അനുഭവം ഗുരു എന്നാണല്ലോ! ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ നാലു വർഷം പലതും പഠിപ്പിച്ചു. ആ അനുഭവങ്ങളിൽ നിന്ന് പഠിച്ച മൂന്നു കാര്യങ്ങൾ.
1. സ്ത്രീസ്വാതന്ത്രത്തിൽ കൈകടത്തരുത്
കോളേജിൽ ഒരു നേച്വർ ക്ളബ് ഉണ്ടായിരുന്നു. ശ്രീധർ സാറായിരുന്നു അത് തുടങ്ങിയതും അത് കൊണ്ടു നടന്നിരുന്നതും. ക്ലബിൻറ്റെ പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു എന്നൊന്നും എനിക്കോർമ്മ കിട്ടുന്നില്ല. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നേച്വർ ക്ളബിൻറ്റെ ഒരു മീറ്റിംഗുണ്ട് എന്ന് ഞാൻ കേട്ടിരുന്നു. എന്താണു സംഭവം എന്നറിയാൻ എപ്പോഴെങ്കിലും അതിൽ ഒന്ന് പങ്കെടുക്കണം എന്ന് മനസ്സിൽ കരുതുകയും ചെയ്തിരുന്നു.
ഒന്നാമത്തെയോ രണ്ടാമത്തെയോ സെമസ്റ്റർ ആയിരിക്കണം. ഒരു വ്യാഴാഴ്ച ഞാനും മീറ്റിംഗിനു പോയി. AS/400 ലാബിൻറ്റെ ഭാഗത്തുള്ള ഒരു ക്ലാസ്സ് മുറിയിൽ വച്ചാണ് മീറ്റിംഗ് നടക്കുന്നത്. ഞാൻ ചെന്നു കയറുമ്പോൾ അവിടെ ഒരു ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഡിസ്കഷൻ ആണത്രേ. വിഷയം സ്ത്രീസ്വാതന്ത്രം. ആൺകുട്ടികളും പെൺകുട്ടികളുമായി മുറി ഏതാണ്ടു നിറഞ്ഞിരിക്കുന്നു. ശ്രീധർ സാർ തന്നെയാണ് ചർച്ചക്കും നേതൃത്വം. ചിലർ ഇംഗ്ലീഷിൽ പറയുന്നു, ചിലർ മലയാളത്തിലും. ആകെ മൊത്തം രസമുണ്ട്. വെറുതേ കേൾക്കുക മാത്രം എന്ന ഉദ്ദേശ്യത്തിൽ ഞാനും ഇരുന്നു.
മുറിയിൽ ചർച്ച മുറുകി. വിവാഹവും കുടുംബവുമൊക്കെ സ്ത്രീകളെ വീട്ടിൽ തളച്ചിടുന്നു, അവർക്ക് ഉയരാനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന അർത്ഥത്തിൽ ആരൊക്കെയോ സംസാരിച്ചു. പുരോഗമന ചിന്താഗതി ആണല്ലോ എന്ന് കരുതിയാവാം ആരും എതിർത്തൊന്നും പറയുന്നില്ല. ആ വിഷയത്തിൽ ചിലത് പറയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി. ഒരവസരം കിട്ടിയപ്പോൾ ഞാൻ മൈക്ക് കൈയിലെടുത്തു (സത്യത്തിൽ അവിടെ മൈക്കൊന്നും ഉണ്ടായിരുന്നില്ല. ഞാൻ സംസാരിച്ചു തുടങ്ങി എന്നേ അർത്ഥമുള്ളു).
'ഇണകൾക്ക് വേണ്ടി നിരന്തരം മൽസരിച്ചും ചോരയൊഴുക്കിയും കൊന്നും കഴിഞ്ഞിരുന്ന കാടൻ ജീവിതത്തിൽ നിന്നുള്ള ഒരു മാറ്റമായിട്ടു വേണം വിവാഹത്തേയും കടുംബജീവിതത്തേയും കാണാൻ. പഴയ രീതിയിലേക്കുള്ള തിരിച്ചു പോക്ക് നമുക്ക് വേണോ? പിന്നെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ സൌകര്യത്തിന് വേണ്ടി ആണും പെണ്ണും പങ്കിട്ടെടുക്കുന്നു എന്ന് കരുതിയാൽ പോരേ? സാമ്പത്തികം സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ആണും, വീട് കുട്ടികൾ തുടങ്ങിയ കാര്യങ്ങൾ പെണ്ണും ഏറ്റെടുത്ത് ചെയ്യുന്നു. അത്രയല്ലേ അതിലുളളൂ? എല്ലാം ഒരേ പോലെ പ്രാധാന്യമുള്ള കാര്യങ്ങൾ തന്നെ’,ഇതൊക്കെയാണ് ഞാൻ പറഞ്ഞത്.
ചർച്ച മുന്നോട്ടു പോയി. അടുത്ത അവസരത്തിൽ മൈക്ക് കിട്ടിയപ്പോൾ (അതായത് സംസാരിച്ചു തുടങ്ങിയപ്പോൾ എന്നർത്ഥം; എന്നെക്കൊണ്ട് ഇത് വീണ്ടും വീണ്ടും പറയിപ്പിക്കരുത്), ഞാൻ പറഞ്ഞു 'ഇനി സ്ത്രീയുടെ ഉയർച്ചയുടെ കാര്യം. സ്ത്രീക്ക് അവരുടേതായ മേഖലകളിൽ ഉയരത്തിലെത്താൻ കഴിയും എന്നാണ് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത്. അവർ അതിന് ശ്രമിക്കുകയാണ് വേണ്ടത്, അല്ലാതെ പുരുഷനോട് മത്സരിക്കുകയല്ല. ഗാന്ധിജിയുടെ പ്രവർത്തനങ്ങളോളം തന്നെ പ്രാധാന്യം കൂടെ നിന്നും കുടുംബം നോക്കിയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത്, ഗാന്ധിജിക്ക് എല്ലാ പിന്തുണയും നല്കിയ കസ്തൂർബ ഗാന്ധിക്കും ഉണ്ടല്ലോ!'
ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞാൽ പിന്നെ പൊതുവേ ആരും എതിർക്കാറില്ലല്ലോ! അത് കൊണ്ടാവാം ആരും തിരിച്ചൊന്നും പറഞ്ഞില്ല.
അന്നത്തെ ചർച്ച കഴിഞ്ഞു പുറത്തിറങ്ങി നടക്കുമ്പോൾ എനിക്ക് അഭിമാനം തോന്നി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സഹപാഠികൾ ഡിബേറ്റുകളിൽ പങ്കെടുക്കുന്നത് നോക്കി നിന്ന് കണ്ടിട്ടേയുള്ളൂ. ഇതിപ്പോ ഒരു ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ഇനിയെന്ത് വേണം? അങ്ങനെ സ്വയം സന്തോഷിച്ചാണ് നടപ്പ്. അപ്പോൾ പിറകിൽ നിന്നാരോ വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ ക്ലാസ്സിലെ പരിചയമുള്ള പെൺകുട്ടിയാണ്. മീറ്റിംഗിൽ ഇരിക്കുന്നത് കണ്ടിരുന്നു. ഒപ്പം കൂട്ടുകാരികളും ഉണ്ട്.
"ഭയങ്കര ഡയലോഗായിരുന്നല്ലോ?", ആ കുട്ടിയുടെ ചോദ്യം.
"ഏയ് ... അങ്ങിനെയൊന്നുമില്ല. ഞാൻ എൻറ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം", കുറച്ചു വിനയം കാണിക്കണമല്ലോ.
"ഇയാൾ അവിടെ പറഞ്ഞതൊക്കെ ശരിക്കും ഇയാളുടെ അഭിപ്രായം തന്നെയാണോ?", ചെറിയൊരു അത്ഭുതത്തോടെയാണ് ചോദ്യം.
" അല്ലാതെ പിന്നെ? അതെന്താ അങ്ങനെ ചോദിച്ചത്?" ഞാൻ സംശയം പ്രകടിപ്പിച്ചു.
"ഏയ് ... ഒന്നുല്ല ....വളരെ നല്ല അഭിപ്രായങ്ങൾ..... ഇയാള് വല്ല ജാംബവാൻറ്റെ കാലത്തും ജനിക്കേണ്ടതായിരുന്നു"
ഞാനവളുടെ മുഖത്തേക്കു നോക്കി കുറച്ചു നേരം നിന്നു പോയി. തമാശയായിട്ട് പറയുകയാണോ? അതോ കാര്യമായിട്ടാണോ? ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഈ ജാംബവാൻ എന്ന കക്ഷി ആരാണെന്ന് എനിക്ക് വലിയ പിടിയില്ല. പക്ഷെ ‘ജാംബവാൻറ്റെ കാലത്ത്’ എന്ന് തൃശ്ശൂർക്കാർ പ്രയോഗിക്കുന്നത് എത്രയോ കേട്ടിരിക്കുന്നു. ‘ജാംബവാൻറ്റെ കാലത്തുള്ള വണ്ടി’ എന്ന് പറഞ്ഞാൽ വളരെ പഴയ വണ്ടി എന്നാണർത്ഥം.
അതായത്.... ഞാൻ ഒരു തനി പഴഞ്ചൻ കണ്ട്രി ഫെല്ലോ ആണെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എന്റെ അഭിമാനപൂരിതമാം അന്തരംഗത്തിൽ ഒരു ബക്കറ്റ് തണുത്ത വെള്ളം കോരി ഒഴിച്ച പോലെയുള്ള ഒരു കോരിത്തരിപ്പ്!
എതായാലും, പിന്നെ നേച്വർ ക്ളബിൻറ്റെ പരിസര പ്രദേശങ്ങളിലേക്കൊന്നും ഞാൻ പോയിട്ടില്ല. സ്ത്രീസ്വാതന്ത്രത്തിൽ കൈകടത്തിയിട്ടേയില്ല.
2. കോളേജ് ചെയർമാന് അലാം ക്ലോക്ക് നന്നാക്കാൻ കൊടുക്കരുത്
കൊടുക്കരുത് ഒരിക്കലും കൊടുക്കരുത്. അല്ലെങ്കിൽ എനിക്ക് പറ്റിയ പോലെ നിങ്ങൾക്കും പറ്റും. അത്രേയുള്ളൂ... സംഭവം പറയാം.......
ഒന്നാം സെമസ്റ്ററിൽ ആണ് ഇത് നടക്കുന്നത്. എന്ന് പറഞ്ഞാൽ ചെങ്ങന്നൂർ കോളേജിൽ വന്നു കയറിയിട്ടേയുള്ളൂ എന്നർത്ഥം. ഞങ്ങൾ അങ്ങാടിക്കൽ അടുത്തുള്ള വയലിനോടു ചേർന്നുള്ള 'ബ്രദേഴ്സി'ൽ സുഖ ജീവിതം നയിച്ചു വരുന്നു. മുൻഭാഗത്ത് കോൺക്രീറ്റും പിന്നിൽ ഓടിൻറ്റെ മേൽക്കൂരയുമുള്ള വീട്. ഞാനും അഭിലാഷും ജിബുസാറും ഒരു മുറിയിലാണ്. വീടിൻറ്റെ പിന്നിലെ ഓടിട്ട ഭാഗത്തെ വലിയ മുറിയിൽ ആണ് ഞങ്ങൾ. മൂന്നു ചുമരിനോടു ചേർന്നും ഓരോ കട്ടിലുകൾ. വാതിലും രണ്ടു ജനാലകളും അടച്ചാൽ പിന്നെ ഉള്ളിൽ കൂരാകൂരിരുട്ടാണ്. അങ്ങനെ രാത്രി കിടന്നുറങ്ങിയാൽ പിന്നെ നേരം വെളുത്താലും അറിയില്ല.
എൻറ്റെ കയ്യിൽ ഒരു അലാം ക്ലോക്ക് ഉണ്ടായിരുന്നു. ചെങ്ങന്നൂർക്ക് വരുമ്പോൾ ഉമ്മ പുതുതായി വാങ്ങിച്ചു തന്നത്. അതിൽ ആറു മണിക്കു അലാം വച്ച് ഞാൻ കിടക്കും. കൃത്യസമയത്ത് ഉണരും. എന്നിട്ട് അലാം ഓഫാക്കി പിന്നെയും ഒരഞ്ചു മിനിറ്റ്കൂടി കിടക്കും. ആ അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും ഒരു ഏഴു മണി ആയിട്ടുണ്ടാവും. അപ്പോഴാണ് ശരിക്കുള്ള എഴുന്നേൽക്കൽ. പിന്നെ കുളിയും തേവാരവും കഴിഞ്ഞു, മനോഹരമായ ബ്രേക്ഫാസ്റ്റ്. ഭക്ഷണം ഉണ്ടാക്കി തരാൻ പാചകക്കാരനുണ്ട്. ഭക്ഷണം കഴിഞ്ഞ്, യൂണിഫോമിട്ട് കുട്ടപ്പൻമാരായി എല്ലാവരും കൂടെ സൈക്കിളിൽ കോളേജിലേക്ക്. അങ്ങനെ കാര്യങ്ങൾ വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുമ്പോൾ . . . . . . . . .
ഒരു അവധി ദിവസം ഞാൻ എവിടെയോ പുറത്തു പോയിരുന്നു. വൈകുന്നേരം തിരിച്ചു വീട്ടിലെത്തി മുറിയിൽ കയറിയപ്പോൾ...... ഒന്ന് ഞെട്ടി. ജിബുസാറിൻറ്റെ കട്ടിലിൽ ഇരുന്നു അഭിലാഷ് എൻറ്റെ അലാം ക്ലോക്കിനെ കീറി മുറിച്ചു കൊണ്ടിരിക്കുന്നു. പണിയായുധങ്ങളായി രണ്ടോ മൂന്നോ സ്ക്രൂ ഡ്രൈവർ കാണുന്നുണ്ട്. ജിബുസാർ ആകാംഷാഭരിതനായ കാഴ്ചക്കാരൻറ്റേയും നിർബന്ധിതനായ സഹായിയുടേയും ഇരട്ട വേഷം തൻമയത്വത്തോടെ ചെയ്തു കൊണ്ടിരിക്കുന്നു.
എന്നെ കണ്ടപ്പോൾ അഭിലാഷ്:
"ഹ ഹ ഹ ഹ... നീ വന്നോ? "
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല... പിന്നെ ചോദിച്ചു:
"എന്താ നിങ്ങള് ചെയ്യണത്?"
"ഇത് അലാം അടിക്കുന്നില്ലല്ലോ! അത് ശരിയാക്കിത്തരാം" അഭിലാഷിൻറ്റെ മറുപടി.
ശരിയാണ്. കുറച്ചു ദിവസമായി അലാം ക്ലോക്ക് ശരിക്കു പണി ചെയ്യുന്നില്ല. എന്ന് പറഞ്ഞാൽ ക്ലോക്ക് നടക്കുന്നുണ്ട്, സമയം കൃത്യമായി കാണിക്കുന്നുമുണ്ട്, പക്ഷെ അലാം അടിക്കുന്നില്ല എന്ന് മാത്രം. ഒരു തവണ ബാറ്ററി മാറ്റി നോക്കിയിട്ടും അത് ശരിയായിരുന്നില്ല.
"എടാ .. അഭിലാഷേ ... നിനക്ക് അതിനു ഇത് റിപ്പയർ ചെയ്യാൻ അറിയോ?" വീണ്ടും എൻറ്റെ ചോദ്യം.
"ശരിയാക്കി തന്നാ പോരെ? വേണമെങ്കിൽ മതി" കൂസലില്ലാതെ അഭിലാഷിൻറ്റെ മറുപടി. എന്നിട്ട് ക്ലോക്കിൻറ്റെ ഹൃദയമെന്ന് തോന്നിയ ഒരു ഭാഗം പുറത്തെടുത്തു കട്ടിലിൽ വെക്കുകയും ചെയ്തു.
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. മിണ്ടിയിട്ടും വലിയ കാര്യം ഉണ്ട് എന്ന് തോന്നിയില്ല. ക്ലോക്കിൻറ്റെ ചക്രങ്ങളടക്കം പലതും പുറത്തേക്ക് വന്നു കൊണ്ടിരിന്നു. ഞാൻ ഷർട്ടൂരി ചുമരിലെ കൊളുത്തിൽ തൂക്കി. ഒന്നു കുളിക്കണം. പക്ഷേ, ഒരു ലുങ്കിയെടുത്തുടുത്ത് ഞാൻ കട്ടിലിൽ ഒന്നും മിണ്ടാതെ ഇരുന്നു.
എൻറ്റെ ദയനീയ ഭാവം കണ്ടിട്ടായിരിക്കണം, അഭിലാഷ് വീണ്ടും:
"മിറാജേ........നീ ധൈര്യമായിട്ടിരി.....ഞാൻ റേഡിയോ റിപ്പയറിംഗ് പഠിച്ചതാ...."
ഓ....അത് കൊള്ളാം. എനിക്ക് പകുതി സമാധാനമായി. റേഡിയോ റിപ്പയറിംഗൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ പിന്നെയാണോ ചെറിയ ഒരു ക്ലോക്ക്?. ഞാൻ എഴുന്നേറ്റു മുറിക്കു കുറുകെ കെട്ടിയ അയയിൽ നിന്ന് ഒരു തോർത്തെടുത്ത് തോളിലിട്ടു. കട്ടിലിനടിയിൽ നിന്നും ബക്കറ്റും മഗ്ഗും എടുത്തു പുറത്തെ ഞങ്ങളുടെ “ഓപ്പണ്‍ എയർ” കുളിമുറിയിലേക്ക് പോയി.
കുളിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു അഭിമാനമൊക്കെ തോന്നി. കുറച്ചു വിവരമുള്ളവരുടെ കൂടെയാണല്ലോ ഞാൻ താമസിക്കുന്നത്. ഇങ്ങനെ ധൈര്യമായി ക്ലോക്ക് റിപ്പയർ ചെയ്യുന്ന എത്ര പേർ ഉണ്ടാവും കോളേജിൽ?
ഞാൻ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അഭിലാഷ് ഊരിയ ചക്രങ്ങൾ തിരിച്ച് വച്ച് ക്ലോക്ക് അടക്കാനുള്ള ശ്രമത്തിലാണ്. ആ സമയത്ത് ജിയോയും സഹജും കൂടി "എന്താഷ്ടാ കാര്യം?" എന്ന് ചോദിച്ചു കൊണ്ടു വന്നു. കാര്യങ്ങളുടെ ഒരു കിടപ്പുവശം കണ്ടപ്പോൾ ജിയോ ചോദിച്ചു:
"ടാ....ഒക്കെ കഴിഞ്ഞിട്ട് ചക്രൊന്നും ബാക്ക്യാവില്ലല്ലോ?"
"ഏയ്...", അഭിലാഷ്.
ജിയോ കുറച്ചു നേരം അഭിലാഷിൻറ്റെ തത്രപ്പാട് നോക്കി നിന്നു. പിന്നെ "ശരിന്നാ" എന്ന് പറഞ്ഞു കൈലിയും മടക്കിക്കുത്തി അവൻറ്റെ മുറിയിലേക്ക് പോയി. പിന്നാലെ സഹജും.
കുറച്ചു കൂടി കഴിഞ്ഞപ്പോൾ കാര്യങ്ങൾക്ക് ഒരു തീരുമാനമായി. അഭിലാഷിനു കഴിയാവുന്നത് പോലെ എല്ലാം ഫിറ്റ് ചെയ്തു കഴിഞ്ഞിട്ടും ക്ലോക്കിൻറ്റെ രണ്ടു ചക്രങ്ങൾ ബാക്കിയായി.
ജിബുസാർ സഹായിയുടെ വേഷം മതിയാക്കി കാഴ്ചക്കാരൻറ്റെ വേഷത്തിൽ ശ്രദ്ധ പതിപ്പിച്ചു.
അഭിലാഷ് എന്നിട്ടും തോൽവി സമ്മതിച്ചില്ല. ബാക്കിയായ ചക്രങ്ങൾ ആവശ്യമില്ലാത്തതായിരിക്കും എന്ന് പറഞ്ഞു കുറച്ചു നേരം കൂടി പിടിച്ചു നിന്നു.
ഒരുതരം "ഓപ്പറേഷൻ സക്സസ്ഫുൾ, പേഷ്യൻറ്റ് ഡൈഡ്" ലൈൻ!
പക്ഷെ ക്ലോക്ക് നടക്കുന്നില്ല എന്ന നഗ്നസത്യത്തിനു മുന്നിൽ അവസാനം അഭിലാഷിനു തോൽവി സമ്മതിക്കേണ്ടി വന്നു. ചുരുക്കിപ്പറഞ്ഞാൽ ചക്രങ്ങൾ നഷ്ടപ്പെട്ട് ചക്രശ്വാസം വലിച്ച ആ അലാം ക്ലോക്ക് അന്ന് സന്ധ്യക്ക് ആ മുറിയിൽ വച്ച് അകാല ചരമമടഞ്ഞു.
ഈ ദാരുണ സംഭവം ഇത് വരെ പുറംലോകം അറിഞ്ഞില്ല. ഞങ്ങളാരേയും അറിയിച്ചില്ല.
ഒരു ക്ലോക്ക് പോലും റിപ്പയർ ചെയ്യാനറിയാത്ത ഇലക്ട്രോണിക്സ് എഞ്ചിനീയർ അഭിലാഷ് പിന്നെ കോളേജ് ചെയർമാനായി. ഈ സംഭവങ്ങൾ എങ്ങാനും ഞങ്ങൾ പുറത്തു പറഞ്ഞിരുന്നെങ്കിൽ........എന്താകുമായിരുന്നു കാര്യങ്ങൾ?
അലാം ഇല്ലാത്തതു കൊണ്ട്, പിന്നീടുള്ള നാല് കൊല്ലത്തിൽ ഒരു കാര്യത്തിനു മാത്രം തടസ്സമൊന്നും ഉണ്ടായില്ല. എൻറ്റെ ഉറക്കത്തിന്. അതങ്ങനെ തകൃതിയായിത്തന്നെ നടന്നു. പരീക്ഷയുടെ അന്ന് രാവിലെ പോലും ഞാൻ കിടന്നുറങ്ങുന്നത്, എൻറ്റെ മടിയും ശ്രദ്ധക്കുറവും കാരണമാണെന്ന് മറ്റുള്ളവർ ധരിച്ചു വച്ചു. സത്യം ഞങ്ങൾ കുറച്ചു പേർക്കല്ലേ അറിയാവൂ? ചെയർമാൻറ്റെ അധികാരത്തിലും സ്വാധീനത്തിലും ആ തീരാ നഷ്ടത്തിനു ഒരു പരിഹാരം ഉണ്ടായതുമില്ല.
സംഭവം നടന്നു കഴിഞ്ഞിട്ട് ഇരുപതു വർഷത്തിലേറെ ആയെങ്കിലും, വളരെ ബുദ്ധിപരമായ ചില ചോദ്യങ്ങൾ ഇപ്പോഴും ബാക്കി:
- ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്കിൻറ്റെ മെക്കാനിക്കൽ ഭാഗം എന്തിനാണ് പ്രതി അഴിച്ചെടുത്തത്? അലാം അടിക്കുന്നില്ലെങ്കിൽ അതിൻറ്റെ ഇലക്ട്രോണിക് ഭാഗം അല്ലേ റിപ്പയർ ചെയ്യേണ്ടത്?
- റേഡിയോ റിപ്പയറിംഗ് പഠിച്ചാൽ ക്ലോക്ക് നന്നാക്കാൻ പറ്റുമോ?
- പ്രതി ശരിക്കും റേഡിയോ റിപ്പയറിംഗ് പഠിച്ചിട്ടുണ്ടോ?
3. പ്രിൻസിപ്പലിൻറ്റെ മുറിയിൽ പരാതിയുമായി ചെല്ലരുത്
കെജിബി എന്ന കെ ജി ബാലകൃഷ്ണൻ ആണ് അന്ന് പ്രിൻസിപ്പൽ. പുഴുവിൻറ്റെ മൃതശരീരമുള്ള, കാൻറ്റീനിലെ വെജിറ്റബിൾ കറിയുടെ പാത്രവുമായിട്ടാണു ഞങ്ങൾ കെജിബിയുടെ മുറിയിൽ കയറുന്നത്. അതായത് വ്യക്തമായ തെളിവുമായി. തൊണ്ടി സഹിതം!
കാൻറ്റീൻ ഭക്ഷണം നിലവാരം പോര എന്ന് കുറെ നാളായി പരാതി ഉള്ളതാണ്. നിലവാരത്തിൻറ്റെ അളവുകോൽ എന്താണെന്ന് ആർക്കും അറിയാത്തത് കൊണ്ടു ഒന്നും ചെയ്യാൻ വയ്യ. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ചക്ക് കറിയിൽ പുഴുവിനെ കിട്ടുന്നത്. അവസരം പാഴാക്കാൻ പറ്റുമോ? തമ്പി, രഘു എന്നിവരാണ് മുന്നിൽ. ശ്രീജയൻ, വിവേക് എന്നിവരും ഉണ്ട് എന്നാണ് ഓർമ. എന്ത് കൊണ്ടാണ് എനിക്ക് ഈ പരാതി പറയാൻ പോക്കിൽ പങ്കെടുത്തവരെ ശരിക്കും ഓർമ്മയില്ലാത്തത് എന്ന് നിങ്ങൾക്കു പിന്നെ മനസ്സിലാവും.
ഇതോടു കൂടി കാൻറ്റീൻ കരാർ റദ്ദാക്കി, കരാറുകാരനെ പുറത്താക്കും എന്ന ഉറച്ച ആത്മവിശ്വാസം എല്ലാവരിലും വഴിഞ്ഞൊഴുകുന്നുണ്ട്. വെളുപ്പിനേ അഞ്ഞൂറാൻറ്റെ വീട്ടിലേക്കു പോകുന്നത് പോലെ ഞാനും കൂട്ടത്തിൽ പോയി എന്നേയുള്ളു. കെജിബിയുടെ മുറിയിൽ കയറുകയും ചെയ്തു. അത്ര തന്നെ. ഒന്നും മിണ്ടിയത് പോലുമില്ല.
മിണ്ടാൻ എവിടെ അവസരം? തമ്പി കാര്യം പറഞ്ഞു. പുഴുവിനെ കാണിച്ചു കൊടുത്തു. കെജിബി കണ്ണട ഊരി മേശപ്പുറത്തു വച്ച് ഒന്ന് ചാരിയിരുന്നു. പിന്നെ അങ്ങോട്ട് ഒരു കലക്കായിരുന്നു. എൻറ്റെ സാറേ... ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റിയില്ല.
സാമ്പാറിൽ എങ്ങനെയാണ് പുഴു ഉണ്ടാവുന്നത്?
അത് ഒഴിവാക്കാൻ എന്ത് കൊണ്ടാണ് പറ്റാത്തത്?
അരിയിൽ എങ്ങനെയാണ് കല്ലുണ്ടാവുന്നത്?
എന്ത് കൊണ്ടാണ് പിന്നീട് ആ കല്ല് വേർതിരിക്കാൻ പറ്റാത്തത്?
കാൻറ്റീൻ നടത്തിപ്പിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾആണുള്ളത്?
കുറഞ്ഞ ചിലവിൽ ഇത് നടത്താൻ ആളെ കിട്ടാത്തത് എന്ത് കൊണ്ട്?
വീണ്ടും കാൻറ്റീൻ ടെണ്ടർ വിളിച്ചാലുള്ള നൂലാമാലകൾ എന്തൊക്കെ?
ഇത്രയും കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു കൊണ്ടൊരു ലക്ചർ!
ചുരുക്കിപ്പറഞ്ഞാൽ, പഠിപ്പും പരീക്ഷയുമായി ബന്ധപ്പെട്ടു പല പ്രശ്നങ്ങളും പരിഹരിക്കാൻ ഉള്ളപ്പോൾ കാൻറ്റീൻ എന്ന് പറഞ്ഞു സമയം കളയാൻ താൽപര്യമില്ല എന്ന് കെജിബി തീർത്തു പറഞ്ഞു.
ഇത്രയൊക്കയേ ഉള്ളു എങ്കിൽ പോട്ടെ എന്ന് വെക്കാമായിരുന്നു. പിന്നെ കെജിബിയുടെ പ്രസംഗം പുഴുവിനെക്കുറിച്ചായിരുന്നു.
കറിയിൽ പുഴു ഉണ്ടായാൽ തന്നെ എന്താണ് കുഴപ്പം?
സംഗതി വിഷമൊന്നും അല്ലല്ലോ? ആരോഗ്യത്തിനു എന്തെങ്കിലും രീതിയിൽ കുഴപ്പുണ്ടാക്കുന്നതും അല്ല.
പല രാജ്യങ്ങളിലും പുഴുവിനെ ആളുകൾ തിന്നുകയും ചെയ്യും. ജപ്പാനിൽ പുഴുക്കളെ കുറേ ദിവസം പാലിൽ ഇട്ട്, അതിനെ തടിച്ചു കൊഴുപ്പിച്ചു വലുതാക്കി, പിന്നെ അതിനെ എടുത്തു മുറിച്ചു പൊരിച്ചും കറി വച്ചും തിന്നുമത്രേ. നല്ല പോഷകങ്ങൾ കിട്ടാൻ അത് നല്ലതാണ് എന്ന് അവർക്ക് അറിയാമത്രേ.
കറിയിൽ പുഴു ഉണ്ടായാൽ തന്നെ എന്താണ് കുഴപ്പം?
സംഗതി വിഷമൊന്നും അല്ലല്ലോ? ആരോഗ്യത്തിനു എന്തെങ്കിലും രീതിയിൽ കുഴപ്പുണ്ടാക്കുന്നതും അല്ല.
പല രാജ്യങ്ങളിലും പുഴുവിനെ ആളുകൾ തിന്നുകയും ചെയ്യും. ജപ്പാനിൽ പുഴുക്കളെ കുറേ ദിവസം പാലിൽ ഇട്ട്, അതിനെ തടിച്ചു കൊഴുപ്പിച്ചു വലുതാക്കി, പിന്നെ അതിനെ എടുത്തു മുറിച്ചു പൊരിച്ചും കറി വച്ചും തിന്നുമത്രേ. നല്ല പോഷകങ്ങൾ കിട്ടാൻ അത് നല്ലതാണ് എന്ന് അവർക്ക് അറിയാമത്രേ.
ജീവിതത്തിൻറ്റെ വിലപ്പെട്ട അരമണിക്കൂർ അങ്ങനെ പോയിക്കിട്ടി. എന്നിട്ടും ഒന്ന് പുറത്തിറങ്ങാൻ എന്ത് ചെയ്യും എന്ന് ആർക്കും അറിയില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട് ("മുഖത്തായില്ലല്ലോ? ... അല്ലേ?" എന്ന് ചോദിച്ച ജഗദീഷിൻറ്റെ ഭാവം). തമ്പി മാത്രം കെജിബിക്ക് താലപ്പൊലി പിടിച്ച മാതിരി പോഷകസമ്പുഷ്ടമായ (എന്ന് അപ്പോൾ മാത്രം മനസ്സിലാക്കിയ) കറിപാത്രവും പിടിച്ചു മുന്നിൽ നിൽക്കുന്നു.
അവിടെ നിന്ന് എപ്പോഴാ രക്ഷപ്പെട്ടത് എന്ന് ഓർമയില്ല (നടന്നാണോപുറത്തേക്കു വന്നത്? അതോ വല്ലവരും എടുത്തു പൊക്കി പുറത്തേക്കു കൊണ്ടു വരികയായിരുന്നോ?). അന്ന് ആ മുറിയിൽ നിന്ന് നേടിയ വിജ്ഞാന ശകലങ്ങൾ ഞങ്ങൾ ആരുമായും പങ്കു വെച്ചില്ല എന്നതിൽ ഒരു കുറ്റബോധം ഇപ്പോൾ തോന്നുന്നു. മനപ്പൂർവ്വം അല്ല കേട്ടോ. അതൊന്നും പങ്കു വെക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ. അത് കൊണ്ടാണ്. അത് കൊണ്ടു മാത്രമാണ്.
അന്ന് ഒരു കാര്യം തീരുമാനിച്ചു. ഇനി പുഴു എന്നല്ല, കാൻറ്റീനിലെ കറിയിൽ പാമ്പിനെ തന്നെ കിട്ടിയാലും, അത് പറയാൻ പ്രിൻസിപ്പലിൻറ്റെ മുറിയിലേക്ക് പോകില്ല. ചൈനാക്കാർ പാമ്പിനെ തിന്നുന്നില്ലേ?
ഏതായാലും പിന്നെ ഞാനാ വഴി പോയിട്ടില്ല. കാൻറ്റീനിലേക്കല്ല പറഞ്ഞത് കെജിബിയുടെ മുറിയിലേക്ക്!.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ