എടോ സുഹൃത്തേ,
കുറേ നാളായി നിൻറ്റെ കത്തോ കുറിപ്പോ കണ്ടിട്ട്. മടി കൊണ്ടാവും എഴുതാത്തത് അല്ലേ?.... അതോ കത്തെഴുതി നീയും അതിനു മറുപടിയെഴുതി ഞാനും സമയം കളയണ്ടാ എന്ന് കരുതിയാണോ? കൂട്ടുകാരന് ബുദ്ധിമുട്ടും ശല്യവുമാവണ്ട എന്ന് കരുതി "മാറി" നിൽക്കുന്നതും നല്ലത് തന്നെ. ആർക്കു മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും.
എൻറ്റെ ഉപ്പയെക്കുറിച്ച് എഴുതാം എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ. ഇപ്പോഴാണ് സമയം ഒത്തു വന്നത്. നിൻറ്റെ ജേഷ്ഠൻറ്റേതുമായി ചില സമാനതകൾ ഉപ്പാടെ ജീവിതത്തിനുണ്ട് എന്നും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ? രണ്ടും രണ്ട് തലമുറയാണ്. എന്നാലും ചില സാമ്യങ്ങൾ ഉള്ളത് രസകരം തന്നെ.
മുഹമ്മദ് എന്നാണ് എൻറ്റെ ഉപ്പാടെ പേര്. കോടനാട് എന്ന സ്ഥലത്താണ് ഉപ്പ ജനിച്ചതും വളർന്നതും. പാലക്കാട് ജില്ലയിലെ കൂറ്റനാടിനും തൃത്താലക്കും ഇടക്കുള്ള സ്ഥലമാണ് കോടനാട്. സൂര്യൻ ഉദിക്കാത്ത നാട് എന്ന് വേണമെങ്കിൽ ഇന്നും വിളിക്കാവുന്ന ഒരു തനി നാട്ടിൻപുറം. ഉപ്പാടെ ഉപ്പ, അതായത് എൻറ്റെ വെല്ലിപ്പ, നാട്ടിലെ ഒരു ചെറുകിട മരക്കച്ചവടക്കാരനായിരുന്നു. വീട്ടിൽ വെല്ലിമ്മയുണ്ട്, പിന്നെ നാല് ആൺമക്കളും മൂന്നു പെൺമക്കളും. ജേഷ്ഠന്മാർ ആരും അധികനാൾ സ്കൂളിൽ പഠിച്ചിട്ടില്ല. സ്കൂളിൽ പോയിട്ട് തന്നെ ഉണ്ടോ സംശയം. പക്ഷേ, ഉപ്പ എങ്ങനെയോ സ്കൂളിൽ ചേർന്ന് പഠിച്ചു. തൃത്താല എന്ന സ്ഥലത്ത് ഭാരതപ്പുഴയുടെ തീരത്താണ് സ്കൂൾ. കോടനാട് നിന്ന് അഞ്ചു കിലോമീറ്റർ നടക്കണം. ഒരു പഴയ സൈക്കിൾ ടയർ എടുത്തു ഉരുട്ടി നടന്നാൽ ദൂരം ഒന്നും പ്രശ്നമായിരുന്നില്ല എന്ന് ഉപ്പ പറയും.
സ്കൂളിൽ പോകുന്നുണ്ടോ എന്നൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. നാലാം ക്ലാസ്സിൽ വച്ച് ഉപ്പ സ്കൂളിൽ പോക്ക് നിർത്തി. പ്രത്യേകിച്ച് കാരണമൊന്നുമില്ല. അക്കാലത്തെ കൂട്ടുകാരൊന്നും സ്കൂളിൽ പോകുന്നവരായിരുന്നില്ല; ഒരു പക്ഷേ അതാവാം കാരണം. ഉപ്പാടെ വീടിനടുത്താണ് പുല്ലാനിക്കാവ് അമ്പലം. അമ്പലത്തിലെ പൂരത്തിന് ഉപ്പയും കൂട്ടുകാരനും കൂടി കടലക്കച്ചവടം ചെയ്തു. പൂരപ്പറമ്പിൽ കടല വിറ്റു നടന്നിരുന്ന ഉപ്പയെ ഇക്കാക (മൂത്ത ജേഷ്ഠൻ ചേക്കുട്ടി) കയ്യോടെ പിടിക്കുകയും സ്കൂളിൽ കൊണ്ടാക്കുകയും ചെയ്തു. അങ്ങനെയാണ് ഉപ്പ പഠിത്തം തുടർന്നത്.
പൊതുവേ നന്നായി പഠിക്കുമായിരുന്നു ഉപ്പ. പിന്നെ നാടകം പ്രസംഗം കയ്യെഴുത്ത് മാസിക എൻ സി സി പ്രവർത്തനം തുടങ്ങിയ പരിപാടികളും. കൂട്ടുകാർക്കും കുറവുണ്ടായിരുന്നില്ല. ഒറ്റത്തവണ പരിചയപ്പെട്ടാൽ മതി അവരുടെ സമ്മതമൊന്നും കൂടാതെ തന്നെ ഉപ്പാടെ കൂട്ടുകാരനായിട്ടുണ്ടാവും. അന്നത്തെ മാഷുമാരായി നല്ല ബന്ധം ഉണ്ടായിരുന്നു. ആ ബന്ധങ്ങൾ പിന്നീടും സൂക്ഷിച്ചിരുന്നു. ഇന്നും സൂക്ഷിക്കുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ് തൃശ്ശൂർ കേരളവർമ്മയിൽ പ്രീഡിഗ്രി പഠനം.
പൊതുവേ നന്നായി പഠിക്കുമായിരുന്നു ഉപ്പ. പിന്നെ നാടകം പ്രസംഗം കയ്യെഴുത്ത് മാസിക എൻ സി സി പ്രവർത്തനം തുടങ്ങിയ പരിപാടികളും. കൂട്ടുകാർക്കും കുറവുണ്ടായിരുന്നില്ല. ഒറ്റത്തവണ പരിചയപ്പെട്ടാൽ മതി അവരുടെ സമ്മതമൊന്നും കൂടാതെ തന്നെ ഉപ്പാടെ കൂട്ടുകാരനായിട്ടുണ്ടാവും. അന്നത്തെ മാഷുമാരായി നല്ല ബന്ധം ഉണ്ടായിരുന്നു. ആ ബന്ധങ്ങൾ പിന്നീടും സൂക്ഷിച്ചിരുന്നു. ഇന്നും സൂക്ഷിക്കുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ് തൃശ്ശൂർ കേരളവർമ്മയിൽ പ്രീഡിഗ്രി പഠനം.
പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം. കൊച്ചിയിൽ വച്ച് നടന്ന ഒരു റിക്രൂട്ട്മെൻറ്റ് ക്യാമ്പിൽ വച്ച് ഉപ്പാക്ക് നേവിയിൽ സെലക്ഷൻ കിട്ടി. നേവിയിൽ ചേരാനുള്ള യാത്രക്കുള്ള പണം കയ്യിൽ ഇല്ലായിരുന്നു. അന്ന് വെല്ലിപ്പാക്ക് തൃശ്ശൂരും ചാവക്കാടും ഉള്ള രാജാ ടിമ്പേർസുമായി ചില കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു. ത്യശൂരിലെ രാജാ ടിമ്പേർസിലെ സൂപ്പർവൈസർ ആയിരുന്നു അന്തിക്കാട്ടുകാരനായ ആലിക്ക എന്ന പി പി ആലി. വെല്ലിപ്പ ആലിക്കാട് പണം ചോദിച്ചു. ആലിക്ക പണം കൊടുത്തില്ല എന്ന് മാത്രമല്ല, ഉപ്പയെ ഇനിയും പഠിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആലിക്കാടെ നിർബന്ധത്തിൽ ഉപ്പ പാലക്കാട് എൻ എസ് എസ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിനു ചേർന്നു. മെക്കാനിക്കൽ പഠിച്ചാലായിരുന്നു അന്ന് ജോലി കൂടുതൽ സാധ്യത. അന്ന് ബി എസ് സി എഞ്ചിനീയറിങ്ങ് എന്നാണ് കോഴ്സിൻറ്റെ പേര്.
പാലക്കാട് കോളേജിനടുത്ത് നിരപ്പലകയിട്ട ഒരു പീടിക മുറിയിലായിരുന്നു ഉപ്പ താമസിച്ചിരുന്നത്. എൻജിനീയറിംഗ് കോളേജിലെ കൂട്ടുകാർ ഉപ്പയെ, ആശാൻ എന്നാണ് വിളിച്ചിരുന്നത്. ഒരു നാടകത്തിൽ 'ആശാൻ' എന്ന കഥാപാത്രമായി അഭിനയിച്ചതോടെയാണത്രേ ആ പേര് സ്ഥിരമായത്.
എൻജിനീയറിംഗ് കഴിഞ്ഞപ്പോൾ വിചാരിച്ച പോലെയല്ലായിരുന്നു കാര്യങ്ങൾ. മെക്കാനിക്കൽ പഠിച്ചവർക്ക് ജോലി കിട്ടാൻ വഴിയൊന്നും ഇല്ല. 1967 മറ്റോ ആയിരിക്കണം കൊല്ലം. അങ്ങനെ ഉപ്പ ജോലി അന്വേഷിച്ചു ബോംബെയിലേക്ക് പോയി. പക്ഷേ, ആറു മാസം ബോംബെയിൽ നിന്നിട്ടും ജോലി ഒന്നും കിട്ടിയില്ല. അന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ബോംബെയിൽ നിന്നായിരുന്നു പ്രധാനമായും ആളുകൾ പോയിക്കൊണ്ടിരുന്നത്. ഉപ്പാക്ക് പാസ്പോർട്ടു പോലും ഇല്ലാത്തത് കൊണ്ട് ആ വഴിക്ക് ശ്രമിച്ചിരുന്നില്ല.
ജോലി അന്വേഷിച്ചു വന്ന ഒരുപാടാളുകൾ ഉപ്പ താമസിച്ചിരുന്ന ലോഡ്ജിൽ ഉണ്ടായിരുന്നു. അതിൽപെട്ട ഒരു മഹാരാഷ്ട്രക്കാരൻ ഉപ്പയേയും കൂട്ടി ഒരിക്കൽ ഒരു എജൻറ്റിനെ കാണാൻ പോയി. ബോംബെയിലെ അന്നത്തെ ഒരു 'ഗഫൂർക്ക' ആയിരുന്നു ആ എജൻറ്റ്. ഗൾഫിലേക്ക് ആളുകളെ ചരക്കു കപ്പലിൽ 'കയറ്റുമതി'ചെയ്യലാണ് പണി. അഞ്ഞൂറ് രൂപ കൊടുത്താൽ ഗൾഫിലെത്തിക്കാം എന്നയാൾ പറഞ്ഞു. കുറേ ആലോചനകൾക്കും, കുറേ ദിവസങ്ങൾക്കും, പണമുണ്ടാക്കാനുള്ള കുറെയേറെ തത്രപ്പാടുകൾക്കും ശേഷം അവർ അഞ്ഞൂറു രൂപ വീതം 'ഗഫൂർക്ക'യെ ഏൽപ്പിച്ചു. കയറിപ്പോകാൻ പറ്റിയ കപ്പൽ കിട്ടിയാൽ അയാൾ അറിയിക്കും. അത് വരെ കാത്തിരിക്കണം.
കുറച്ചു നാളുകൾ അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം എജൻറ്റിൻറ്റെ അറിയിപ്പ് വന്നു : ഇന്ന് രാത്രി തയാറാവണം. അങ്ങനെ അവർ ലോഡ്ജ് മുറി ഒഴിഞ്ഞ് ബാഗുമെടുത്ത് പോകാൻ റെഡിയായി. അന്ന് രാത്രി ഒരു
ചെറിയ ബോട്ടിൽ പുറം കടലിലുള്ള കപ്പലിൽ അവരെ എജൻറ്റ് എത്തിച്ചു. അവരെപ്പോലെ പത്തു മുപ്പതോളം ആളുകൾ ഉണ്ടായിരുന്നു അന്നത്തെയാ 'ലോഞ്ച് യാത്രക്ക്'.
ചെറിയ ബോട്ടിൽ പുറം കടലിലുള്ള കപ്പലിൽ അവരെ എജൻറ്റ് എത്തിച്ചു. അവരെപ്പോലെ പത്തു മുപ്പതോളം ആളുകൾ ഉണ്ടായിരുന്നു അന്നത്തെയാ 'ലോഞ്ച് യാത്രക്ക്'.
വിശദമായി എഴുതുന്നില്ല. ആറു ദിവസത്തെ യാത്രക്ക് ശേഷം കപ്പൽ പേർഷ്യൻ ഗൾഫിൽ എത്തി ("ആ കാണുന്നതാണ് ദുബായ് കടപ്പുറം" എന്ന് കപ്പിത്താൻ പറഞ്ഞു കാണുമോ എന്തോ). അന്ന് രാത്രിയായപ്പോൾ, ചെറിയ ബോട്ടുകളിലും വഞ്ചികളിലുമായി ആ മുപ്പത് പേരും കരക്കെത്തി. റാസൽഖൈമയുടെ ഏതോ ഒരു കടൽതീരത്താണ് അവർ ചെന്നിറങ്ങുന്നത്. ഒരു തരി വെളിച്ചം പോലും എങ്ങും ഇല്ല. കനത്ത ഇരുട്ട് മാത്രം.
പക്ഷെ, ഇറങ്ങിയ പാടെ എല്ലാവരും കടൽതീരത്ത് പട്രോളിംഗ് നടത്തുന്ന പോലീസിൻറ്റെ കയ്യിൽ ചെന്ന് പെട്ടു. കടൽത്തീരം മുഴുവൻ ഇരുട്ടാണെങ്കിലും, അന്നത്തെ പോലീസിൻറ്റെ കയ്യിൽ ചില ചെപ്പടി വിദ്യകൾ ഉണ്ടായിരുന്നത്രേ. പൂത്തിരി പോലെയുള്ള ഒരു സാധനം ഒരു പ്രത്യേക ഒരു തോക്കിൽ വച്ച് മുകളിലേക്ക് ഒറ്റ വെടിയാണ്. അത് താഴേക്ക് വരുമ്പോൾ ഒരു നിശ്ചിത ഉയരത്തിലെത്തിയാൽ പൊട്ടും. പൂത്തിരി പോലെയോ അല്ലെങ്കിൽ മത്താപ്പൂ പോലേയോ ഉള്ള കത്തൽ. കുറച്ചു നേരത്തേക്ക്കടൽത്തീരം മുഴുവൻ വെളിച്ചത്തിൽ കുളിക്കും.
രാത്രി കുറേ നേരം പോലീസിന്റെ കസ്റ്റടിയിൽ കഴിഞ്ഞെങ്കിലും, നേരം വെളുക്കന്നതിനു മുൻപ് അധികം പ്രശ്നമുണ്ടാക്കാൻ നിൽക്കാതെ അവർ എല്ലാവരെയും വെറുതേ വിട്ടു. പാസ്പോർട്ടും വിസയും ഇല്ല എന്നുള്ളതൊന്നും അന്ന് ഒരു പ്രശ്നമായിരുന്നില്ല. വല്ല കൊള്ളക്കാരോ കുഴപ്പക്കാരോ ആണോ എന്നേ അവർക്കറിയേണ്ടതുള്ളു. ജോലി അന്വേഷിച്ചു വന്നവരാണെന്നറിഞ്ഞപ്പോൾ എല്ലാവരേയും വിട്ടയച്ചു.
ചുരുക്കിപ്പറയാം.... അന്നു തന്നെ, മുപ്പതു പേരും അവിടെ നിന്ന് വഴി പിരിഞ്ഞു. ഉപ്പ പലരുടേയും സഹായത്തോടെ ദുബായിയിൽ എത്തി. പല ജോലികളിൽ കയറി. പിന്നീട് അബുദാബിയിൽ തരക്കേടില്ലാത്ത ജോലി കിട്ടി. മെക്കാനിക്കൽ എഞ്ചിനീയറുടെ ജോലി അല്ല. നല്ല ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയർ ജോലി ആയിരുന്നു. അതിൽ തന്നെ തുടരുകയും ചെയ്തു.
അങ്ങനെ കോടനാട് ഗ്രാമത്തിലെ ആദ്യ എൻജിനീയറായ ഉപ്പ, അവിടെ നിന്നുള്ള ആദ്യത്തെ ഗൾഫുകാരനുമായി. പാസ്പോർട്ടും വിസയുമൊക്കെ കുറച്ചു നാളുകൾക്കുള്ളിൽ ശരിയാക്കിയെടുത്തു. അധികം താമസിയാതെ സുന്ദരിയും സുശീലയും ആയ, ബിരിയാണി ഒഴികെയുള്ള വിഭവങ്ങളിൽ നല്ല പാചക നൈപുണ്യമുള്ള, നീന്തൽ തുടങ്ങിയ സുകുമാരകലകൾ അറിയുന്ന, ആയിടക്കു മാത്രം പത്താം ക്ലാസ്സ് തോറ്റ, ഏതാണ്ട് പത്ത് വർഷത്തോളം പ്രായ വ്യത്യാസമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു. രാജാ ടിമ്പേർസിലെ സൂപ്പർവൈസർ അന്തിക്കാട്ടുകാരനായ ആലിക്കാടെ മൂത്ത മകൾ മൈമൂനയായിരുന്നു ആ വധു.
അങ്ങനെ കോടനാട് ഗ്രാമത്തിലെ ആദ്യ എൻജിനീയറായ ഉപ്പ, അവിടെ നിന്നുള്ള ആദ്യത്തെ ഗൾഫുകാരനുമായി. പാസ്പോർട്ടും വിസയുമൊക്കെ കുറച്ചു നാളുകൾക്കുള്ളിൽ ശരിയാക്കിയെടുത്തു. അധികം താമസിയാതെ സുന്ദരിയും സുശീലയും ആയ, ബിരിയാണി ഒഴികെയുള്ള വിഭവങ്ങളിൽ നല്ല പാചക നൈപുണ്യമുള്ള, നീന്തൽ തുടങ്ങിയ സുകുമാരകലകൾ അറിയുന്ന, ആയിടക്കു മാത്രം പത്താം ക്ലാസ്സ് തോറ്റ, ഏതാണ്ട് പത്ത് വർഷത്തോളം പ്രായ വ്യത്യാസമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു. രാജാ ടിമ്പേർസിലെ സൂപ്പർവൈസർ അന്തിക്കാട്ടുകാരനായ ആലിക്കാടെ മൂത്ത മകൾ മൈമൂനയായിരുന്നു ആ വധു.
എല്ലാ കാര്യങ്ങളും മാറും, മാറിമറിയും. മാറ്റമില്ലാത്തത് എന്താണുള്ളതീ ലോകത്ത്? ഋതുക്കൾ മാറുന്നത് പോലെ ആളുകളും അവസ്ഥകളും മാറും. ഉദാഹരണത്തിന്, ഈ മാസം ബാംഗ്ലൂരിൽ തണുപ്പുകാലം മാറി കടുത്ത ചൂടുകാലം വന്നു. എല്ലാം പെട്ടെന്നായിരുന്നു. മറ്റു വിശേഷങ്ങൾ പ്രത്യേകിച്ച് ഒന്നും പറയാനില്ല. സമയമൊരുപാടു വൈകി. നിർത്തട്ടെ.




