2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

അദ്ധ്യാപകർ എന്നോടു ചെയ്തത്

   ഈ ആഴ്ച എന്ത് എഴുതും എന്ന് ആലോചിച്ചു കുഴങ്ങി ഇരിക്കുമ്പോൾ ആണ് അദ്ധ്യാപക ദിനം കടന്നു പോയത്  പത്രത്തിൽ വായിച്ചത്.  ഇത് തന്നെ തക്കം..... ഈ അവസരം മുതലെടുത്ത്‌ അദ്ധ്യാപകരെ കുറിച്ച് ഒരു പോസ്റ്റ്‌ കാച്ചികളയാം എന്ന് വിചാരിക്കുകയാണ്.


   ടീച്ചേഴ്സ് ഡേ, ഫാദേഴ്സ് ഡേ, വാലൻറ്റൈൻസ് ഡേ തുടങ്ങിയ അസംഖ്യം ദിനങ്ങളുടെ ആഘോഷം ഇന്നത്തെ കാലത്ത് ഉണ്ട്. ഇതൊക്കെ ഒരു തരം സാംസ്കാരിക അധിനിവേശം ആണെന്നും, ഈ ആഘോഷങ്ങളൊക്കെ കൊണ്ട് വന്നത് കുത്തക ബ്രാൻഡുകളും സാമ്രാജ്യത്വ ശക്തികളും ആണെന്നൊക്കെ ചിലർ തട്ടി വിടുന്നത് കേട്ടിട്ടുണ്ട്. അതൊന്നുമല്ല കാര്യം, പുതിയ അനുഭവങ്ങളുടെ മെഴുതിരി വെളിച്ചത്തിൽ ഞാൻ പറയാം. ഈ ആഘോഷങ്ങൾ കൊണ്ട് വന്നത് ബ്ലോഗെഴുത്തുകാരും ഫേസ്ബുക്ക് പോസ്റ്റർമാരും കൂടിയ ഒരുപുതിയ ഒരു വർഗ്ഗം ആണ്. അവരാണല്ലോ, ഓരോ ആഴ്ചയിലും എന്തെങ്കിലും ഒരു വിഷയം കിട്ടാൻ വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നത്.


  അദ്ധ്യാപകൻ സ്നേഹത്തിൻറ്റെ അക്ഷയഖനിയാണ്, ജീവിതത്തിൽ  വഴിത്തിരിവുണ്ടാക്കിയ മിശിഹാ ആണ് എന്നൊക്കെയുള്ള ലൈനിൽ ഒന്നും എഴുതാൻ ഉദ്ദേശിക്കുന്നില്ല. പേടിക്കണ്ട. എന്നെ പഠിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ച കുറെ സാറൻമാരിലും ടീച്ചർമാരിലും നിന്നും ചിലരുടെ മാത്രം ചില ഓർമ്മകൾ പങ്കുവെക്കാം. അത്രേയുള്ളൂ.


  ഒന്നാം ക്ലാസ്സിൽ "ഒന്നാനാം കുന്നിന്മേൽ...." പാടി പഠിപ്പിച്ചു തന്ന, മെലിഞ്ഞു ഭംഗിയുള്ള, റോസിലി ടീച്ചറെ ഒറ്റ വരിയിൽ ഓർത്തു കൊണ്ടു തുടങ്ങാം. പിന്നെ സ്വന്തം വീട്ടിലെ തൊഴുത്ത് ഞങ്ങളുടെ നഴ്സറി സ്കൂളിനു വിട്ടു തന്ന ഇബ്രാഹിം കുട്ടി മാഷ്‌, നാലാം ക്ലാസ് വരെ പഠിപ്പിച്ച ബ്ലോസ്സം ടീച്ചർ, ചാന്ദ്നി ടീച്ചർ എന്നിവരെ കൂടി കൂട്ടത്തിൽ ഓർക്കാം. നാലാം ക്ലാസ് വരെ പഠിച്ചത് തൃത്താല എന്ന സ്ഥലത്തുള്ള ടി.ഇ.എം.എസ് എന്ന സ്കൂളിൽ.


 ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച ബെഥനി സ്കൂളിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത്, മലയാളം പഠിപ്പിച്ച ബെന്നി സാറിനെയാണ്. ബെന്നി സാറിൻറ്റെ ക്ലാസ്സിൽ ഇരിക്കാൻ ഞങ്ങൾക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. മലയാളം പഠിക്കാൻ ഉള്ള അമിത താൽപര്യം കൊണ്ടൊന്നും അല്ല. ചെറുപ്പക്കാരനും സുമുഖനും ആയിരുന്ന ബെന്നി സാർ രസകരമായി ക്ലാസ് എടുക്കും. ധാരാളം തമാശ പറയും. പലപ്പോഴും പാഠപുസ്തകത്തിൽ ഇല്ലാത്ത കഥകൾ പറഞ്ഞു തരും.


  പക്ഷെ അത് മാത്രമല്ല കാര്യം, ബെന്നി സാറിന്റെ ക്ലാസ്സെടുക്കലിൽ  അത്യാവശ്യം എരിവും പുളിയും ഉണ്ടാവും. ശകുന്തളയുടെ പാഠം എടുക്കുന്ന സമയത്ത് ശകുന്തളയുടെ അംഗ ലാവണ്യ വർണ്ണനയൊക്കെ ഉണ്ടാവും. ദർഭമുന കാലിൽ കൊണ്ടു എന്ന നാട്യം ഒക്കെ അഭിനയിച്ചു കാണിക്കും. ദുഷ്യന്തൻറ്റെ പ്രേമവും വിരഹവും ഒക്കെ പൊടിപ്പും തൊങ്ങലും വച്ച് വിവരിക്കുമ്പോൾ, കേട്ടിരിക്കുന്ന ഞങ്ങളും ഒരു സ്വപ്നലോകത്ത് എത്തിയിട്ടുണ്ടാകും. ആ പ്രായത്തിൽ ഞങ്ങൾ ആണ്‍കുട്ടികൾക്ക് എന്താണ് ഇത്ര താല്പര്യം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബെന്നി സാറിനെയും സാറിൻറ്റെ ക്ലാസ്സും പെണ്‍കുട്ടികൾക്കും ഇഷ്ടമായിരുന്നിരിക്കണം. സാറിന്റെ കഥകൾ കേട്ട് അവർ കുണു കുണാ എന്ന് ചിരിച്ചു കൊണ്ടിരിക്കുന്നത് മാത്രം ഓർമ്മയുണ്ട്.


  ബെന്നി സാർ ഒരിക്കൽ ക്ലാസ്സിലെ ബ്ലാക്ക് ബോർഡിൽ എഴുതിത്തന്ന, പാഠപുസ്തകത്തിൽ ഇല്ലാത്ത ഒരു നാലു വരി കവിത ഇവിടെ കുറിക്കാം. എല്ലാ വരിയിലും ആദ്യ മൂന്നക്ഷരം ആവർത്തിച്ച്‌ വരുന്നതാണ് അതിന്റെ പ്രത്യേകത.


കുലമാകുലമാക്കുന്ന
പാതകപ്പാതകണ്ടു ഞാൻ
തകരാതകരാഗത്തോടി
ടിവനോടിവനോർവ്വിയിൽ

    പത്താം ക്ലാസ്സിൽ എത്തിയപ്പോൾ കണക്കിനും ഇംഗ്ലിഷിനും ട്യൂഷൻ എടുത്ത മാഷാണ് വാര്യർ മാഷ്. എൻറ്റെ ഉപ്പാടെ ഹൈസ്കൂൾ മാഷായിരുന്നു വാര്യർ മാഷ്. തൃത്താല ഹൈസ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു, ആലൂർ എന്ന തനി നാട്ടിൻപുറത്തെ തറവാട്ടു വീട്ടിൽ, അൽപസ്വൽപ്പം കവിതയെഴുത്തുമായി സ്വസ്ഥമായി കഴിഞ്ഞിരുന്ന മാഷ് ഉപ്പാടെ നിർബന്ധത്തിനു വഴങ്ങിയാണ് എനിക്ക് കണക്കും ഇംഗ്ലീഷും പഠിപ്പിക്കാൻ സമ്മതിച്ചതു. രണ്ടു നിബന്ധനകളോടെ. ഒന്ന്, എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണി മുതൽ പന്ത്രണ്ടു മണി വരെ ക്ലാസ്, അതിനു ഒമ്പതേ കാലിനു കൂറ്റനാട് സെൻറ്ററിൽ നിന്ന് പുറപ്പെടുന്ന പ്രയാഗ ബസ്സിൽ കയറി തന്നെ വരണം. രണ്ടു,  ഇരുനൂറു പേജിൻറ്റെ രണ്ടു നോട്ടുബുക്ക് വാങ്ങണം. ഒന്ന് കണക്കിനും മറ്റൊന്ന് ഇംഗ്ലീഷിനും. ഓരോ ആഴ്ചയും അതിൽ എൻറ്റെ സംശയങ്ങൾ എഴുതി കൊണ്ടു വരണം. ആ സംശയങ്ങൾ തീർത്തു കൊടുക്കൽ മാത്രമായിരിക്കും ട്യൂഷനിൽ നടക്കുന്നത്. എങ്ങനെയുണ്ട് മാഷും മാഷിൻറ്റെ നിബന്ധനകളും?


 നിബന്ധനകളൊക്കെ മാഷിൻറ്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്ന എൻറ്റെ ഉപ്പ അപ്പടി സമ്മതിച്ചു. ആദ്യത്തെ ആഴ്ചകൾ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു. ഞായറാഴ്ച രാവിലത്തെ ദൂരദർശൻ പരിപാടികൾ ഒഴിവാക്കിയാണ് ട്യൂഷന് പോകേണ്ടത്. പിന്നത്തെ പ്രശ്നം, എങ്ങനെ സംശയങ്ങൾ ഉണ്ടാക്കുംഎന്നതാണ്. ഞായറാഴ്ച രാവിലെ പാഠപുസ്തകം തുറന്നു സംശയങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ്. ആ ആഴ്ച സ്കൂളിൽ പഠിപ്പിച്ചത് കാര്യമായി ഒന്നും മനസ്സിലാകാത്ത എനിക്ക് എന്ത് സംശയം? സംശയങ്ങൾ ഉണ്ടാവണമെങ്കിലും കുറച്ചു വിവരം വേണം എന്ന് അപ്പോൾ മനസ്സിലായി. പിന്നെ പിന്നെ കണക്കും ഇംഗ്ലീഷും മാത്രം സ്കൂളിൽ പഠിപ്പിക്കുന്നത് കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങി. എന്ത് പഠിപ്പിച്ചാലും അതിൽ നിന്നൊക്കെ ചോദ്യങ്ങൾ ഉണ്ടാക്കാൻ ഞാൻ പഠിച്ചു. ഉത്തരം പറയാൻ മാഷ്ക്കും താൽപര്യം. അതിനു സിലബസിൽ ഉള്ളതാണോ അല്ലേ എന്നുള്ളതൊന്നും പ്രശ്നമല്ല.


  ഞായറാഴ്ച രാവിലെകളോടുള്ള പേടിയൊക്കെ മാറി. ആലൂർ ബസ്റ്റോപ്പിൽ നിന്നും ചമ്മിണിക്കാവു അമ്പലത്തിൻറ്റെ മുന്നിലൂടെ നടന്നു , അമ്പലപ്പറമ്പ് മുറിച്ചു കടന്ന്, ആളൊഴിഞ്ഞ ഇടവഴിയിലൂടെ ഉള്ള ആ നടപ്പും, അത് കഴിഞ്ഞുള്ള രണ്ടു മണിക്കൂർ ട്യൂഷനും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി.


   സംശയനിവാരണം ഒക്കെ കഴിഞ്ഞാൽ, മാഷ് എഴുതിയ കവിതകൾ ഇടക്ക് എന്നെ കാണിക്കും. സംസ്കൃത വാക്കുകൾ നിറഞ്ഞതാണ്‌ എല്ലാ കവിതകളും. അത് കൊണ്ടു തന്നെ എനിക്കൊന്നും മനസ്സിലായിരുന്നില്ല. അത് ഞാൻ മാഷിനോട് പറയുകയും ചെയ്തു. മാഷ് കുറച്ചൊക്കെ പറഞ്ഞു വിശദീകരിച്ച് മനസ്സിലാക്കിത്തരാൻ നോക്കും. പിന്നെ വലിയ കാര്യമില്ല എന്ന് മനസ്സിലാക്കി വേണ്ടെന്നു വെക്കും.


   എല്ലാം കാര്യങ്ങളും അടുക്കും ചിട്ടയിലും വേണം എന്ന് മാഷ്ക്ക് നിർബന്ധമായിരുന്നു. മേശപ്പുറത്തു പുസ്തകങ്ങൾ ഒരിക്കലും ചിതറിക്കിടക്കാൻ പാടില്ല. എല്ലാം മേൽക്കു മേലെ അടുക്കി വച്ചിരിക്കണം. മാത്രമല്ല, പുസ്തകങ്ങളുടെ അരിക് മേശയുടെ അരികുമായി നോക്കിയാൽ, ചെരിഞ്ഞിരിക്കാൻ പാടില്ല എന്ന് വരെ മാഷ്ക്ക് നിർബന്ധമായിരുന്നു.


   ഞാൻ പ്ലസ്ടുവിനു പഠിച്ചത് പെരുമ്പിലാവ് എന്ന സ്ഥലത്തുള്ള അൻസാർ സ്കൂളിലായിരുന്നു. പെരുമ്പിലാവ് മൂരിച്ചന്ത കഴിഞ്ഞാൽ അന്ന് ഏറ്റവും പ്രസിദ്ധം ഞങ്ങളുടെ സ്കൂൾ തന്നെയായിരുന്നു.


  പ്ലസ്ടു ക്ലാസ് ടീച്ചർ ആയിരുന്ന സയ്യിദ് സർനെ മറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമായിരുന്നു, തമിഴ്നാട്ടുകാരനായിരുന്ന മലയാളം അറിയാത്ത സയ്യിദ് സാറിനെ. വളരെ നന്നായി സർ ഫിസിക്സ്ക്ലാസ്സെടുക്കും. പരീക്ഷക്ക്‌ എങ്ങാനും മാർക്ക്  കുറഞ്ഞാൽ ഞങ്ങളെക്കാൾ വിഷമം സാറിനായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഓർമിക്കാനുള്ളത് അത് മാത്രം അല്ല. സ്കൂളിൽ ആർട്ട്‌സ് സ്പോർട്സ് മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ ഹൗസുകൾ ആക്കി തിരിക്കുന്ന പരിപാടി ഉണ്ടല്ലോ? ഹൌസ് ക്യാപ്റ്റന്മാർ, ഏറ്റവും സീനിയേഴ്സ് എന്ന നിലക്ക് പ്ലസ്ടു ക്ലാസ്സിൽ നിന്നായിരിക്കും. ഏതെങ്കിലും സ്പോർട്സിലോ ഗെയിംസിലോ ഒക്കെ വർഷങ്ങളായി തിളങ്ങി നില്ക്കുന്നവരെയാണു സാധാരണ ക്യാപ്റ്റന്മാരാക്കുന്നതു. അപ്രാവശ്യം സയ്യിദ് സർ ആ പതിവ് തെറ്റിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പിൻനിരക്കാരായ, എന്നാൽ കുറച്ചൊക്കെ കഴിവ് ഉണ്ട് എന്ന് സാറിനു തോന്നിയ നാല് പേരെ സർ ഹൌസ് ക്യാപ്റ്റന്മാരായി നിർദേശിച്ചു. ഒരു കൊല്ലം മുൻപ് മാത്രം ആ സ്കൂളിൽ ചേർന്ന കലാകായികമായി ഒന്നും ചെയ്തിട്ടില്ലാത്ത എനിക്കും ഒരു നറുക്ക് വീണു.  എൻറ്റെ കൂട്ടുകാർ പോലും എന്നോടു പറഞ്ഞു 'ഇത് നിനക്ക് പറ്റുന്ന പണിയല്ല, സാറിനോട് പറഞ്ഞു മാറ്റണം' എന്ന്. പക്ഷെ സയ്യിദ് സർ തീരുമാനിച്ചു കഴിഞ്ഞിരുന്നു. തികച്ചും അവിചാരിതമായി ഞാനങ്ങനെ "ബ്ലൂ" ഹൗസിൻറ്റെ ക്യാപ്റ്റൻ ആയി.


  ജീവിതത്തിൽ അത് വരെ ചെയാത്തത് പലതും ക്യാപ്റ്റൻ പണിയുടെ ഭാഗമായി ഞാൻ ചെയ്തു. അറിയാത്ത പല കാര്യങ്ങളും പഠിച്ചു. ആദ്യം മടിച്ചു നിന്ന കൂട്ടുകാർ പിന്നെ ഒപ്പം നിന്നു. മത്സരങ്ങളിൽ കുട്ടികളെ ചേർക്കാനും ടീമുകളെ ഉണ്ടാക്കാനും ഞാനും കൂട്ടുകാരും അഞ്ചാം ക്ലാസ് മുതലുള്ള എല്ലാ ക്ലാസ്സുകളിലും കയറി ഇറങ്ങി. ഞങ്ങൾ എല്ലാ ഗെയിമുകളുടെയും നിയമങ്ങൾ പഠിച്ചു. കളിക്കിടയിൽ തർക്കങ്ങൾ ഉണ്ടാവുമ്പോൾ അത് ആവശ്യമായിരുന്നു. നാടകത്തിൽ രണ്ടു സീനിൽ അഭിനയിക്കാൻ ആളെ കിട്ടാതായപ്പോൾ, വിറച്ചു കൊണ്ടു സ്റ്റേജിൽ കയറി കാണാപ്പാഠം പഠിച്ച ഡയലോഗ് ഉരുവിട്ടു. ഒത്തു പിടിച്ചാൽ മലയും പോരും എന്നാണല്ലോ! ഞങ്ങൾ ഒത്തു പിടിച്ചപ്പോ ഓവറോൾ ഒന്നാം സ്ഥാനം ബ്ലു ഹൗസിനു പോരുകയും ചെയ്തു. സയ്യിദ് സർ എന്തിനു പിൻ നിരക്കാരെ ക്യപ്റ്റന്മാരാക്കി എന്ന് ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാവും.


    ചെങ്ങന്നൂരിലെ എഞ്ചിനീയറിംഗ്  കാലത്തിൽ ആദ്യം ഓർമ വരുന്നതും, ആകെ എഴുതാൻ തോന്നുന്നതും, ആദ്യ സെമസ്റ്ററിൽ ഇലക്ട്രിക്കൽ തിയറി കുറച്ചു കാലം പഠിപ്പിച്ച നിഷ മിസ്സിനെക്കുറിച്ചാണ്. നിഷ മിസ്സ്‌ പഠിപ്പിച്ചത് പെട്ടെന്ന് മറന്നു പോകില്ല എന്ന് ആ ക്ലാസ്സിൽ ഇരുന്നവർക്കൊക്കെ അറിയാം. ഒരിക്കൽ  സബ്സ്റ്റിട്യൂഷൻ തിയറം എന്ന ഒരു സംഭവം പഠിപ്പിച്ചതിനു ശേഷം മിസ്സ്‌ ഒരു പ്രോബ്ലം ഇട്ടു തന്നു. ആദ്യം ഉത്തരം പറയുന്നവർക്ക് ഒരു സമ്മാനം ഉണ്ട് എന്നും പറഞ്ഞു. എനിക്കാണ് ആദ്യം ഉത്തരം കിട്ടിയത്. പിറ്റേ ദിവസം മിസ്സ്‌ ക്ലാസ്സിൽ വന്നപ്പോൾ ഒരു ഡയറിമിൽക്ക് ചോക്ലേറ്റും കൊണ്ടു വന്നിരുന്നു. അത് കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷം! നിഷ മിസ്സിനെ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്ന കാരണം എന്താണെന്ന് ഇനി പ്രത്യേകം പറയണ്ടല്ലോ!


 ക്ലാസ്സിലെ കുട്ടികളെയെല്ലാം വലിയ കാര്യമായിരുന്നു മിസ്സിന്. ഒരു വിധം എല്ലാവരുടെയും പേരുകൾ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ, മിസ്സിന് അറിയാമായിരുന്നു. ഒന്നാം സെമസ്റ്റർ കഴിയുന്നതിനു മുൻപ് നിഷ മിസ്സ്‌ ജോലി മാറി നമ്മുടെ കോളേജു വിട്ടു പോയി. പിന്നീട് രണ്ടു വർഷത്തിനു നിഷ മിസ്സ്‌ വീണ്ടും കോളേജിൽ വന്നു. വിവാഹത്തിനു ക്ഷണിക്കാൻ. മിസ്സ്‌ എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കല്യാണം വിളിച്ചു. 'എ' ബാച്ചിൽ എത്തിയപ്പോൾ ആരോ ചോദിച്ചു:


"ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടോ?"
"പിന്നെ.. ഓർമയുണ്ട്...."
"ഞങ്ങളുടെ പേരൊക്കെ ഇപ്പോഴും ഓർമയുണ്ടോ?"
"കുറച്ചൊക്കെ...."


"എന്നാൽ എൻറ്റെ പേര് പറയാമോ?" എന്ന് പറഞ്ഞു ആരോ കൈ പൊക്കി. നിഷ മിസ്സ്‌ കൃത്യമായി പേര് പറഞ്ഞു. പിന്നെയും രണ്ടു മൂന്നു പേർ കൈ പൊക്കി. മിസ്സ്‌ അവരുടെ പേരും പറഞ്ഞു. ക്ലാസ് മുഴുവൻ അന്തം വിട്ടിരുന്നു. പിന്നെ അധികം പരീക്ഷിക്കാൻ ആർക്കും തോന്നിയില്ല. ചിരിച്ചു കൊണ്ടു നിഷ മിസ്സ്‌ എല്ലാവരെയും കല്യാണത്തിന് ക്ഷണിച്ചു. നിഷ മിസ്സിന് ക്ലാസിലെ കുട്ടികളെ ശരിക്കും കാര്യമായിരുന്നു എന്ന് ഇപ്പൊ ആലോചിക്കുമ്പോൾ മനസ്സിലാവുന്നു.


വാൽകഷ്ണം
----------------------
റോസിലി ടീച്ചറും, ബെന്നി സാറും, വാര്യർ മാഷും, സയ്യിദ് സറും, നിഷ മിസ്സും എങ്ങനെ എന്നെ സ്വാധീനിച്ചു എന്ന് ഇന്ന് എനിക്ക് മനസ്സിലാവും.  ഇത്രയും  വരെ ക്ഷമയോടെ ഈ കുറിപ്പ്  വായിച്ചെങ്കിൽ നിങ്ങൾക്കും ഒരു ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാവും. അവർ പ്രത്യക്ഷമായും പരോക്ഷമായും പഠിപ്പിച്ച പാഠങ്ങൾ പറ്റാവുന്നിടത്തെല്ലാം ഞാൻ പ്രാവർത്തികമാക്കുന്നു. അവരോടും അവരെപ്പോലെയുള്ള മറ്റു അനേകം അദ്ധ്യാപകരോടും ഉള്ള എൻറ്റെ ഒരു ചെറിയ നന്ദി പ്രകടനമായി ഈ കുറിപ്പിനെ കരുതുക.


വാൽത്തുമ്പ്
-------------------

ഈ കുറിപ്പ്,  നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കുറിച്ച്  ഓർമിക്കാൻ നിങ്ങൾക്കു കാരണമായെങ്കിൽ അത് തന്നെ വലിയ കാര്യം എന്ന് ഞാൻ കരുതുന്നു. അവരെ കുറിച്ച് നാല് വരിയെങ്കിലും കമ്മൻറ്റിൽ  എഴുതി ആ ഓർമ്മ പങ്കിട്ടാൽ ഈ എഴുത്തിൻറ്റെ ഉദേശ്യം സഫലമായി എന്ന് കൂടി കരുതും.