ലിചിക്കനും ഓർഡർ ചെയ്തു കത്തിയടി തുടരുന്നു. പ്രിയയിലെ പൊറോട്ടയും ചില്ലിചിക്കനും പ്രസിദ്ധമാണ്. അങ്ങനെ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ സംഭവം മേശപ്പുറത്തെത്തി. നല്ല വിശപ്പുള്ളത് കൊണ്ടാവും എന്നേക്കാൾ മുൻപേ ജിമ്മി ഒരു കഷ്ണം എടുത്തു വായിലിട്ടു കഴിഞ്ഞു. സമയം കളയാതെ ഞാനും ഒരു കഷ്ണം എടുത്തു കടിച്ച സമയത്താണ്,  അത് കണ്ടത്...


  തൊട്ടപ്പുറത്ത് ജിമ്മി, നെഞ്ചിൽ കൈ വച്ച്, കണ്ണും തുറിച്ചു ഇരിക്കുന്നു!
 എനിക്കാദ്യം ഒന്നും മനസ്സിലായില്ല.


 "എന്ത് പറ്റി" എന്ന് ചോദിച്ചിട്ട് അവൻ ഒന്നും മിണ്ടുന്നില്ല! അല്ല! അവനൊന്നും മിണ്ടാൻ പറ്റുന്നില്ല. ശ്വാസം തന്നെ കിട്ടാത്ത പോലെ ഇരിക്കുകയാണ്!


 എൻറ്റെ നെഞ്ചിടിച്ചു. എന്ത് ചെയ്യണം എന്നറിയാത്ത രണ്ടു സെക്കൻഡ്.


പിന്നെ ചാടി എഴുന്നേറ്റു ഉറക്കെ വെയിറ്ററെ വിളിച്ചു. വിളി കേട്ട് ആരൊക്കെയോ ഓടി വന്നു. ഓടി വന്നവരും ഞാനും വീണ്ടും വീണ്ടും ജിമ്മിയോടു കാര്യം ചോദിച്ചിട്ടും, അവൻ അതേ അവസ്ഥയിൽ കണ്ണും തുറിച്ചു ഇരിക്കുകയാണ്.


  ഒരു മിനിറ്റ് കഴിഞ്ഞപ്പോഴാണ് സംഭവത്തിൻറ്റെ കിടപ്പു വശം മനസ്സിലാവുന്നത്. ചില്ലി ചിക്കൻ പാത്രത്തിൽ നിന്ന് കൊതിയോടെ ആദ്യത്തെ കഷ്ണം എടുത്തു വായിലിട്ടപ്പോൾ അബദ്ധത്തിൽ ആ കഷ്ണം എല്ലോടു കൂടി ഇറങ്ങിപ്പോയതാണ്! ചിക്കൻ തൊണ്ടയിൽ നിന്ന് ഇറങ്ങി പക്ഷെ, മുഴുവൻ ഇറങ്ങിപ്പോയുമില്ല! പകുതി വഴിയിൽ തടഞ്ഞ് ഇരിക്കുകയാണ്. ആദ്യം വിചാരിച്ചത് പോലെ, ശ്വാസനാളത്തിലല്ല അത് തടഞ്ഞിരിക്കുന്നത്‌. അത് തന്നെ വലിയ ഭാഗ്യം! ഈ അവസ്ഥയിൽ ശ്വാസം കഴിക്കാൻ പ്രശ്നമൊന്നുമില്ല.


  ഹോട്ടലിൽ ഉള്ളവർ പല അഭിപ്രായങ്ങളും പറഞ്ഞു, ഉടൻ ആശുപത്രിയിൽ പോകണം എന്ന് ഒരാൾ. ഒരു പഴം കഴിച്ചാൽ മതി, തടസ്സം മാറിക്കോളും എന്ന് മറ്റൊരാൾ. ഏതായാലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ പോകാം എന്ന ഉദ്ദേശ്യത്തിൽ ഞങ്ങൾ അവിടെ നിന്നിറങ്ങി.


  പുറത്തിറങ്ങി ഓട്ടോ കിട്ടുമോ നോക്കുന്നിതിനിടയിൽ എനിക്ക് തോന്നി "പഴം കഴിക്കൽ" ഒന്ന് പരീക്ഷിച്ചാലോ? ജിമ്മിയോടു കാര്യം പറഞ്ഞു. അവനു കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും പതുക്കെ സംസാരിക്കാം. ശരി. പരീക്ഷിക്കാം എന്ന് അവനും. അങ്ങനെ കുറച്ചപ്പുറത്തുള്ള ഒരു പെട്ടിക്കടയിൽ നിന്ന് രണ്ടു പഴം വാങ്ങി. പക്ഷെ ആ ചികിത്സ ഏശിയില്ല.  രണ്ടോ മൂന്നോ കഷ്ണം പഴം കഴിച്ചത്, പോയത് പോലെ തിരിച്ചു വന്നു. മാത്രമല്ല കുറച്ചു ചോര തുപ്പുകയും ചെയ്തു. അതോടെ സംഗതി അത്ര എളുപ്പമല്ല എന്ന് മനസ്സിലായി.


  പിന്നെ ചെയ്തത് റെജി അച്ചായൻറ്റെ ലാബിൽ നിന്ന് ഒരു എക്സ്-റേ എടുക്കലാണ്. പക്ഷെ  എക്സ്-റേയിൽ കോഴി കഷ്ണമോ എല്ലോ ഒന്നും കണ്ടില്ല. അതോടെ വീണ്ടും ആശയക്കുഴപ്പമായി.


 “എന്നാൽ ഇനി ആശുപത്രിയിൽ പോകാം” എന്നായി ഞാൻ.
“ശരി പോകാം...അതിനു മുൻപ് വീട്ടിലേക്കൊന്നു വിളിക്കാം” ജിമ്മി പറഞ്ഞു.


ജിമ്മിയുടെ അമ്മ ഡോക്ടറാണ്, അത് കൊണ്ടു ഒന്ന് വിളിച്ചു കാര്യം പറയുന്നത് നല്ലത് തന്നെ. അങ്ങനെ തൊട്ടടുത്തുള്ള എസ്.ടി.ഡി ബൂത്തിൽ കയറി, ജിമ്മി വീട്ടിലേക്കു വിളിച്ചു.


അമ്മ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. എന്നിട്ടു പറഞ്ഞു നേരെ വീട്ടിലേക്കു ചെല്ലാൻ.കാരണം.... ഇപ്പോൾ വലിയ അപകടമില്ല. ഇനി ചെങ്ങന്നൂർ എതെങ്കിലും ഹോസ്പിറ്റലുകാർ എന്തെങ്കിലും ചെയ്തു കൂടുതൽ അപകടമാകണ്ട. ഇങ്ങോട്ട് വന്നാൽ ഇവിടെ നല്ല ഡോക്ടറെ കാണിക്കാം.


ഫോണ്‍ വച്ചു. ഞാനും ജിമ്മിയും ഒന്നു കൂടി ആലോചിച്ചു.


ഈ അവസ്ഥയിൽ എറണാകുളം വരെ യാത്ര ചെയ്യാൻ പറ്റുമോ?
അതു പ്രശ്നമല്ല എന്നു ജിമ്മി. മാത്രമല്ല, എറണാകുളത്തു ചെന്നു അറിയുന്ന ഡോക്ടറെ കാണുകയാണെങ്കിൽ അതു തന്നെ നല്ലതു.
അങ്ങനെ.... പോകാൻ തന്നെ തീരുമാനിച്ചു.


ആ സമയത്തു ട്രെയിൻ ഒന്നുമില്ല. അതു കൊണ്ടു ഒരു ഓട്ടോ പിടിച്ചു നേരെ ബസ് സ്റ്റാൻറ്റിലേക്ക്. അവിടെ നിന്നു ആലപ്പുഴക്കുള്ള ബസ്സിൽ കയറി. എതായാലും ബാക്കി ഉള്ളവരെ വിവരം അറിയിക്കാൻ പോലും കഴിയാതെ, ഞങ്ങൾ ചെങ്ങന്നുർ വിട്ടു.


     ചെങ്ങന്നൂരിനോടു വിട പറയുമ്പോൾ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ ജിമ്മിയുടെ അപ്പോഴത്തെ അവസ്ഥക്ക് ശരിക്കും യോജിക്കും.


   മനോഹരമാണു ചങ്ങനാശ്ശേരി - ആലപ്പുഴ റൂട്ട്. എനിക്കാണെങ്കിൽ, പണ്ടൊരിക്കൽ കോട്ടയം വഴി ട്രെയിൻ മുടങ്ങിയപ്പോൾ, നടത്തിയ മറക്കാനാവാത്ത ആലപ്പുഴ യാത്രയുടെ ഓർമ്മകൾ. പക്ഷെ അതൊന്നും ആസ്വദിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ലല്ലോ അപ്പോൾ!


  ബസ്സിൻറ്റെ ഏറ്റവും പുറകിലെ സീറ്റിൽ ഇരുന്നാണു യാത്ര. ജിമ്മി മുന്നിലെ സീറ്റിൻറ്റെ കമ്പി പിടിച്ചു പുറത്തേക്കു നോക്കി മിണ്ടാതെ ഇരിക്കുന്നു. പ്രേംനസീർ ജനൽ കമ്പി പിടിച്ചു വികാരാധീനനായി നിൽക്കുന്ന സ്റ്റൈൽ.


  അവൻറ്റെ സങ്കടത്തിൽ പങ്കു ചേർന്നു മിണ്ടാതിരിക്കണോ അതോ അവനെ സമാധാനിപ്പിക്കാൻ എന്തെങ്കിലും സംസാരിച്ചിരിക്കണോ എന്നറിയാതെ ഞാൻ കുഴങ്ങി. അവസാനം മൌനം ഭൂഷണം എന്ന് തീരുമാനിച്ചു. അവാർഡ് സിനിമയിലെ കഥാപാത്രങ്ങൾ പോലെ ഞങ്ങൾ ഇടക്കൊന്നു മുഖത്തോടു മുഖം നോക്കും. അത്ര തന്നെ!


   ജിമ്മിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും സമയം രാത്രി ഏഴു മണി കഴിഞ്ഞു. അവന്റെ വീട്ടിൽ അച്ഛനും അമ്മയും കാത്തിരിക്കുകയാണു. ഞങ്ങൾ എത്തിയതും നേരെ വണ്ടിയെടുത്തു അടുത്തുള്ള ഡോക്ടറുടെ അടുത്തു പോയി. അമ്മക്ക് നന്നായി അറിയാവുന്ന ഡോക്ടറാണ്.


ഡോക്ടറുടെ വീടിന്റെ മുൻപിൽ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ജിമ്മി എന്നെ മാറ്റി നിർത്തി, പതിഞ്ഞ ശബ്ദത്തിൽ ബുദ്ധിമുട്ടി, പറഞ്ഞു


"എടാ ...എനിക്കറിയാം എന്ന് തോന്നുന്നു ഈ ഡോക്ടറെ. ഡോക്ടർക്ക് ഒരു മോളുണ്ട്"
"അതിന്?"


"മോളെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്"
"അതിന്?"


"പരിചയപ്പെട്ടിട്ടുണ്ടു"
"അതിന്?"


പിന്നെ അവൻ ഒന്നും മിണ്ടിയില്ല.


   ഡോക്ടറുടെ വീട്ടിൽ ചെന്നു ഞങ്ങൾ കോളിങ്ങ് ബെൽ അടിച്ചു. അൽപ്പ സമയം കഴിഞ്ഞു വാതിൽ മെല്ലെ തുറക്കപ്പെട്ടു. ജിമ്മിയുടെ കണ്ണുകൾ അകത്തു പരതി നടക്കുകയാണ്. വാതിൽ തുറന്ന സമയത്ത് കണ്ണ് വിടർന്നതാണൊ അതോ തൊണ്ടയിലെ കോഴിക്കഷ്ണം കാരണം കണ്ണു തള്ളിയതാണോ എന്നെനിക്കു പറയാൻ വയ്യ.


  ഞാൻ ചിന്തിച്ചു ..... ഈ മനുഷ്യൻമാരുടെ ഒരു കാര്യമേ! രാവിലെ മുതൽ പട്ടിണിയാണു. പോരാത്തതിനു ഒരു കോഴികഷ്ണം അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാതെ നെഞ്ചത്തിരിക്കുകയാണ്. ആ സമയത്തും അവൻറ്റെ ശ്രദ്ധ പോകുന്ന പോക്കു നോക്കണേ! ചത്താലും കുറുക്കൻറ്റെ കണ്ണു കോഴിക്കൂട്ടിൽ തന്നെ എന്നൊക്കെ വെറുതെയല്ല, പഴമക്കാർ ചൊല്ലുകൾ പറഞ്ഞുണ്ടാക്കിയതു.


   എതായാലും ഡോക്ടറുടെ പരിശോധന നടന്നു. പലതും ശ്രമിച്ചിട്ടു ഒടുവിൽ ഡോക്ടർ പറഞ്ഞു


“ഇതു കുറച്ചു റിസ്ക് ഉണ്ട്. ഹോസ്പിറ്റലിൽ പോകണം. എൻഡോസ്കോപ്പി ചെയ്യണം”.


  അവസാനം കലൂർ ഭാഗത്തുള്ള പി വി എസ് ഹോസ്പിറ്റലിൽ പൊകാം എന്നു തീരുമാനമായി. എൻഡോസ്കോപ്പിക്ക് ഒരുങ്ങിയിരിക്കാനുള്ള എർപ്പാടൊക്കെ ഹോസ്പിറ്റലിൽ വിളിച്ചു ഡോക്ടർ തന്നെ ചെയ്തു. ജിമ്മിയുടെ മുഖഭാവം കണ്ടാൽ ഡോക്ടറുടെ വീട്ടിൽ തന്നെ അഡ്മിറ്റ് ചെയ്താൽ മതിയായിരുന്നു എന്ന് തോന്നും.


    കൊച്ചിയിൽ നിന്നു കലൂർ എത്തണമെങ്കിലുള്ള ബുദ്ധിമുട്ടു അറിയാമല്ലോ. പിന്നേയും ഒരു മുക്കാൽ മണിക്കൂർ കാറിൽ. ഞങ്ങളുടെ ക്ഷമ നശിച്ചു എന്നു പറയുന്നതായിരിക്കും ശരി.


കഥ ഉദ്വേഗജനകമായ അവസാന ഭാഗത്തേക്കു പ്രവേശിക്കുകയാണു.....


തിരക്കു പിടിച്ച റോഡിൽ നിന്നു വെള്ള ടാറ്റാ എസ്റ്റേറ്റ് കാർ പി വി എസ് ഹോസ്പിറ്റലിലേക്കു അതി വേഗതയിൽ തിരിഞ്ഞു. ടയർ റോഡിൽ ഉരഞ്ഞ ശബ്ദവും, റബ്ബർ കരിഞ്ഞ മണവും, ഒരു ആവേശത്തിനു വേണമെങ്കിൽ ചേർക്കാം.


ചവിട്ടി നിർത്തിയ കാറിൽ നിന്നു നാലു പേർ ചാടിയിറങ്ങി.


ഞങ്ങളോടു രണ്ടു പേരോടും അശുപത്രി റിസപ്ഷനിൽ കാത്തു  നിൽക്കാൻ പറഞ്ഞിട്ടു, അച്ഛനും അമ്മയും കൂടി ഡോക്ടറെ തിരഞ്ഞു പോയി.


 ജിമ്മി അപ്പോഴും മൌന വ്രതം തന്നെ. അതോ ആലോചനയാണോ? മനസ്സിൻറ്റെ വാതിൽ തുറന്നാൽ ഡോക്ടറുടെ വീടായിരിക്കുമോ കാണുന്നത്?


  ജിമ്മിക്കു ഒരു സ്ഥലത്തു ഇരിക്കാൻ തോന്നുന്നില്ല. അത് കൊണ്ടു ഞങ്ങൾ റിസപ്ഷനിൽ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ പുറത്തിറങ്ങി, കാർ പാർക്കിങ്ങിലൂടെ ഒരു റൌണ്ട് നടന്നു. സമയം ഒൻപത് മണി ആയിട്ടുണ്ടു.


നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു:


“ഈ  എൻഡോസ്കോപ്പി എന്ന പരിപാടി കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കുറച്ചു കാലം മുൻപ് എൻറ്റെ ഉമ്മാക്ക് ചെയ്തിട്ടുണ്ടു. വായിലൂടെ കുഴൽ ഇടുന്ന പരിപാടിയാണു. കുഴൽ ഇട്ടാൽ ഓക്കാനിക്കാൻ വരും, അതേ സമയം അവരതു കുത്തി കയറ്റിക്കൊണ്ടിരിക്കുകയും ചെയ്യും”


ഇങ്ങനെയൊക്കെ പറഞ്ഞു ഞാൻ ഒന്ന് ഓക്കാനിച്ചു കാണിച്ചു.


ജിമ്മി ആദ്യം ചിരിച്ചു.
പിന്നെ ചുമച്ചു.
തുടർച്ചയായ ചുമ.
എന്തിനധികം പറയണം?
തൊണ്ടയിലെ കോഴികഷ്ണം ഔട്ട്!!


ഉച്ച മുതൽ ഞങ്ങളെയിട്ട് കുഴക്കിയ സാധനമാണു വളരെ സിമ്പിളായി പുറത്തു ചാടിയിരിക്കുന്നതു. ഞങ്ങൾ രണ്ടു പേരും തലയിൽ കൈ വച്ചു കുറച്ചു നേരം അവിടെ നിന്നു. പിന്നെ പരസ്പരം നോക്കി ചിരിച്ചു. ജിമ്മിക്കു ജീവൻ തിരിച്ചു കിട്ടിയ പോലെ സന്തോഷം തോന്നിയിട്ടുണ്ടാവും.


ഞങ്ങൾ താഴെ കിടക്കുന്ന കോഴികഷ്ണം പരിശോധിച്ചു. വാരിയെല്ലിൻറ്റെ ഭാഗത്തുള്ള,  നാലു വളഞ്ഞ എല്ലുകൾ ഉള്ള, ഒരു കഷ്ണം ആയിരുന്നു അത്. അതു കൊണ്ടായിരിക്കും മേലോട്ടും താഴോട്ടും ഇല്ലാതെ അത് കുടുങ്ങിപ്പോയത്.


എതായാലും, ഞങ്ങൾ അതൊരു കടലാസു തുണ്ടിൽ പൊതിഞ്ഞെടുത്തു.  എല്ലാവർക്കും കാണിച്ചു കൊടുക്കണമല്ലോ. എന്നിട്ട് ഞങ്ങൾ ആശുപത്രിയിലേക്ക് തിരിച്ച് നടന്നു.

*       *      *       *       *


ജിമ്മി : എടാ ... നമ്മൾ കോളേജിൽ ഒരിക്കൽ തിരിച്ചു വന്നത് ഓർമ്മയുണ്ടോ?
ഞാൻ : എപ്പോ വന്നത്?


ജിമ്മി : കോളേജു വിട്ടു ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞിട്ട്.... അന്ന് ചിക്കൻ കുടുങ്ങിയത്? ......
ഞാൻ :  പിന്നെ ... അതു മറക്കാൻ പറ്റുമോ?


ജിമ്മി : അന്ന് ഒരു  ഡോക്ടറുടെ വീട്ടിൽ പോയത് ഓർമ്മയുണ്ടോ? രണ്ടു പെണ്‍മക്കളുള്ള ഡോക്ടർ .....


ഞാൻ അവനെ ചോദ്യഭാവത്തിൽ  നോക്കി.


ജിമ്മി : എടാ .... ഞാൻ നിന്നോടു ഒക്കെ പറഞ്ഞിട്ടുണ്ട്. നീ മറന്നു പോയിട്ടുണ്ടാവും.


ഞാൻ : നീ പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് ഓർമയുണ്ടാവും. ഇപ്പൊ നീ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് ഒരു പിടിയുമില്ല! നീ പറയ്‌....


ജിമ്മി : നിൻറ്റെ ഒരു കാര്യം. എടാ.... ആ ഡോക്ടറുടെ മൂത്ത മോളെയല്ലേ ഞാൻ കെട്ടിയത്!

ഞാൻ കുന്തം വിഴുങ്ങിയ മാതിരി ഇരുന്നു എന്നു പറഞ്ഞാൽ മതിയല്ലോ!