2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച

ജിയോക്കുള്ള കത്ത്

എടാ ജിയോ,
    നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു. അല്ല, അമേരിക്കയിൽ കുടുംബസമേതം സസുഖം വാഴുന്നു എന്ന് തന്നെ കരുതട്ടെ. ഇവിടെ എനിക്കും ഭാര്യക്കും കുഞ്ഞുകുട്ടി പരാധീനങ്ങൾക്കും പരമ സുഖം. നിനക്ക് ഞാൻ ഒരു കത്ത് എഴുതുന്നത് ആദ്യമായിട്ടായിരിക്കും. നാല് കൊല്ലം ഒന്നിച്ചു താമസിച്ചവരും കൂട്ടുകാരും ഒക്കെ ആണെങ്കിലും ഒരു കത്തൊക്കെ എഴുതും എന്ന് പ്രതീക്ഷിക്കാവുന്ന ബന്ധം ആയിരുന്നു നമ്മൾ തമ്മിൽ എന്ന് പറയാനാവില്ല. നമുക്ക് രണ്ടു പേർക്കും നമ്മുടേതായ "ഫ്രൻസ് സർക്കിൾ" വേറെ തന്നെ ഉണ്ടായിരുന്നല്ലോ. ചിലപ്പോൾ ഈ കത്ത് കാണുമ്പോൾ "ഇവനൊന്നും വേറെ പണിയില്ലേ" എന്ന് തോന്നാനും മതി. ഇപ്പോൾ ഈ കത്തെഴുതാൻ ചെറിയ ഒരു കാരണം ഉണ്ട്. അത് വഴിയേ പറയാം.


എന്താണു നാട്ടിലെ വിശേഷങ്ങൾ? അച്ഛൻ, അമ്മ, ചേച്ചി, അനിയത്തി? കുറെ കാലമായി അവരെയൊക്കെ കണ്ടിട്ടു. വെറുതെ വിശേഷം ചോദിക്കുന്നതിൽ വലിയ അർത്ഥമില്ല എന്നറിയാം. ഒളരി വഴിയൊക്കെ ഇടക്ക് പോകാറുണ്ട്. എൻറ്റെ ഉമ്മാടെ വീട് അന്തിക്കാട് ആണു നിനക്ക് അറിയാമോ? അന്തിക്കാട്ടേക്കു തൃശൂർ നിന്ന് ഒളരി വഴി ആണല്ലോ പോകേണ്ടത്. സമയം എപ്പോഴും ഒരു പ്രശ്നം ആയതു കൊണ്ടു ഒരിക്കൽ പോലും നിൻറ്റെ വീട്ടിൽ കയറാൻ കഴിഞ്ഞില്ല. പിന്നെ നീ അവിടെ ഉണ്ടാവുകയുമില്ലല്ലോ!


അവർക്കൊക്കെ എന്നെ ഓർമ്മ ഉണ്ടാവുമോ? പഠിക്കുന്ന സമയത്ത് നിൻറ്റെ വീട്ടിൽ എത്ര തവണ ഞാൻ വന്നിട്ടുണ്ടാവും? നിൻറ്റെ വീടിനെകുറിച്ചുള്ള ഓർമകളിൽ, ഒരു ദിവസം അവിടെ വന്നു രാത്രി താമസിച്ചതും, രാവിലെ പ്രാതലിനു കഞ്ഞിയും പയറും കിട്ടിയതും ഒക്കെ ഉണ്ട്. നിൻറ്റെ വീട്ടിൽ അപ്പനും അമ്മയും ഉദ്യോഗസ്ഥരായതു കൊണ്ടും എല്ലാവർക്കും നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടതുള്ളതു കൊണ്ടും, പ്രാതലിനും ഉച്ച ഭക്ഷണത്തിനും കൂടി ഒറ്റത്തവണ മാത്രം പാചകം. എനിക്കെന്തായാലും ആദ്യാനുഭവമായിരുന്നു. അത്ഭുതവും ബഹുമാനവും ഒക്കെ തോന്നിയിരുന്നു. പിന്നെ ചേച്ചിയുടെ കല്യാണത്തിനു എല്ലാരും കൂടെ വണ്ടിയൊക്കെ എടുത്തു വന്നതും ഓർമ്മയുണ്ട്.


നിൻറ്റെ അച്ഛൻ ആദ്യത്തെ കൊല്ലം കോളേജിൽ വന്നതും രസകരമായ ഒരു ഓർമയാണ്. നീ എല്ലാവരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ നിൻറ്റെ ക്ലാസ്സിലെ പെണ്‍കുട്ടികളെയും പരിചയപ്പെടുത്തി. കാൻറ്റീനിൽ എല്ലാവരും കൂടി ഇരിക്കുകയാണു. ഹേമ, ഗ്രേമ, വീണ എന്നിവരൊക്കെ ഉണ്ട്. വേറെ ആരൊക്കെ എന്ന് ഓർമയില്ല. പെണ്‍കുട്ടികളുമായുള്ള നിൻറ്റെ ചങ്ങാത്തം അച്ഛനു ഇഷ്ടപെട്ടിട്ടുണ്ടാവില്ല എന്ന് തോന്നുന്നു. അവിടെ വച്ച് തന്നെ കയ്യോടെ തോമസ്‌ മാഷിൻറ്റെ ഒരു ഉപദേശം കിട്ടി. നിനക്കല്ല! അവിടെയുള്ള എല്ലാ പെണ്‍കുട്ടികൾക്കും കൂടിയുള്ള ഉപദേശമായിരുന്നു:


"കളി ചിരി ഒക്കെ നല്ലത് തന്നെ. ഒരു കാര്യം മറക്കണ്ട. മുള്ള് വന്നു ഇലയിൽ വീണാലും ഇല വന്നു മുള്ളിൽ വീണാലും കേടു ഇലക്കു തന്നെ!"


എല്ലാ ഇലകളും തല താഴ്ത്തി ഇരുന്നു. കാൻറ്റീനിൽ കനത്ത മൌനം. നിന്നെക്കുറിച്ച് അച്ഛനു നല്ല മതിപ്പ് ആണെന്നു അതോടെ എല്ലാവർക്കും മനസ്സിലായി.


നമ്മൾ ആദ്യത്തെ ഒരു കൊല്ലം താമസിച്ച, വയലിനടുത്തുള്ള വലിയ പറമ്പുള്ള വീട് ഓർമ്മയുണ്ടോ?. ആ പറമ്പിലെ മാവിൽ നീ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തുന്നത് എനിക്കിപ്പോഴും കണ്മുന്നിലെന്ന പോലെ ഓർമയുണ്ട്. നിൻറ്റെ ഉന്നം അപാരം എന്നെ പറയാവൂ! മാങ്ങ എറിഞ്ഞു വീഴ്ത്താൻ മാത്രമല്ല അത് പോലെയുള്ള വേറെ എന്ത് സാഹസിക പരിപാടികൾക്കും നീ ആയിരുന്നു മുന്നിൽ. നിൻറ്റെ താൽപ്പര്യത്തിലും ധൈര്യത്തിലും ആണ് വയൽ മുറിച്ചു കടന്നു നമ്മളെല്ലാവരും ആദ്യമായി പുഴയിൽ കുളിക്കാൻ പോയത്. പിന്നെ പുഴയിൽ കുളിക്കൽ നമ്മുടെ ചെങ്ങന്നൂർ ജീവിതത്തിൻറ്റെ ഭാഗമായി. അത് ഏറ്റവും ഉപയോഗപ്പെടുത്തിയത് ഞാനും അരുണ്‍ പോത്തനുമാവും.


എന്നെ സംബന്ധിച്ചിടത്തോളം നീന്തൽ പഠിക്കുക എന്നതും പുഴയിൽ നീന്തുക എന്ന് പറയുന്നതും ഒരു സ്വപ്നം പൂവണിഞ്ഞ പോലെയാണ്. വെറുതെ പറയുകയല്ല. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ തറവാട്ടു വീടിൻറ്റെ അടുത്ത് കുളമൊക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ പോകാൻ അനുവാദം ഇല്ലായിരുന്നു. സ്കൂൾ അവധിക്കാലത്ത് എല്ലാ കസിൻസും തറവാട്ടിൽ വരുന്ന സമയത്ത് മാത്രം ചില ദിവസങ്ങളിൽ ആരും കാണാതെ കുളത്തിൽ പോകും. പക്ഷെ പല വട്ടം ശ്രമിച്ചിട്ടും നീന്തൽ പഠിക്കാൻ കഴിഞ്ഞില്ല. ഒരിക്കൽ വാഴപ്പിണ്ടിയൊക്കെ വെട്ടി കൊണ്ടു പോയി നീന്തൽ പഠിക്കാൻ ശ്രമിച്ചിട്ടും ഉണ്ട്. പിന്നെ വലുതായപ്പോൾ പലരും പറഞ്ഞു ഇനി നീന്തൽ പഠിക്കാൻ കഴിയില്ല എന്ന്. എന്നിട്ടും ഞാൻ പതിനെട്ട് വയസ്സിൽ നീന്തൽ പഠിച്ചെങ്കിൽ  നിൻറ്റെ ഒരാളുടെ സഹായത്താലും പ്രോത്സാഹനത്താലും മാത്രം  ആണു.


നീയുമായുള്ള ഓർമ്മകളിൽ ഏറ്റവും രസകരമായത് ഏതാണെന്ന് അറിയാമോ? നമ്മൾ രണ്ടു പേരും കൂടി നിൻറ്റെ ക്ലാസ്സിൽ ഒരു പാട്ട് പാടിയത്. ആദ്യ വർഷം തന്നെയാണു, ഏതു സെമസ്റ്റർ എന്ന് ഓർമയില്ല. അന്നത്തെ നിൻറ്റെ സി ബാച്ചിലെ ഒരു പെണ്‍കുട്ടി നമ്മുടെ ജിബു സാറിനു ഒരു ചുവന്ന റോസാപൂ കൊടുത്തു. എന്തോ പന്തയം വെച്ചിട്ടോ മറ്റോ ആണെന്ന് തോന്നുന്നു അത് ചെയ്തത്. ഈ സംഭവം നീ എന്നോടു വൈകീട്ട് വീട്ടിൽ എത്തിയപ്പോഴാണ് പറയുന്നത്. എനിക്ക് സത്യത്തിൽ ഭയങ്കര ദേഷ്യം ആണ് വന്നത്. ഒന്നാമത് ജിബു എൻറ്റെ റൂം മെയ്റ്റ് ആണു. തണ്ടും തടിയും ഒന്നുമില്ലാത്ത പാവമാണ്. ഈ പൂ കൊടുക്കൽ അവനെ കളിയാക്കിയതാണ് എന്ന് എനിക്ക് തോന്നി. അല്ല! പുരുഷവർഗ്ഗത്തെ തന്നെ കളിയാക്കി എന്ന് തോന്നി എന്നും പറയാം. ജിബുവാണെങ്കിൽ ഒന്നും മിണ്ടാതെ ഇങ്ങു പോന്നു. വേറെ വല്ലവരും ആണെങ്കിൽ ആ കുട്ടി വിവരം അറിഞ്ഞേനെ.


ധാർമിക രോഷം അങ്ങനെ തിളച്ചു മറിയുകയാണ്.  ഈ അഹങ്കാരത്തിന് പകരം വീട്ടണം എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. ശരി എന്ന് നീയും. എന്തെങ്കിലും ആയിക്കോ എന്നെ വിട്ടേക്കൂ എന്ന് ജിബു സാറും. നമ്മൾ പലതും ആലോചിച്ചു, കടുത്ത പ്രയോഗങ്ങൾ ഒന്നും വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു. ഇനി ഇത്തരം പരിപാടി ആ കുട്ടി ചെയ്യാതിരിക്കാൻ, ഓർമയിൽ നിൽക്കുന്ന, എന്തെങ്കിലും ചെയ്‌താൽ മതി. അവസാനം, ആ കുട്ടിയെ കളിയാക്കി ഒരു പാട്ട് ഉണ്ടാക്കി ഇറക്കാം എന്ന് തീരുമാനമായി. അങ്ങനെ കുറെ ആലോചിച്ചപ്പോ ഒരു പാട്ട് കിട്ടി. എൻറ്റെ നാട്ടിൽ, പട്ടാമ്പി ഭാഗത്തൊക്കെ പ്രചാരമുള്ള ഒരു നാടൻ പാട്ടുണ്ട്.   അതിൻറ്റെ വരികൾ നിനക്ക് ഓർമയുണ്ടാവില്ല. കുറച്ചു വരികൾ ഇവിടെ എഴുതാം:


* * * * * * * * * * * * * * * * * * * ** * * * * * * * * ** * * * * * * * * *
“മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


അയലത്തെ മൂസാക്ക സൈക്കിളെടുത്തീട്ടു വട്ടത്തിൽ ചവിട്ട്യേപ്പൊ നീളത്തിൽ പൊയോവർ
മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


അയലത്തെ പാത്തുമ്മ മുറ്റത്തെറങ്ങീട്ട് മേപ്പട്ടു നോക്ക്യപ്പൊ ആകാശം കണ്ടോവർ
മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


ഓമല്ലൂര് കാക്ക അഞ്ചെട്ടു കോമാങ്ങ മേപ്പട്ടു നോക്കീട്ടു അണ്ട്യോടെ വിഴുങ്ങ്യോവർ
മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


കൊണ്ടോട്ടി മൂസാക്ക ഒരു കെട്ടു പപ്പടം ഒറ്റച്ചവിട്ടിനു എല്ലാം പൊടിച്ചോവർ
മല്ലി പെരുഞ്ചീരം മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ”
* * * * * * * * * * * * * * * * * * * ** * * * * * * * * ** * * * * * * * * *


ഇത്രയൊക്കെയെ ഓർമ്മ ഉള്ളു. ഈ പാട്ടിൻറ്റെ ചുവടു പിടിച്ചു, രാത്രി വൈകി കുത്തിയിരുന്നു, ഞാൻ ഒരു എട്ടു വരി പാട്ടെഴുതി. ആദ്യ വരി മാത്രമേ ശരിക്ക് ഓർമ കിട്ടുന്നുള്ളൂ:


"കോവളത്തുള്ളോരു കോങ്കണ്ണി പെണ്ണിനെ കോലു പോലുള്ളൊരു കോങ്കണ്ണൻ കെട്ടീലൊ"
പിന്നെ പുട്ടിനു തേങ്ങ ചേർക്കുന്നത് പോലെ "മല്ലി പെരുംജീര"വും ഉണ്ട്.


ബാക്കി വരികൾ റോസാപ്പൂ സംഭവത്തിൻറ്റെ വിവരണവും പ്രതികരണവും ഒക്കെ ആണു. ബാക്കി വരികളൊന്നും മുഴുവനായി ഇപ്പോൾ ഓർമയില്ല. അടുത്ത ദിവസം നിൻറ്റെ ക്ലാസ്സിൽ ബ്രെയ്ക്ക് സമയത്ത് ഒന്നിച്ചു പാടാം എന്ന് തീരുമാനിച്ചു കിടന്നുറങ്ങി.


പിറ്റേ ദിവസം പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ നടപ്പിലാക്കി. ആ കുട്ടി ക്ലാസ്സിൽ ഉള്ള സമയം നോക്കി നീ വന്നു എന്നെ വിളിച്ചു. നമ്മൾ രണ്ടു പേരും നിൻറ്റെ ക്ലാസ്സിൻറ്റെ മുന്നിൽ, മേശയിൽ ചാരി നിന്ന്, പോക്കറ്റിൽ നിന്ന് പാട്ടെഴുതിയ കടലാസ് തുണ്ട് എടുത്തു, പാട്ട് മുഴുവനും പാടി. ഇതൊക്കെ ചെയ്യാനുള്ള തൊലിക്കട്ടി അന്നേ ഉണ്ടായിട്ടല്ല!... ഞാൻ പറഞ്ഞല്ലോ ധാർമിക രോഷം!....


പാട്ട് കഴിഞ്ഞപ്പോൾ നിൻറ്റെ ക്ലാസ്സിലുള്ളവർ അന്തം വിട്ടു ഇരുന്നതല്ലാതെ പ്രത്യേകിച്ച് പ്രതികരണം ഒന്നും കണ്ടില്ല. ആരെക്കുറിച്ചാണ് പാട്ട് എന്നോ, എന്താണു സംഭവം എന്നോ അധികം ആർക്കും അറിയില്ലല്ലോ? മൊത്തം ചീറ്റിപ്പോയോ എന്ന് സംശയം. ആ കുട്ടിയാണെങ്കിലൊ വളരെ ഹാപ്പി ആയി നമ്മളോടു വന്നു പാട്ട് നന്നായിട്ടുണ്ട് എന്നും പറഞ്ഞു. മാത്രമല്ല ആ പാട്ട് എഴുതിയത് തരുമോ എന്നും ചോദിച്ചു.  നമ്മളെ ഒന്ന് ആക്കിയതാണോ? ഏതായാലും കടലാസ് തുണ്ട് ആ കുട്ടിക്ക് കൊടുത്തു ഞാൻ സ്ഥലം കാലിയാക്കി.


അന്ന് വൈകീട്ട്, ഒരു പക്ഷെ നീ അറിയാത്ത ഒരു സംഭവം കൂടി നടന്നു. ക്ലാസ്സുകൾ വിട്ട സമയം. ഗ്രാഫിക്സ് ഹാളിൽ വച്ച് കോവളം കുട്ടിയുടെ കൂട്ടുകാരി കുട്ടിയെ  യാദൃശ്ചികമായി  കണ്ടു. പലതും പറഞ്ഞു വിഷയം സ്വാഭാവികമായി അന്നത്തെ പാട്ട് സംഭവത്തിലെത്തി.  ആ കുട്ടിയുടെ അഭിപ്രായം ആ പാട്ട് പാടിയത് തല്ലിപ്പൊളി പരിപാടി ആയി എന്നാണ്. മോങ്ങാനിരുന്നവൻറ്റെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെ, എനിക്ക് കലി കയറി. പിന്നെ അവിടെ നടന്ന സംഭാഷണം:


അതിനു താൻ പാട്ട് കേട്ടൊ?  ....
കേട്ടില്ല. കേട്ടവർ പറഞ്ഞു. അപ്പൊ മനസ്സിലായി തറ പാട്ടായിരുന്നു എന്ന്...


അത് സാരമില്ല. തറപ്പരിപാടി ചെയ്തതിനു പകരം ഒരു തറപ്പാട്ട് എന്ന് കരുതിയാൽ മതി...
ഒരു പൂ കൊടുത്തതാണോ ഇത്ര വലിയ മോശം കാര്യം? ....


ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിക്ക് ചുവന്ന റോസാപ്പൂ കൊടുക്കുന്നത് എന്തിനാണ്?  ....
അതിനിപ്പെന്താ കുഴപ്പം? ....


അല്ലെങ്കിലും പുറത്തു പഠിച്ചു വന്ന നിങ്ങൾക്കൊന്നും അതിലൊന്നും ഒരു കുഴപ്പവും ഉണ്ടാകില്ല. അതാണല്ലോ അവിടത്തെ കൾച്ചർ? നിങ്ങളെ പോലെയുള്ളവരാണു, ആ കൾചർ ഇങ്ങോട്ട് കൊണ്ടു വന്നു,  നാട്ടിലുള്ള നല്ല പിള്ളേരെ കൂടി കേടാക്കുന്നത്! .....


ആ കുട്ടി പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചു നേരം പുറത്തേക്കു നോക്കി നിന്നു. പിന്നെ പോകുകയാണെന്ന് പറഞ്ഞു ഹാൾ വിട്ടിറങ്ങി. ഞാൻ പിന്നെയും അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു, അരിശം തീർന്നപ്പോൾ, അത്രേം പറയേണ്ടിയിരുന്നില്ല എന്നെനിക്ക്‌ തോന്നി.


പിറ്റേ ദിവസം കോളേജിൽ നിന്ന് വന്നിട്ട് നീ  പറഞ്ഞു
“ആ കോവളം കുട്ടിയും കൂട്ടുകാരും മുഴുവനും ദേഷ്യത്തിലാണ് ഉള്ളത്. നമ്മുടെ പാട്ടിൻറ്റെ ഇഫക്ട് ആണ് എന്ന്. ഏതായാലും വിചാരിച്ച പോലെ അല്ല. സംഗതി ഏറ്റിട്ടുണ്ട്”


അതിൻറ്റെ അടുത്ത ദിവസം നീ പറഞ്ഞു ഇപ്പൊഴും അതു തന്നെ അവസ്ഥ ആരും മിണ്ടുന്നില്ല എന്ന്.


കുറച്ചു ദിവസം അങ്ങനെ പോയി... പിന്നൊരു ദിവസം നീ പറഞ്ഞു "ഞാൻ  പാട്ടുണ്ടാക്കിയതിനു അവരോടു സോറി ഒക്കെ പറഞ്ഞു എന്നിട്ടും ഒരു രക്ഷയുമില്ല. വേറെ എന്തോ പ്രശ്നം ഉണ്ട്.... ആ എന്തെങ്കിലും ആവട്ടെ ...."


പാട്ടല്ല പ്രശ്നം, ഗ്രാഫിക്സ് ഹാൾ ആയിരിക്കും എന്ന് നിന്നോടു പറയണം എന്നുണ്ട്. പറയാൻ ധൈര്യം ഇല്ല. ഞാൻ കാരണം  ക്ലാസ്സിലെ കുട്ടികളുമായി തന്നെ നീ വെറുതെ തെറ്റിയല്ലോ എന്ന ചിന്ത വേറെ. ഏതായാലും ഈ പ്രശ്നം ആരും അറിയാതെ പരിഹരിക്കാം എന്ന് ഞാൻ തീരുമാനിച്ചു.


പിറ്റേന്ന് ആ കൂട്ടുകാരി കുട്ടി ലാബിൽ നിന്ന് ഇറങ്ങി വരാന്തയിലൂടെ നടന്നു വരുമ്പോൾ ഞാൻ പിടികൂടി. ഒരു ക്ഷമാപണം ഒന്നും നടത്തിയില്ല. “അപ്പോഴത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാണ്, കാര്യമാക്കണ്ട. ഞാൻ കാരണം നിങ്ങൾ ക്ലാസ്മെയ്റ്റ്സ് തെറ്റി നടക്കണ്ട” എന്നൊക്കെ പറഞ്ഞു എന്നാണ് ഓർമ. ആ കുട്ടി ചിരിച്ചു. പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞു.


അതിനടുത്ത ദിവസം നീ എന്നോടു വന്നു പറഞ്ഞു:


"എടാ ഞാൻ ഇത്ര ദിവസം സോറി ഒക്കെ പറഞ്ഞിട്ടും, പലതും ശ്രമിച്ചിട്ടും നടക്കാത്തത്, നീ പോയി ഒറ്റ തവണ  സംസാരിച്ചു എങ്ങനെ ശരിയാക്കി?".


ഞാൻ ചിരിക്കുക മാത്രം ചെയ്തു.


കോളേജ് ഓർമ്മകൾ അത്ര മതി. മറ്റു വിശേഷങ്ങൾ പറയാം. നിൻറ്റെ "അക്കരെക്കാഴ്ചകൾ" അനുഭവങ്ങളും വിശേഷങ്ങളും അറിഞ്ഞാൽ കൊള്ളാം. എങ്ങിനെയാണ് നീ അതിൽ എത്തിപ്പെടുന്നത്? എന്തായാലും "അക്കരെക്കാഴ്ചകൾ " അടിപൊളി സീരിയൽ തന്നെ. ആ സമയത്ത് ടി വി യിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും, പിന്നീട് യുട്യൂബിൽ എല്ലാ എപ്പിസോഡും ഞാൻ പലപ്പോഴായി കണ്ടിട്ടുണ്ടാവും. എല്ലാം ഒന്നിനൊന്നു  മെച്ചം ആണെങ്കിലും, അതിലെ സംഭാഷണങ്ങൾ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. നീ അഭിനയിച്ച മൾട്ടി ലെവൽ മാർക്കറ്റിംഗ് കഥയുള്ള എപ്പിസോഡും ഇഷ്ടമായി. അത് ഓഫീസിൽ ഇരുന്നു കണ്ടു ഞാൻ ചിരിച്ചു കാർപ്പറ്റ് കപ്പിയിട്ടുണ്ടു!


പിന്നെ നിൻറ്റെ അഭിനയം ഒന്ന് കൂടി മെച്ചപ്പെടാനുണ്ടു എന്നാണ് എൻറ്റെ അഭിപ്രായം. അത് വലിയ പ്രശ്നവും അല്ല. പ്രായമൊക്കെ കൂടുമ്പോൾ അതൊക്കെ മെച്ചപ്പെടും. നിനക്ക് ഒരു അൻപത്തിഅഞ്ച് വയസ്സൊക്കെ ആവുമ്പോൾ നോക്കിക്കോ, നീ കിടിലൻ അഭിനയം ആയിരിക്കും.


പിന്നെ നീ അമേരിക്കയിൽ തന്നെ സ്ഥിരതാമസമാക്കാൻ ആണൊ ഉദ്ദേശ്യം? നീ അവിടത്തെ റഗ്ബിക്കും ബെയ്സ്ബോൾ മാച്ചിനും മറ്റും പോകുന്ന ഫോട്ടോസ് ഒക്കെ കണ്ടു. അമേരിക്കക്കാരൻ സോക്കർ എന്ന് വിളിക്കുന്ന, നീ പണ്ടു കളിച്ചിരുന്ന, ഫുട്ബാൾ ഒന്നും മറക്കണ്ട. ഇടക്കൊക്കെ അതും ടി വി യിൽ കണ്ടേക്കണം. നീ അമേരിക്കയിൽ നിന്നൊക്കെ വന്നു നാട്ടിൽ ഒളരിയിൽ എത്തുമ്പോൾ ഒരു അടിപൊളി എസ് യു വിയിൽ ഒക്കെ കറങ്ങി നടന്നാലും നാട്ടുകാർ ഒന്നും പറയില്ല. പക്ഷെ ഇവിടെ വന്നു റഗ്ബി, ബെയ്സ്ബോൾ എന്നൊക്കെ പറഞ്ഞാൽ തൃശൂർക്കാര് ഘെടികൾ നല്ല ചീത്ത വിളിക്കും.


ഇനി ഞാൻ ഈ കത്തെഴുതിയ കാര്യം എന്ത് എന്ന് പറയാം. കുറച്ചു നാൾ മുൻപ് നിന്നെ "ഹീറോ" ആക്കി ഒരു കഥ എഴുതാൻ പോകുന്നു എന്ന് ഞാൻ ഫെയ്സ്ബുക്കിൽ ഒരു കമൻറ്റ് ഇട്ടിരുന്നു. അതിനു നീ എന്തെങ്കിലും മറുപടി പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. എന്തേ നീ ഒന്നും മിണ്ടാത്തത്? മറുപടി കമൻറ്റ് ഇട്ടാൽ ഞാൻ ഇനിയും സാഹിത്യത്തിൽ വല്ലതും പറയും എന്ന് കരുതിയാണോ? എങ്കിൽ അങ്ങനെ ഞാൻ ചെയ്യുന്നില്ല. നീ ഒരു മറുപടി കമൻറ്റ് ഇടണം. നിൻറ്റെ മറുപടി കിട്ടാതെ എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ വേദനയിൽ നീറി നീറി കഴിയുകയാണ്.


മാത്രമല്ല നീ എൻറ്റെ പഴയ റൂംമെയ്റ്റും കൂട്ടുകാരനും ഒക്കെ ആയിട്ട് ഒരു കമൻറ്റ് ഇട്ടില്ല എന്നൊക്കെ ശ്രദ്ധിച്ചാൽ ഷിജിയോ നജ് ലയോ മറ്റോ അത് വിവാദമാക്കാൻ ചാൻസ് ഉണ്ട്. ഷിജിയാണെങ്കിൽ, പണ്ടു കോളേജിൽ പാവമായി അഭിനയിച്ചു നടന്നു ആക്ടീവ് ആകാൻ പറ്റാത്തതിൻറ്റെ സങ്കടം തീർക്കാൻ,  ഇപ്പൊ  ഫേസ്ബുക്ക് ഗ്രൂപ്പ് ആക്ടീവ് ആക്കാൻ നേർച്ച നേർന്നു, അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ റെഡി ആയി ഇരിക്കുകയാണ്.
പറഞ്ഞു വന്നത്, നീ ഒരു മറുപടി കമൻറ്റ് ഇടണം. ഇനി നിനക്ക് നിൻറ്റെ തിരക്കിട്ട ജീവിതത്തിൻറ്റെ ഇടയിൽ, അതൊന്നും ആലോചിക്കാൻ സമയം ഇല്ല എന്നാണെങ്കിൽ, നീ പറയാൻ സാധ്യത ഉള്ള നാല് മറുപടികൾ താഴെ കൊടുക്കുന്നു. ഏതെങ്കിലും ഒന്ന് കോപ്പി പേസ്റ്റ് ചെയ്ത് കമൻറ്റാൻ കനിവുണ്ടാകണം.


1. സന്തോഷം! കഥക്കായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.


2. കഥ എഴുതിക്കോ, പാര പണിയരുതു.


3. നിൻറ്റെ സ്വന്തം കഥ കഴിഞ്ഞിട്ട് പോരെ ബാക്കിയുള്ളവരുടെ മെക്കട്ട് കയറാൻ?


4. നീ എന്തെങ്കിലും ചെയ്യടാ കോപ്പേ!


ഈ കത്തിനു മറുപടി പ്രതീക്ഷിക്കുന്നില്ല. ഫേസ്ബുക്കിലെ ഒരു കമൻറ്റ് മാത്രം പ്രതീക്ഷിച്ചു കൊണ്ടു ഞാൻ നിർത്തട്ടെ.


                                                                         സ്നേഹപൂർവ്വം

                                                                         മിറാഷ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ